ഹേഗ്: ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ഇന്നു കന്നിയങ്കം. ഹോളണ്ടിലെ ക്യോസെറ സ്റ്റേഡിയത്തില്‍ മുന്‍ ചാമ്പ്യന്‍മാര്‍ നേരിടുന്നത് യൂറോപ്യന്‍ ഹോക്കിയിലെ പുത്തന്‍ ശക്തികളായ ബെല്‍ജിയത്തെ. ജയത്തോടെ ടൂര്‍ണമെന്റിന് മികച്ച തുടക്കമിടുകയാവും ഇന്ത്യയുടെ ലക്ഷ്യം.
കിരീടമുയര്‍ത്തിയ 1975നുശേഷം ഒരു തവണപോലും ലോകകപ്പ് ഹോക്കിയുടെ സെമി ഫൈനലില്‍ കടക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഒരുകാലത്ത് ലോക ഹോക്കിയിലെ മുടിചൂടാമന്നന്‍മാരായിരുന്നവരെ സംബന്ധിച്ചത് നാണക്കേടു തന്നെ. ഇത്തവണ ആ പേരുദോഷം മാറ്റാന്‍ സര്‍ദാര്‍ സിംഗിനും കൂട്ടര്‍ക്കും കഴിയുമോയെന്ന് ഏവരും ഉറ്റുനോക്കുന്നു.
ബല്‍ജിയത്തിനെതിരെയുള്ള സമീപകാല കണക്കുകള്‍ ഇന്ത്യയ്‌ക്ക് അനുകൂലമല്ല. കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യയോട് അവര്‍ തോറ്റിട്ടുള്ളു. 2011 ചാമ്പ്യന്‍സ് ചലഞ്ച് ഫൈനലില്‍ രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടു നിന്നശേഷം അവസാന അഞ്ചു മിനിറ്റില്‍ തിരിച്ചടിച്ച ബല്‍ജിയം ജേതാക്കളായി. ലണ്ടന്‍ ഒളിംപിക്‌സിലും ഇന്ത്യയെ അവര്‍ മുട്ടുകുത്തിച്ചു. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പകരംവീട്ടി.
ഹോക്കി വേള്‍ഡ് ലീഗിന്റെ അഞ്ചാംസ്ഥാനക്കാരെ കണ്ടെത്താനുള്ള മുഖാമുഖത്തിലും ജയം ബല്‍ജിയത്തിനൊപ്പമായിരുന്നു. എങ്കിലും കണക്കുകള്‍ക്കപ്പുറമാണ് കളത്തിലെ പുതിയ ഏറ്റുമുട്ടല്‍. പരിശീലന മത്സരത്തില്‍ അര്‍ജന്റീനയോട് തോറ്റെങ്കിലും ദക്ഷിണാഫ്രിക്കയെ നല്ല ഗോള്‍ വ്യത്യാസത്തില്‍ മറികടക്കാനായത് ഇന്ത്യയ്‌ക്ക് ആശ്വാസമേകുന്നു.
അതേസമയം, പരിക്കിന്റെ ആകുലതകള്‍ ഇന്ത്യയെ അലട്ടുന്നുണ്ട്. നിലവിലെ ചാമ്പ്യന്‍ ഓസ്‌ട്രേലിയയും കരുത്തരായ സ്‌പെയിനും മലേഷ്യയും ഇംഗ്ലണ്ടുമാണ് പൂള്‍ എയിലെ ഇന്ത്യയുടെ മറ്റ് എതിരാളികള്‍.
അതിനാല്‍ത്തന്നെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ജയം അനിവാര്യം.ഉദ്ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയയും മലേഷ്യയും മല്ലിടും. ഇംഗ്ലണ്ട്- സ്‌പെയിന്‍ മുഖാമുഖവും ഇന്നു നടക്കും.
















