കൊല്‍ക്കത്ത: എന്തൊരു വികലമായ ക്രിക്കറ്റായിരുന്നത്. എഡ്ജുകള്‍, കൈവിട്ട ക്യാച്ചുകള്‍, റണ്ണൗട്ടുകള്‍, നഷ്ടമായ ക്യാച്ചുകളില്‍ നിന്നു വന്ന റണ്ണൗട്ട് അവസരങ്ങള്‍. എല്ലാം പിഴച്ച ദിനം. അതിലേറ്റവും വലിയ പിഴ യൂസഫ് പഠാന്റെ ക്യാച്ച് കളഞ്ഞ എസ്. അനുരുദ്ധിന്റേതും. സണ്‍റൈസേഴ്സ് ഹൈദരാബാദ് മുന്നില്‍വച്ച 161 എന്ന ലക്ഷ്യം തേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പഠാന്‍ ക്രീസിലെത്തുമ്പോല്‍ 2ന് 56 എന്ന നിലയിലായിരുന്നു. റണ്‍സെടുക്കും മുന്‍പെ കരണ്‍ ശര്‍മ്മയുടെ പന്ത് പഠാന്‍ ഉയര്‍ത്തിയടിച്ചു. ഡീപ് മിഡ് വിക്കറ്റില്‍ അനിരുദ്ധിന്റെ കൈ ചോര്‍ന്നു. വ്യക്തിഗത സ്കോര്‍ 15ല്‍ നില്‍ക്കെയും പഠാന്‍ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ടു. അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ പഠാന്‍ രാജാവായി പിന്നെ. അടിയുടെ പൊടിപൂരമായിരുന്നു തുടര്‍ന്ന് കാണികള്‍ കണ്ടത്. പര്‍വേസ് റസൂലും ശര്‍മ്മയുമൊക്കെ പഠാന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. 13-ാം ഓവറില്‍ ഡെയ്‌ല് സ്റ്റെയ്നെ മൂന്നു ബൗണ്ടറികള്‍ക്കും രണ്ടു സിക്സറിനും പഠാന്‍ പറത്തി, ആകെ പിറന്നു 26 റണ്‍സ്. ഐപിഎല്ലിലെ ഏറ്റവും വേഗത കൂടിയ അര്‍ധ ശതകമെന്ന ആദം ഗില്‍ക്രിസ്റ്റിന്റെ (17 പന്തില്‍) റെക്കോര്‍ഡ് പഠാന്‍ തിരുത്തിയെഴുതി. അവസാനം 22 പന്തില്‍ 72 റണ്‍സുമായി പഠാന്‍ ( 5 ഫോര്‍, 7 സിക്സ്) മടങ്ങുമ്പോള്‍ നൈറ്റ്് റൈഡേഴ്സ് ജയം ഉറപ്പിച്ചിരുന്നു.
ചെന്നൈയെ മറികടന്ന് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനം നേടണമെങ്കില്‍ കൊല്‍ക്കത്ത 15.2 ഓവറില്‍ കളി ജയിക്കേണ്ടിയിരുന്നു. പഠാന്റെ വിസ്ഫോടാത്മക ബാറ്റിംഗ് ആ ദൗത്യം പൂര്‍ത്തീകരിക്കാനും കൊല്‍ക്കത്തയെ സഹായിച്ചു. നാലു വിക്കറ്റ് ജയത്തോടെയാണ് പ്ലേ ഓഫില്‍ രണ്ട് മത്സരങ്ങള്‍ കളിക്കാനുള്ള അവസരം കൊല്‍ക്കത്ത നേടിയെടുത്തത്. റോബിന്‍ ഉത്തപ്പയും (30 പന്തില്‍ 41), ക്യാപ്റ്റന്‍ ഗൗതം ഗംഭീറും (28) നല്‍കി മികച്ച അടിത്തറയും നൈറ്റ് റൈഡേഴ്സിന്റെ വിജയത്തിനാധാരമായി. നാലു വിക്കറ്റുകള്‍ പിഴുത കരണ്‍ ശര്‍മ്മ സണ്‍റൈസേഴ്സ് ബൗളര്‍മാരില്‍ ഒറ്റയാന്റെ വേഷമണിഞ്ഞു.
തോല്‍വിയോടെ സണ്‍റൈസേഴ്സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. സ്കോര്‍: സണ്‍റൈസേഴ്സ്- 7ന് 160 (20 ഓവര്‍). നൈറ്റ്‌റൈഡേഴ്സ്- 6ന് 161 (14.2). പഠാന്‍ മാന്‍ ഓഫ് ദ മാച്ച്.
















