ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനോളം ആരാധക ശ്രദ്ധ നേടിയെടുക്കാന്‍ സ്പാനിഷ് ലീഗിനായിട്ടുണ്ടോ? ഇല്ലെന്നു തന്നെ പറയേണ്ടിവരും. മാഞ്ചസ്റ്റര്‍ ടീമുകളും ചെല്‍സിയും ലിവര്‍പൂളും ആഴ്സനലും ടോട്ടനവുമൊക്കെ ചൂടന്‍ അങ്കത്തിലേര്‍പ്പെടുന്ന ഇപിഎല്ലിനോളം മത്സരാധിക്യം സ്പെയ്നിന്റെ ദേശീയ ലീഗിനില്ല.
കുറെ വര്‍ഷങ്ങളായി ലാ ലിഗയെന്നാല്‍ ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മിലെ നേര്‍പ്പോരാണ്. അവരിലാരാണ് കേമനെന്ന ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു സ്പെയിന്‍ അടുത്തിടെ. ഇനിയതു മാറ്റിപ്പറയാം. റയലിനും ബാഴ്സയ്‌ക്കുമൊപ്പം അത്ലറ്റിക്കോ മാഡ്രിഡിനെയും ചേര്‍ത്തുനിര്‍ത്താം. സൂപ്പര്‍ ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട അവസാന മത്സരത്തില്‍ ബാഴ്സയെ 1-1ന് തളച്ച് അത്ലറ്റിക്കോ (90 പോയിന്റ്) തങ്ങളുടെ പത്താം സ്പാനിഷ് ലീഗ് ട്രോഫി ഷെല്‍ഫിലെത്തിച്ചു. 34-ാം മിനിറ്റില്‍ അലക്സി സാഞ്ചസ് നല്‍കിയ ലീഡില്‍ കടിച്ചുതൂങ്ങിയ ബാഴ്സയെ ഡീഗോ ഗോഡിന്റെ ഉശിരന്‍ ഹെഡ്ഡര്‍ വഴി അത്ലറ്റിക്കോ പിടിച്ചുകെട്ടുകയായിരുന്നു.അലക്ഷ്യമായ മാര്‍ക്കിങ്ങാണ് നൗകാംപിലെ തട്ടകത്തില്‍ ബാഴ്സയ്‌ക്ക് വിനയായത്. ഡീഗോ കോസ്റ്റയും അര്‍ദാ ടുറാനും പരിക്കേറ്റ് കരയ്‌ക്കുകയറിശേഷം അല്‍പ്പം വിയര്‍ത്തെങ്കിലും അത്ലറ്റിക്കോ ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചു.
പരുക്കന്‍ അടവുകളും ലയണല്‍ മെസിയുടെ ഗോള്‍ ഓഫ് സൈഡ് വിധിച്ചതും രണ്ടാം പകുതിയെ സംഭവബഹുലമാക്കി. അവസാന പത്തു മിനിറ്റില്‍ ബാഴ്സലോണ അത്ലറ്റിക്കോയുടെ പകുതിയില്‍ തമ്പടിച്ചെങ്കിലും പ്രതിരോധപ്പൂട്ട് പൊളിഞ്ഞില്ല. 87 പോയിന്റോടെ റയലും ബാഴ്സയും ഒപ്പംനിന്നു. എങ്കിലും പരസ്പ്പരമുള്ള ഏറ്റുമുട്ടലുകളിലൊന്നിലെ ജയം ബാഴ്സയ്‌ക്ക് രണ്ടാംസ്ഥാനം സമ്മാനിച്ചു.
സിമിയോണി പകര്‍ന്ന ഊര്‍ജം
1996ല്‍ കിംഗ്സ് കാപ്പിലും ലീഗിലും ജേതാക്കളായ അത്ലറ്റിക്കോ സംഘത്തില്‍ അംഗമായിരുന്ന സിമിയോണി കോച്ചിന്റെ വേഷമണിഞ്ഞപ്പോഴും കസറി. ആ അര്‍ജന്റീനക്കാരന്‍ പകര്‍ന്ന ഊര്‍ജം 18 വര്‍ഷങ്ങള്‍ക്കുശേഷം അത്ലറ്റിക്കോയുടെ പാളയത്തില്‍ ലീഗ് കിരീടം എത്തിച്ചു. താരങ്ങളുടെ ആത്മസമര്‍പ്പണവും പ്രതിഭയും സിമിയോണിയുടെ തന്ത്രങ്ങളും ചേര്‍ന്നപ്പോള്‍ അത്ലറ്റിക്കോ അപകടകാരികളായി മാറുകയായിരുന്നു. ടച്ച് ലൈനിന് അരുകില്‍ കറങ്ങിന ടന്ന് നിര്‍ദേശങ്ങള്‍ നല്‍കിയും താരങ്ങളെ ഉദ്ബോധിപ്പിച്ചും ആരാധകരെ ഉണര്‍ത്തിയും സിമിയോണി നിറഞ്ഞുനിന്നു. രണ്ടാം മാഡ്രിഡ് ഡെര്‍ബിക്കിടെ റഫറിയുമായി ഇടഞ്ഞ സിമിയോണിയുടെ അസിസ്റ്റന്റ് ജെര്‍മാന്‍ ബുര്‍ഗോസിനെ പിടിച്ചുനിര്‍ത്താന്‍ ഏറെ പണിപ്പെടേണ്ടിവന്നു. കോച്ചിങ് സ്റ്റാഫുകളുടെ ആത്മാര്‍ത്ഥത ആ സംഭവം അടിവരയിട്ടു. ഡീഗോ കോസ്റ്റയടക്കം മുന്‍പ് അത്രയ്്ക്കൊന്നും തിളങ്ങാത്ത താരങ്ങളില്‍ നിന്ന് ഏറ്റവും ഫലമുണ്ടാക്കിയതും സിമിയോണിയുടെ നേട്ടം. റൗള്‍ ഗാര്‍ഷ്യയും അര്‍ദ ടുറാനുമെല്ലാം അതിനുദാഹരണങ്ങള്‍. പ്രതിരോധവും മിഡ്ഫീല്‍ഡും മെച്ചപ്പെടുത്താന്‍ സിമിയോണി അക്ഷീണം പരിശ്രമിച്ചു.
സ്ഥിരതകൈവിടാത്ത അത്ലറ്റിക്കോ മിഡ്ഫീല്‍ഡ് റയലിനും ബാഴ്സയ്‌ക്കും ഒപ്പംനിന്നു. നായകന്‍ ഗാബി പന്തുകള്‍ തട്ടിയെടുത്ത് വിതരണം ചെയ്തപ്പോള്‍ തിയാഗോയും മരിയോ സുവാരസും ഗാബിക്കു മികച്ച പിന്തുണ നല്‍കി. പ്രതിരോധം എതൊരു എതിരാളിക്കും ഭേദിക്കാനാകാത്ത ഉരുക്കുകോട്ടപോലെ ഉറച്ചുനിന്നു. 38 മത്സരങ്ങളില്‍ അത്ലറ്റിക്കോ വഴങ്ങിയത് വെറും 26 ഗോളുകള്‍ മാത്രം. സെന്റര്‍ ബാക്ക് ഡീഗോ ഗോഡിന്‍ മിന്നിത്തിളങ്ങി. സെറ്റ്പീസുകള്‍ ഗോളാക്കുന്നതിലെ ഗോഡിന്റെ നിപുണത അത്ലറ്റിക്കോയ്‌ക്കു പ്ലസ് പോയിന്റായി. ഫുള്‍ ബാക്കുകളായ ഫിലിപ്പി ലൂയിസും യുവാന്‍ഫ്രാനും ആക്രമണത്തിനും സഹായമേകി ഒപ്പം പ്രതിരോധദൗത്യം നിര്‍വഹിച്ചു പോന്നു. ഗോളി തിബോട്ട് കോര്‍ഷ്യസ് അസാധ്യമെന്നു തോന്നിക്കുന്ന സേവുകളിലൂടെ എല്ലാ പരിശ്രമങ്ങള്‍ക്കും കാവല്‍ നിന്നെതും ശ്രദ്ധേയമായ കാര്യമാണ്. 27 ഗോളുകളോടെ എതിര്‍ ഡിഫന്റര്‍മാരെ വിറപ്പിച്ച ഡീഗോ കോസ്റ്റയുടെ മൂര്‍ച്ചയും അവിസ്മരണീയ ദൃശ്യമായി. അവശ്യസമയങ്ങളില്‍ സ്കോര്‍ ചെയ്തും അവസരങ്ങള്‍ സൃഷ്ടിച്ചും ഡേവിഡ് വിയയും മാറ്റുകാത്തു.
മറക്കാനാകാത്ത മാര്‍ച്ച് 29
സിമിയോണിയും കുട്ടികളും മാര്‍ച്ച് 29നെ മറക്കില്ല. അന്നാണവര്‍ അത്ലറ്റിക്കോ ബില്‍ബാവോയെ തോല്‍പ്പിച്ചത്. നാലാം സ്ഥാനക്കാരായ ബില്‍ബാവയോടുള്ള മുഖാമുഖം അത്ലറ്റിക്കോയുടെ മുന്നിലെ കടുത്ത വെല്ലുവിളിയായി വിലയിരുത്തപ്പെട്ടു. തയ്യാറെടുപ്പുകളുടെ ഭാഗമായി സിമിയോണി ഒരാളുടെ സഹായം തേടി, 1991ല്‍ ബാസ്ക് വിഘടനവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട ഇറേന്‍ വിയ്യയെന്ന ധീരയായ വനിതയുടെ. ടീം ഹോട്ടലിലെത്തിയ ഇറേന്‍ കുറച്ചു മണിക്കൂറുകള്‍ തന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞു. പ്രതിസന്ധികളെ മറികടക്കാന്‍ താരങ്ങളെ പ്രാപ്തരാക്കുകയായിരുന്നു ഇറേന്റെ ലക്ഷ്യം. അതിനുശേഷം, ബാഴ്സ തോറ്റ റയല്‍ സമനിലയ്‌ക്കു പിടിക്കപ്പെട്ട സാന്‍ മാമ്മ്സ് അരേനയില്‍ അത്ലറ്റിക്കോ പന്തു തട്ടാനിറങ്ങി. ആറാം മിനിറ്റില്‍ സിമിയോണിപ്പട പിന്നില്‍. 22-ാം മിനിറ്റില്‍ കോസ്റ്റയുടെ സമനിലഗോള്‍. പിന്നെ കോക്കെ ടീമിന് ജയവും നേടിക്കൊടുത്തു. ആ മത്സരഫലം അത്ലറ്റിക്കോയെ ദൗര്‍ബല്യങ്ങളെ കുടഞ്ഞെറിയാന്‍ സഹായിച്ചു. കപ്പ് തങ്ങളുടെ കൈപ്പിടിയിലാണെന്നവര്‍ ഉറച്ചുവിശ്വസിച്ചു.
















