ഹൈദരാബാദ്: തുടക്കത്തിലെ പാളിച്ചകള്‍ മറികടന്ന മുന്‍ ചാമ്പ്യന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഐപിഎല്ലില്‍ നല്ല ഫലങ്ങളുടെ കാലം. തിങ്കളാഴ്ച രാത്രിയില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനെ കൊല്‍ക്കത്ത ഏഴു വിക്കറ്റിന് അതിജീവിച്ചു. ടൂര്‍ണമെന്റില്‍ ഇതവരുടെ നാലാം തുടര്‍ ജയം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 8ന് 142 റണ്‍സെടുത്തു. നൈറ്റ് റൈഡേഴ്സ് മൂന്നുപേരെ മാത്രം ബലികഴിച്ച്1 9.4 ഓവറില്‍ ജയത്തിലെത്തി. സ്കോര്‍: ഹൈദരാബാദ്- 8ന് 142 (20 ഓവര്‍). കൊല്‍ക്കത്ത- 3ന് 146 (19.4). നൈറ്റ്‌റൈഡേഴ്സ് പേസര്‍ ഉമേഷ് യാദവ് (3 വിക്കറ്റ്)കളിയിലെ കേമന്‍. 12 പോയിന്റുള്ള കൊല്‍ക്കത്ത പ്ലോ ഓഫ് സാധ്യത സജീവമാക്കി. അതേസമയം, സണ്‍റൈസേഴ്സ് (8 പോയിന്റ്) ആറാമതേക്കു പിന്തള്ളപ്പെട്ടു.
ബാറ്റിംഗ് കരുത്തു മുഴുവന്‍ പ്രകടിപ്പിക്കുകയായിരുന്നു നൈറ്റ് റൈഡേഴ്സ് ഉപ്പലിലെ മൈതാനത്തില്‍. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (6) മാത്രമേ തിളങ്ങാതെപോയുള്ളു. ക്രീസിലെത്തിയ മേറ്റ്ല്ലാപേരും കുറഞ്ഞത് 25 റണ്‍സെങ്കിലും ടീമിന് സംഭാവന ചെയ്തു.
ടോപ് സ്കോറര്‍ റോബിന്‍ ഉത്തപ്പയും (40) മനിഷ് പാണ്ഡെയും (35) ഭാഗ്യത്തിന്റെ പിന്‍ബലത്തോടെ രണ്ടാം വിക്കറ്റില്‍ 51 റണ്‍സ് സ്വരുക്കൂട്ടി.
ഇരുവരുടെയും ക്യാച്ചുകള്‍ സണ്‍റൈസേഴ്സ് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞിരുന്നു. എന്നാല്‍ യൂസഫ് പഠാനും (39 നോട്ടൗട്ട്) ഋയാന്‍ ടെന്‍ ഡോഷെയും (25 നോട്ടൗട്ട്) നടത്തിയ കടന്നാക്രമണമാണ് കൊല്‍ക്കത്തയുടെ ജയത്തിന് യഥാര്‍ത്ഥത്തില്‍ കാരണമായത്. വമ്പന്‍ അടികളിലൂടെ രണ്ടുപേരും ഹൈദരാബാദി ബൗളര്‍മാരെ വലച്ചു. അവസാന ഓവറുകളില്‍ ചെറിയ പിരിമുറുക്കം സൃഷ്ടിക്കാന്‍ സണ്‍റൈസേഴ്സിനായി. 30 പന്തില്‍ 40, 18 പന്തില്‍ 30 തുടങ്ങിയ കണക്കുകള്‍ നൈറ്റ് റൈഡേഴ്സിനു മുന്നില്‍വന്നു. കരണ്‍ ശര്‍മ്മയും ഇര്‍ഫാന്‍ പഠാനും പാലിച്ച കൃത്യത സണ്‍റൈസേഴ്സിന് പ്രതീക്ഷകള്‍ നല്‍കുക തന്നെ ചെയ്തു. പക്ഷേ, പതിനെട്ടാം ഓവറിന്റെ ആദ്യ പന്തില്‍ ഭുവനേശ്വര്‍ കുമാറിനെ യൂസഫ് പഠാന്‍ സിക്സറടിച്ചു. പിന്നാലെ ഡെയ്‌ല് സ്റ്റെയ്ന്റെ ടൈറ്റ് ഓവര്‍, 6 റണ്‍സ്. അവസാന ഓവറില്‍ കല്‍ക്കത്തയ്‌ക്ക് വേണ്ടത് 10 റണ്‍സ്. ഭുവനേശ്വറിന്റെ രണ്ടാം പന്ത് ഗ്യാലറിയിലെത്തിച്ച ടെന്‍ ഡോഷെ നൈറ്റ് റൈഡേഴ്സിന്റെ ജയം ഉറപ്പാക്കി. സ്റ്റെയ്നും കരണ്‍ ശര്‍മ്മയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
















