ന്യൂദല്‍ഹി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരായ പരാമര്‍ശം പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ദല്‍ഹി കോടതി ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാളിനെതിരെ കുറ്റം ചുമത്തി. നേരത്തെ ഗഡ്ക്കരിയെ കേജ്‌രിവാള്‍ അഴിമതിക്കാരനെന്ന് വിളിച്ചിരുന്നു. ഇതിനെതിരെ ഗഡ്ക്കരി നല്‍കിയ മാനനഷ്ട കേസിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കേസിന്റെ ഭാഗമായി വിചാരണയ്‌ക്ക് ഹാജരാവാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് കേജ്‌രിവാളിന് കോടതി സമന്‍സ് അയച്ചു.
കേസ് ആഗസ്റ്റ് രണ്ടിന് വീണ്ടും പരിഗണിക്കും. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ കേസ് സൗഹൃദമായി ഒത്തുതീര്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോടതിക്ക് മുന്നില്‍ വച്ച് ഇരുവര്‍ക്കും കൈ കൊടുത്ത് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചൂടെ എന്നായിരുന്നു ജഡ്ജി ചോദിച്ചത്. ഇരുവരും അറിയപ്പെടുന്ന രാഷ്‌ട്രീയക്കാരല്ലേ,? നിങ്ങള്‍ തമ്മിലുള്ള വഴക്കിനെ ആളുകള്‍ നോക്കിക്കാണുകയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. താന്‍ സത്യസന്ധനായൊരു പൊതുപ്രവര്‍ത്തകന്‍ ആണെന്നും കേജ്‌രിവാളിന്റെ ആരോപണം കൊണ്ട് തനിക്കുണ്ടായ മാനനഷ്ടം ചെറുതല്ലെന്ന് ഗഡ്കരി പറഞ്ഞു.
കേജ്‌രിവാള്‍ പരാമര്‍ശം പിന്‍വലിക്കുകയാണെങ്കില്‍ കേസില്‍ നിന്ന് പിന്മാറാന്‍ താന്‍ ഒരുക്കമാണെന്നും ഗഡ്കരി അറിയിച്ചു. എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശത്തോട് കേജ്‌രിവാള്‍ വിയോജിച്ചതോടെ കുറ്റം ചുമത്തി വിചാരണ തുടങ്ങാന്‍ കോടതി ഉത്തരവിട്ടത്.
















