ഹേഗ്: ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ നിലവിലെ കിരീട ജേതാക്കളായ ഓസ്ട്രേലിയക്ക് രണ്ടാം വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോടാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോട് രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് പരാജയപ്പെട്ട ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ പരാജയം കൂടിയായപ്പോള്‍ വന്‍തിരിച്ചടിയായി. ഇംഗ്ലണ്ടിന്റെ രണ്ട് ഗോളുകളും പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് പിറന്നത്.
മത്സരത്തിന്റെ 27-ാം മിനിറ്റില്‍ മാര്‍ക്ക് ഗ്ലെഗോനും 69-ാം മിനിറ്റില്‍ സിമോണ്‍ മാന്റലുമാണ് പെനാല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യന്‍ വല കുലുക്കിയത്. ഇന്ത്യയുടെ ആശ്വാസഗോള്‍ 30-ാം മിനിറ്റില്‍ ധരംവീര്‍ സിംഗാണ് നേടിയത്. ഇംഗ്ലണ്ടിന് നാല് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചതില്‍ രണ്ടെണ്ണം വലയിലെത്തിച്ചപ്പോള്‍ ഇന്ത്യക്ക് ലഭിച്ച മൂന്നെണ്ണവും പാഴായി. ഇന്ത്യയുടെ അടുത്ത മത്സരം അഞ്ചാം തീയതി സ്പെയിനുമായാണ്.
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സ്പെയിനിനെ തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയത്. രണ്ടാം മിനിറ്റില്‍ ടിം ഡേവിനും 10-ാം മിനിറ്റില്‍ പെനാല്‍റ്റി സ്ട്രോക്കിലൂടെ മാര്‍ക്ക് നോവല്‍സും 33-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ക്ലീരന് ഗോവേഴ്സുമാണ് ഓസ്ട്രേലിയക്ക് വേണ്ടി ഗോളുകള്‍ നേടിയത്.
















