നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയ്‌നിനോട് പുതിയൊരു കിറ്റു കൂടിയുണ്ടാക്കാന്‍ ഫിഫയുടെ നിര്‍ദേശം.
സ്‌പെയ്‌നിന്റെ ഇളംചുവപ്പു കളര്‍ ജെഴ്‌സിക്ക് ഹോളണ്ടിന്റെ ഓറഞ്ച് കുപ്പായത്തോട് ഏറെ സാമ്യമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഹോളണ്ടിനെതിരായ മത്സരം നടക്കുന്ന ജൂണ്‍ 13ന് മുന്‍പ് കിറ്റ് തയാറാക്കണം. ഈ സാഹചര്യത്തില്‍ സ്‌പെയ്‌നിനുവേണ്ടി അഡിഡാസ് ഒരു വെള്ള നിറത്തിലെ കിറ്റ് കൂടി ഒരുക്കും. ബ്രസീലില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഹോളണ്ടിനെയാണ് സ്‌പെയിന്‍ നേരിടുക.
ലോകകപ്പില്‍ കളിക്കുന്ന ഓരോ ടീമിനും രണ്ട് കിറ്റുകളാണ് ഫിഫ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഒന്ന് കടുംനിറത്തിലുള്ളതും മറ്റൊന്ന് ഇളംനിറത്തിലേതും. ഇളംചുവപ്പും കറുപ്പുമാണ് സ്‌പെയിനിന്റെ ജെഴ്‌സിയുടെ നിറങ്ങള്‍; ഹോളണ്ടിന് ഓറഞ്ചും നീലയും. സ്‌പെയ്‌നുമായുള്ള മത്സരത്തില്‍ ഹോളണ്ട് നീല ജെഴ്‌സി ധരിക്കുമെന്നാണ് കരുതപ്പെടുന്നത്.
















