മുംബൈ: ഐപിഎല്ലിലെ ചെന്നൈയുടെ തേരോട്ടത്തിന് തത്കാലം വിട. മുംബൈ വാങ്കടെ സ്റ്റേഡിയത്തിന്റെ ആരവങ്ങള്‍ക്കു നടുവില്‍ നിന്ന് വീരേന്ദര്‍ സെവാഗ് എന്ന വീരു സെഞ്ചുറിയുമായി കത്തിക്കയറിയപ്പോള്‍ ലീഗിലെ രണ്ടാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കിംഗ്സ് ഇലവന് പഞ്ചാബിന് 24 റണ്‍സിന്റെ വിജയം. ഇതോടെ ജൂണ്‍ 1ന് നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി കിംഗ്സ് ഇലവന് പഞ്ചാബ് കൊമ്പുകോര്‍ക്കും. പഞ്ചാബ് ഉയയര്‍ത്തിയ 227 റണ്‍സ് വിജയലക്ഷ്യം എന്ന റണ്‍മലയ്ക്കു മുന്നില്‍ ലീഗിലെ ശക്തരായ ചെന്നൈ ബാറ്റിംഗ് നിര പൊരുതിയെങ്കിലും ജയം അനുഗ്രഹിച്ചില്ല. ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം നിശ്ചിത 20 ഓവറില്‍ 202/7 എന്ന നിലയില്‍ അവസാനിച്ചു.
പഞ്ചാബ് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ ചിന്നിയ ബാറ്റിംഗാണ് ചെന്നൈയെ വീഴുങ്ങിയത്. 58 പന്തുകളില്‍ 12 ഫോറുകളും എട്ട് സിക്സറുമടക്കം 122 റണ്‍സ് അടിച്ചുകൂട്ടിയ വീരു ആശിഷ് നെഹ്റ എറിഞ്ഞ 19-ാം ഓവറില്‍ ഫാഫ് ഡു പ്ലെസിസിനു പിടികൊടുത്തു മടങ്ങിയപ്പോഴാണ് ധോണിപ്പടയ്ക്കു ജീവന് തിരിച്ചുകിട്ടിയത്. ഐപിഎല്ലിലെ അഞ്ചാമത്തെ മികച്ച വ്യക്തിഗത സ്കോറിനുടമ എന്ന പെരുമയും വീരു സ്വന്തമാക്കി. സെവാഗിന്റെ ഐപിഎല്‍ കരിയറിലെ രണ്ടാം സെഞ്ച്വറിയാണിത്. 2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെയും സെവാഗ് (119) ശതകം കുറിച്ചിരുന്നു.
ഈ സീസണിലെ രണ്ടാമത്തെ സെഞ്ച്വറിയെന്ന പ്രത്യേകതയും വീരുവിന്റെ നേട്ടത്തിനുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ ലെന്‍ഡല്‍ സിമ്മണ്‍സാണ് സെവാഗിന് മുന്‍പ് ഇത്തവണ മൂന്നക്കം തികച്ചത്. വീരു നിറഞ്ഞാടിയപ്പോള്‍ കിംഗ്സ് ഇലവന്റെ മറ്റു ബാറ്റ്സ്മാന്മാര്ക്കൊന്നും കാര്യമായി വിയര്‍പ്പൊഴുക്കേണ്ടിവന്നില്ല. മനന്‍ വോഹ്റയും (34), ഡേവിഡ് മില്ലറും (38) തരക്കേടില്ലാത്ത സംഭാവനകള്‍ നല്കി. ഗ്ലെന്‍ മാക്സ്വെല് (13), ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി (1), വൃദ്ധിമാന്‍ സാഹ (6) എന്നിവര്‍ ക്രീസ് വാണില്ല.
ആദ്യത്തെ മൂന്ന് ഓവറുകളിലെ മെല്ലപ്പോക്കിനുശേഷമായിരുന്നു കിംഗ്സ് ഇലവനും സെവാഗും കത്തിപ്പടര്‍ന്നത്. നാലാം ഓവറില്‍ ഇശ്വര് പാണ്ഡയെ സെവാഗും വോഹ്റയും ചേര്‍ന്ന് 24 റണ്‍സ് പറത്തി. പിന്നാലെ നെഹ്റയും തുടര്‍ച്ചയായ മൂന്നുവട്ടം സെവാഗിന്റെ ബാറ്റിലൂടെ അതിര്‍ത്തികടന്നു. വീരു വിശ്വരൂപം കാട്ടിയപ്പോള്‍ ആര്. അശ്വിനും രവീന്ദ്ര ജഡേജയും മോഹിത് ശര്‍മ്മയുമൊന്നും നിലത്തുനിന്നില്ല. മൂവരും ചേര്‍ന്ന് 12 ഓവറില്‍ 138 റണ്‍സ് വഴങ്ങി. അശ്വിനും മോഹിത്തിനും ഓരോ വിക്കറ്റുവീതം ലഭിച്ചു. രണ്ട് പേരെ പുറത്താക്കിയ നെഹ്റ കൊടുത്തത് 51 റണ്‍സ്. 35 റണ്‍സിന് ഒരു വിക്കറ്റ് പിഴുതപാണ്ഡെ സെവാഗിന്റെ താണ്ഡവത്തെ ഒരു പരിധിവരെ അതിജീവിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിരയില്‍ സുരേഷ് റെയ്ന(87) ക്യാപ്റ്റന്‍ എം.എസ്. ധോണി(42) എന്നിവര്‍ തിളങ്ങിയെങ്കിലും പഞ്ചാബ് ഉയര്‍ത്തിയ ലക്ഷ്യത്തെ മറികടക്കാന്‍ പോന്നതായിരുന്നില്ല അവയൊന്നും. പഞ്ചാബിന് വേണ്ടി പര്‍വ്വീന്ദര്‍ അവാന 2 വിക്കറ്റുകള്‍ നേടി. നേരത്തെ ടോസ് നേടിയ ചെന്നൈ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
സ്കോര്‍: പഞ്ചാബ്: 226/6 (20/20 ഓവര്‍), ചെന്നൈ: 202/7 (20/20 ഓവര്‍)
















