സാവോപോളോ: ലോകകപ്പ് ഫുട്ബോളിന് ഏതാനും ആഴ്‌ച്ചകള്‍മാത്രം അവശേഷിക്കെ ലോകത്തെമ്പാടുമുള്ള ആരാധകരെ ആശങ്കയിലാഴ്‌ത്തി ബ്രസീലില്‍ പ്രതിഷേധ സമരങ്ങള്‍ ശക്തമാകുന്നു. ജീവിതച്ചെലവിലെ ക്രമാതീതമായ വര്‍ധനവും അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവവുംമൂലം ജനം പൊറുതിമുട്ടുമ്പോഴും കോടിക്കണക്കിന് ഡോളര്‍ മുടക്കി ഫുട്ബോള്‍ മാമാങ്കം നടത്തുന്നതിനെതിരെയാണ് ഒരു വിഭാഗം രംഗത്തിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സാവോപോളോയിലും റിയോ ഡി ജെയിനെറോയിലും വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. തലസ്ഥാനമായ ബ്രസീലിയും സമരങ്ങളില്‍ നിന്ന് വിട്ടുനിന്നില്ല. സാവോപോളോയില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. ചിലര്‍ റോഡുകള്‍ ഉപരോധിച്ചു. ടയറുകള്‍ കത്തിക്കുകയും കല്ലേറു നടത്തുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന് സമരങ്ങളില്‍ അധ്യാപകരും ഉദ്യോഗസ്ഥരും വ്യാപകമായി പങ്കെടുത്തു.
ലാറ്റിനമേരിക്കയിലെ വികസ്വര രാഷ്‌ട്രങ്ങളിലൊന്നായ ബ്രസീലിലെ ദൈനംദിനചെലവ് ജനത്തിന് താങ്ങനാവാത്തതായി മാറിക്കഴിഞ്ഞു. ദാരിദ്ര്യവും സാമ്പത്തിക അസമത്വവും രാജ്യത്ത് പിടിമുറുക്കിയിട്ടുമുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭവന നിര്‍മ്മാണത്തിനും ഊന്നല്‍ നല്‍കാതെ സ്റ്റേഡിയങ്ങള്‍ പണിയുന്നതില്‍ രോഷാകുലരാണ് ഒരുകൂട്ടര്‍. ലോകകപ്പ് സംഘടിപ്പിക്കുന്നതിന് 15 ദശലക്ഷം ഡോളര്‍ ചെലവിടേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു. അതിലധികവും പൊതുജനത്തിന്റെ പോക്കറ്റില്‍ നിന്നാണ് ചോരുന്നത്.
കോണ്‍ഫെഡറേഷന്‍ കപ്പിന്റെ സമയത്തും ബ്രസീല്‍ പ്രതിഷേങ്ങള്‍ക്ക് സാക്ഷ്യവഹിക്കുകയുണ്ടായി. ബ്രസീലിന്റെ മത്സരവേദിക്കു പുറത്തുവരെ പ്രകടനങ്ങളെത്തി. പ്രതിഷേധങ്ങളുടെ സ്വഭാവത്തെയും ഉത്ഭവകേന്ദ്രങ്ങളെയും സര്‍ക്കാര്‍ സൂഷ്മമായി നിരീക്ഷിക്കുകയാണ്. പക്ഷേ, 5000 മുതല്‍ 10000വരെ സമരക്കാര്‍ ഒത്തുചേര്‍ന്നാല്‍ സുരക്ഷാ സൈനികര്‍ക്ക് പണിപ്പെടേണ്ടിവരും. ലോകകപ്പിനു പിന്നാലെ ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും വരുന്നുണ്ട്. ഇതു മുതലെടുത്ത് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കി ആവശ്യങ്ങള്‍ സാധിച്ചെടുക്കുകയാണ് സമരക്കാരുടെ തന്ത്രമെന്നു വിലയിരുത്തപ്പെടുന്നു.
















