ഉറുഗ്വെയുടെ ലോകകപ്പ് പ്രതീക്ഷകളെ വെള്ളത്തിലാക്കി സൂപ്പര്‍ സ്ട്രൈക്കര്‍ ലൂയീസ് സുവാരസിന് പരിക്ക്. ഇടതു കാല്‍മുട്ടിനു പരിക്കേറ്റ സുവാരസിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. താരം കളിക്കുമെന്ന കാര്യത്തില്‍ ഉറുഗ്വെ ഫുട്ബോള്‍ ഫെഡറേഷന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സുവാരസിന്റെ അമ്മ സാന്ദ്രാ ഡയസും ടീമിന് മകന്റെ സേവനം ഉറപ്പാണെന്ന സൂചനകളാണ് നല്‍കിയത്. സുവാരസിന് മൂന്നാഴ്ച്ചത്തെ വിശ്രമം മാത്രമേ വേണ്ടിവരുകയുള്ളവെന്നും അവര്‍ വ്യക്തമാക്കി. ജൂണ്‍ 12നാണ് ലോകകപ്പ് കിക്കോഫ്.
അതേസമയം, ലോകകപ്പില്‍ സുവാരസിന് പന്തു തട്ടാനാവുമോയെന്ന കാര്യത്തില്‍ ടീം അധികൃതര്‍ക്ക് സംശയമുണ്ട്. കൂടുതല്‍ ആഴ്ച്ചകള്‍ വിശ്രമിക്കേണ്ടിവന്നാല് പ്രാഥമിക റൗണ്ടില്‍ സുവാരസിന് പുറത്തിരിക്കേണ്ടിവരും. ജൂണ്‍ രണ്ടിനു മുന്‍പ് അവസാന ടീമിനെ പ്രഖ്യാപിക്കണം. ഈ സാഹചര്യത്തില്‍ ഉറുഗ്വെ അധികൃതരും അങ്കലാപ്പിലാണ്. സുവാരസിനെ ഉള്‍ക്കൊള്ളിച്ചുള്ള ഭാഗ്യപരീക്ഷണം ചിലപ്പോള്‍ ഉറുഗ്വെയുടെ താത്പര്യങ്ങളെ ഹനിച്ചേക്കും.
ചൊവ്വാഴ്ചയാണ് മോണ്ടെവിഡോയോയിലെ പരിശീലന ക്യാംപില്‍ സുവാരസ് എത്തിച്ചേര്‍ന്നത്. സഹതാരങ്ങള്‍ക്കൊപ്പം പരിശീലിക്കാന്സുവാരസ് തിടുക്കത്തിലായിരുന്നു.
ബുധനാഴ്ച രാവിലത്തെ സെഷനില്‍ അദ്ദേഹം ഗ്രൗണ്ടില്‍ ഇറങ്ങി. അപ്പോള്‍ ചില അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. വൈകിട്ട് വേദന കലശലായി. തുടര്‍ന്ന് എംആര്‍ഐ സ്കാനില്‍ പരിക്ക് സ്ഥിരീകരിക്കുകയായിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ താരമായ സുവാരസ് സീസണില്‍ 31 ഗോളുകള്‍ സ്കോര്‍ ചെയ്തിരുന്നു. ബ്രസീലിയന്‍ ലോകകപ്പിലെ കറുത്തകുതിരകളാവമെന്നു കരുതപ്പെടുന്ന ഉറുഗ്വെയുടെ പ്രതീക്ഷയത്രയും സുവാരസിന്റെ പിഴവറ്റ ബൂട്ടുകളിലാണ്.
സുവാരസ് കരയ്ക്കിരുന്നാല്‍ ഉറുഗ്വെയുടെ കേളി തന്ത്രങ്ങളില്‍ തന്നെ കോച്ച് ഓസ്കാര്‍ ടെബാറസിന് പൊളിച്ചെഴുത്തു നടത്തേണ്ടിവരും.
















