മൊഹാലി: ഐപിഎല്ലില്‍ ജൈത്രയാത്ര തുടരുന്ന കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. പഞ്ചാബ് മുന്നോട്ട് വച്ച 157 റണ്‍സ് എന്ന മോശമല്ലാത്ത ലക്ഷ്യത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓരോവര്‍ ബാക്കി നില്‍ക്കെയാണ് മുംബൈ മറികടന്നത്.
61 പന്തില്‍ രണ്ട് സിക്സറുകളും 14 ബൗണ്ടറികളും ഉള്‍പ്പെടെ 100 റണ്‍സുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ ലെന്‍ഡ്ല്‍ സിമ്മന്‍സാണ് മുംബൈയുടെ വിജയ ശില്‍പ്പി. സീസണിലെ മികച്ച സ്കോറുമായി സിമ്മന്‍സ് കളം നിറഞ്ഞപ്പോള്‍ മറ്റ് ബാറ്റ്സ്മാന്മാര്ക്ക് മുംബൈ നിരയില്‍ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. മുംബൈയ്ക്കു വേണ്ടി ജസ്പ്രീത് ഭുംറ, ശ്രേയാസ് ഗോപാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി(39), മനന്‍ മൊഹ്റ (36),ഷോണ്‍ മാര്‍ഷ് എന്നിവരുടെ മികച്ച ഇന്നിംഗ്സുകളുടെ പിന്‍ബലത്തിലാണ് പഞ്ചാബ് മികച്ച ടീം ടോട്ടലിലേക്കെത്തിയത്. ടോസ് നേടിയ മുംബയ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ ജയത്തോടെ 10 പോയിന്റുമായി മുംബയ് ഐ.പി.എല്ലില്‍ അഞ്ചാം സ്ഥാനത്തേക്ക് നിലയുറപ്പിച്ചിട്ടുണ്ട്. 18 പോയിന്റുമായി പഞ്ചാബ് ലീഗില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
സ്കോര്‍: പഞ്ചാബ്: 156/8 (20/20 ഓവര്‍), മുംബയ്: 159/3 (19.0/20 ഓവര്‍)
















