തിരുവനന്തപുരം: ജി.വി. രാജ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എസ്ബിടിക്ക് കിരീടം. ടൈബ്രേക്കറിലേക്കും സഡന്‍ ഡെത്തിലേക്കും നീണ്ട മത്സരത്തില്‍ സഡന്‍ഡെത്തില്‍ 8-7ന് കെഎസ്‌ഇബിയെ കീഴടക്കിയാണ് എസ്ബിടി കിരീടമണിഞ്ഞത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് എസ്ബിടി കാപ്പില്‍ മുത്തമിടുന്നത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി കെഎസ്‌ഇബിയുടെ ജോബി ജസ്റ്റിനും മികച്ച ഗോള്‍ കീപ്പറായി കെഎസ്‌ഇബിയുടെ തന്നെ അഖില്‍ സോമനും തെരഞ്ഞെടുക്കപ്പെട്ടു. എസ്ബിടിയുടെ ഉസ്മാനും ഷിബിന്‍ ലാലുമാണ് ടോപ്പ് സ്കോറര്‍മാര്‍.
മുഴുവന്‍ സമയം പൂര്‍ത്തിയായപ്പോള്‍ മത്സരം 1-1ന് സമനിലയില്‍ ആയതിനെ തുടര്‍ന്നാണ് മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങിയത്. അഞ്ച് ഗോളുകള്‍ വീതം നേടി ഇരുടീമുകളും ടൈബ്രേക്കറിലും സമനിലപാലിച്ചതിനെതുടര്‍ന്ന് മത്സരം സഡന്‍ഡെത്തിലെത്തി.
ആവേശകരമായ മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കം പുലര്‍ത്തിയ എസ്ബിടിയെ ഞെട്ടിച്ചുകൊണ്ട് 35-ാം മിനിറ്റില്‍ കെഎസ്‌ഇബി പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. പെനാല്‍റ്റി ബോക്സിനുള്ളില്‍ പന്ത് കൈകൊണ്ട് തട്ടിയകറ്റിയ എസ്ബിടിയുടെ ശരത്തിന്റെ പിഴവില്‍ ലഭിച്ച പെനാല്‍റ്റി ജോബി ജസ്റ്റിന്‍ സുരക്ഷിതമായി വലയിലെത്തിച്ചു. 1-0ന് കെഎസ്‌ഇബി മുന്നില്‍. ഇതോടെ എസ്ബിടി പതറി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കെഎസ്‌ഇബിയുടെ സുധില്‍ ചുവപ്പു കാര്‍ഡ് നേടി പുറത്തായി. മത്സരം അവസാനിക്കാന്‍ ഏതാനും നിമിഷം ശേഷിക്കെ പെനാല്‍റ്റി ബോക്സിനു വെളിയില്‍ നിന്നു ഷിബിന്‍ ലാല്‍ നേടിയ തകര്‍പ്പന്‍ ഗോളിലൂടെയാണ് എസ്ബിടി സമനില പിടിച്ചത്. എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഗോള്‍ വഴങ്ങാത്തതിനെ തുടര്‍ന്നാണ് മത്സരം ടൈബ്രേക്കറിലേക്കും സഡന്‍ ഡെത്തിലേക്കും നീണ്ടത്.
















