ബ്രസീലിയന്‍ ലോകകപ്പിനെത്തുന്ന ആരാധകര്‍ക്ക് ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തില്‍ നിലകൊള്ളുന്ന പെലെയുടെ പൂര്‍ണകായ പ്രതിമ കണ്ട് സായൂജ്യമടയാനാവില്ല. ജൂണ്‍ 12ന് മുന്‍പ് സ്റ്റേഡിയത്തില്‍ പെലയുടെ പ്രതിമ സ്ഥാപിക്കാനാകില്ലെന്ന് ശില്‍പ്പി ഇക്വു.
2013ല്‍ പെലയുടെ പ്രതിമ അനാച്ഛദാനം ചെയ്യാനാണ് അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ശസ്ത്രക്രിയ മൂലം പെലെക്ക് പങ്കെടുക്കാല്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ചടങ്ങ് മാറ്റിവയ്‌ക്കേണ്ടിവന്നു. പിന്നീട് പലകാരണങ്ങള്‍ കൊണ്ടും ചടങ്ങ് നീണ്ടുപോയി.
ഡിസംബര്‍ 2013നും മാര്‍ച്ച്് 2014നും ഇടയ്‌ക്ക് പദ്ധതി പൂര്‍ത്തീകരിക്കണമെന്നാണ് ബ്രസീലിയന്‍ സര്‍ക്കാര്‍ ഇക്വുവിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇതിന് മേല്‍നോട്ടം വഹിച്ചിരുന്ന ബ്രസീലിയന്‍ സ്പോര്‍ട്സ് സെക്രട്ടറി മാര്‍സിയ ലിന്‍സ് ഈയിടെ ജോലിയില്‍ നിന്നും വിരമിച്ചിരുന്നു. അതിനു ശേഷം പ്രതിമ അനച്ഛദാനത്തെക്കുറിച്ച് സര്‍ക്കാരില്‍ നിന്ന് ഒരറിയിപ്പും ലഭിച്ചില്ലത്രെ. എന്നാല്‍ രാഷ്‌ട്രീയപരമായ കാരണങ്ങളാലാണ് പ്രതിമ സ്ഥാപിക്കുന്നത് വൈകുന്നതെന്ന് ഇക്വു ആരോപിച്ചു. പെലെയെന്ന അതുല്യപ്രതിഭയെ അപമാനിക്കുന്നതിനു തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിമയെ സംബന്ധിച്ച് ഇതുവരെ പ്രതികരിക്കാന്‍ ബ്രസീല്‍ സ്പോര്‍ട്സ് മന്ത്രാലയം തയ്യാറായിട്ടില്ല. 1970ലെ മെക്സിക്കന്‍ ലോകകപ്പില്‍ ചെക്കോസ്ലോവാക്യക്കെതിരെ പെലെ നേടിയ ഗോളിന്റെ ഫോട്ടോയെ ആധാരമാക്കി നിര്‍മ്മിച്ച പ്രതിമയില്‍ 300 കിലോഗ്രാം വെങ്കലമാണ് ഉപയോഗിച്ചിട്ടുള്ളത്. 1969ല്‍ മാരക്കാന സ്റ്റേഡിയത്തിലായിരുന്നു പെലെ തന്റെ കരിയറിലെ 1000 ഗോള്‍ തികച്ചതെന്ന പ്രത്യേകതയുമുണ്ട്.
















