റോം: ലോക ഒന്നാം നമ്പറും ക്ലേ കോര്‍ട്ടിലെ രാജാവുമായ റാഫേല്‍ നദാലിനെ ഞെട്ടിച്ച് സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച് റോം മാസ്റ്റണ്‍ ടെന്നീസില്‍ ചാമ്പ്യനായി. ഫൈനലില്‍ 4-6, 6-3, 6-3 എന്ന സ്കോറിനായിരുന്നു ഡോക്കോയുടെ ജയം. നദാലുമായുള്ള 41 മുഖാമുഖങ്ങളില്‍ ഇതു 19-ാം തവണയാണ് ഡോക്കോ ജയിക്കുന്നത്. റോമിലെ എട്ടാം കിരീട നേട്ടത്തോടെ റെക്കോര്‍ഡ് തീര്‍ക്കാനുള്ള നദാലിന്റെ മോഹവും ഇതോടെ പൊലിഞ്ഞു.
സമകാലിക ടെന്നീസിലെ ഏറ്റവും പ്രതിഭാധനരായ രണ്ടുപേരുടെ പോരാട്ടം ത്രസിപ്പിക്കുന്നതായിരുന്നു. രണ്ടു തവണ ഡോക്കോയെ ബ്രേക്ക് ചെയ്ത നദാല്‍ ആദ്യ സെറ്റ് കരസ്ഥമാക്കി.
രണ്ടാം സെറ്റില്‍ നദാലിന്റെ സര്‍വീസ് ഗെയിം ഡോക്കോ തുടക്കത്തില്‍ തന്നെ തട്ടിയെടുത്തു. തിരിച്ചടിച്ച നദാല്‍ ഡോക്കോയുടെ സര്‍വീസ് ഭേദിച്ചു. എന്നാല്‍ അവസരത്തിനൊത്ത് ഉയര്‍ന്ന ഡോക്കോ 6-3ന് സെറ്റ് ഉറപ്പിച്ചു. 12 വിന്നറുകള്‍ ഈ സെറ്റില്‍ ഡോക്കോ തൊടുത്തു. അവസാന സെറ്റിലും ഡോക്കോ മുന്‍തൂക്കം നേടി. നദാലിന്റെ പിഴവുകള്കൂടിചേര്ന്നപ്പോള് സെര്‍ബ് സ്റ്റാര്‍ അനായാസം ചാമ്പ്യന്‍ഷിപ്പ് പോയിന്റിലെത്തി. വനിതകളില്‍ ഇറ്റലിയുടെ സാറാ എറാനിയുടെ പ്രതീക്ഷകള്‍ തകര്‍ത്ത് ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസ് കിരീടം ചൂടി (6-3, 6-0).
പ്രതികരിക്കാൻ ഇവിടെ എഴുതുക: