ന്യൂദല്‍ഹി: ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്, രണ്ടു തവണ ചാമ്പ്യന്മാരായ ഗോവന്‍ ക്ലബ്ബ് ചര്‍ച്ചില്‍ ബ്രദേഴ്സിനെ ഐലീഗ് ഫുട്ബോളില്‍ നിന്ന് പുറത്താക്കി. കൊല്‍ക്കത്ത ടീമുകളായ യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബ്, മുഹമ്മദന്‍സ്, ഷില്ലോങ്ങ് പ്രതിനിധി രംഗ്ദജൈദ് യുണൈറ്റഡ് എന്നിവരും പുറത്താക്കപ്പെട്ടവരില്‍പ്പെടുന്നു. എഐഎഫ്എഫ് ലൈസന്‍സിങ് കമ്മിറ്റിയുടേതാണ് നടപടി.
ഓള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അനുശാസിക്കുന്ന നിബന്ധനകള്‍ പാലിച്ച് ഈ ടീമുകള്‍ക്ക് ഐ ലീഗില്‍ തിരിച്ചുവരാം. എന്നാല്‍ രണ്ടാം ഡിവിഷന് കളിച്ചുവേണം യോഗ്യത നേടാന്‍. 2013-14 സീസണില്‍ അവസാന നാലു സ്ഥാനങ്ങളിലെത്തിയവരാണ് നടപടിക്കു വിധേയരായ സംഘങ്ങള്‍. എങ്കിലും ഫെഡറേഷന് കപ്പ് ജേതാക്കളും എഎഫ്സി കാപ്പില്‍ കളിച്ച അപൂര്‍വ്വം ചില ടീമുകളിലുമൊന്നായ ചര്‍ച്ചിലിനെ ശിക്ഷിച്ചത് ലീഗിലെ മറ്റു ക്ലബ്ബുകള്‍ക്കുള്ള മുന്നറിയിപ്പായി.
എഐഎഫ്എഫിന്റെ ലൈസന്‍സിങ് മാനദണ്ഡ പ്രകാരം നിയമപരവും ഭരണപരവും കായികപരവും സാമ്പത്തികപരവുമായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. വേണ്ടത്ര പശ്ചാത്തല സൗകര്യവും ഒരുക്കണം.
ലൈസന്‍സ് പുതുക്കല്‍ എന്നത് വര്‍ഷതോറുമുള്ള നടപടിക്രമമാണ്. കഴിഞ്ഞ വര്‍ഷം പൂനെ എഫ്സി മാത്രമേ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ചവരുത്താതിരുന്നുള്ളു. തുടര്‍ന്ന് മറ്റു ടീമുകള്‍ക്ക് ഒരുവര്‍ഷംകൂടി സമയം അനുവദിച്ചു.
ഇക്കഴിഞ്ഞ ഏപ്രില്‍- മെയ് മാസങ്ങളില്‍ രേഖകള്‍ പരിശോധിച്ച ഇന്സ്പെക്ഷന് ടീം പതിനാലു ടീമുകളില്‍ 9 എണ്ണം മാത്രമേ നിബന്ധനകള്‍ പാലിച്ചിട്ടുള്ളുവെന്നു കണ്ടെത്തി. ബംഗളൂരു എഫ്സി, ഡെംപോ ഗോവ, പൂനെ എഫ്സി, സാല്‍ഗോക്കര്‍, ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്, സ്പോര്‍ട്ടിംഗ് ക്ലബ്ബ് ഗോവ, മുംബൈ എഫ്സി, ഷില്ലോങ്ങ് ലജോങ്ങ് എന്നിവയാണവ. റോയല്‍ വാഹിങ്ങ്ദോ എന്ന പുതുമുഖ ടീമിന് ഒരുവര്‍ഷത്തേക്കു കൂടി സമയം നീട്ടിനല്‍കി. തുടര്‍ന്ന് ചര്ച്ചിലടക്കം നാലു ടീമുകളെ പുറത്തേക്കടിക്കുകയായിരുന്നു.
അതേസമയം, ദേശീയ ലൈസന്‍സ് ലഭിച്ചെങ്കിലും മുംബൈ എഫ്സിക്കും ലജോങ്ങിനും എഎഫ്സി കാപ്പിലോ എഎഫ്സി ചാമ്പ്യന്‍സ് ലീഗിലോ പങ്കെടുക്കാന്‍ സാധിക്കില്ല. ഫെഡറേഷന്കപ്പിലോ ഐ ലീഗിലോ കിരീടം നേടിയാലും അതിനുമാറ്റമില്ല. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ നിഷ്കര്‍ഷിക്കുന്ന നിലവാരത്തിലെ സ്റ്റേഡിയങ്ങളുടെ അഭാവത്തില്‍ അവര്‍ക്ക് എഎഫ്സി സര്‍ട്ടിഫിക്കറ്റ് നല്കാത്തതാണതിനു കാരണം.
















