ടൂറിന്‍: പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട നാടകീയമായ ഫൈനലില്‍ പോര്‍ച്ചുഗീസ് കരുത്തരായ ബെന്‍ഫിക്കയെ അതിജീവിച്ച് സ്പാനിഷ് ക്ലബ്ബ് സെവിയ യൂറോപ്പ ലീഗ് കിരീടത്തില്‍ മുത്തിമിട്ടു. ഗോള്‍ രഹിതമായ നിശ്ചിത, അധിക സമയങ്ങള്‍ക്കുശേഷം ഷൂട്ടൗട്ടില്‍ 4-2നായിരുന്നു സെവിയുടെ ജയം. എട്ടുവര്‍ഷത്തിനിടെ ഇതു മൂന്നാംതവണയാണ് സെവിയ യൂറോപ്പ ലീഗ് ജയിക്കുന്നത്. 2006ലും 2007ലും ഇതിനു മുന്‍പത്തെ നേട്ടങ്ങള്‍. ബെന്‍ഫിക്കയ്‌ക്കിത് രണ്ടാം തുടര്‍ ഫൈനല്‍ പരാജയവും. കഴിഞ്ഞ തവണ ചെല്‍സിക്കു മുന്നിലും ബെന്‍ഫിക്ക മുട്ടുകുത്തിയിരുന്നു.
ഷൂട്ടൗട്ടില്‍ ബെന്‍ഫിക്കയുടെ ഓസ്കര്‍ കര്‍ഡോസയുടെയും റോഡ്രിഗോയുടെയും കിക്കുകള്‍ സേവ് ചെയ്ത ഗോളി ബെറ്റോയാണ് സെവിയയുടെ ഹീറോ. നിര്‍ണായക ഷോട്ട് ലക്ഷ്യത്തിലെത്തിച്ച കെവിന്‍ ഗമെരിയൊയും സെവിയന്‍ ക്യാംപില്‍ ആഹ്ലാദമെത്തിച്ചവരില്‍പ്പെടുന്നു. സെവിയയ്‌ക്കുവേണ്ടി കാര്‍ലോസ് ബാക്ക, സ്റ്റെഫാനെ എംബിയ, കോക്കെ എന്നിവരും സ്കോര്‍ ചെയ്തു. ബെന്‍ഫിക്കയുടെ ലിമയും ലൂയിസാവോയും മാത്രമേ പിഴയ്‌ക്കാതെ കിക്കെടുത്തുള്ളു.
കളിയുടെ എല്ലാ ഘട്ടങ്ങളിലും ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ഏറെ ലഭിച്ചു. എങ്കിലും ഗോള്‍വലകുലുക്കാന്‍ ആര്‍ക്കുമായില്ല. 14-ാം മിനിറ്റില്‍ ബെന്‍ഫിക്കയ്‌ക്കാണ് ആദ്യ ഗോളിനുള്ള സാധ്യത ലഭിച്ചത്. വലതുവിങ്ങില്‍ നിന്ന് നിക്കോളസ് ഗെയ്റ്റാന്‍ തൊടുത്ത ഫ്രീ കിക്ക് ബെറ്റോ തട്ടിത്തെറിപ്പിച്ചു.
പന്തു ലഭിച്ചെങ്കിലും എസെക്കിയേല്‍ ഗ്യാരിക്ക് കൃത്യത കാക്കാനായില്ല. പിന്നാലെ സെവിയയ്‌ക്കുവേണ്ടി ആല്‍ബര്‍ട്ടോ മൊറേന പായിച്ച വളഞ്ഞൊരു ഷോട്ട് എതിര്‍ ഗോളി ജാന്‍ ഒബ്ലാക്കിനെ പരീക്ഷിക്കാന്‍ പാകത്തിലുള്ളതായിരുന്നില്ല. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മാക്സി പെരേരയുടെ ക്ലോസ് റേഞ്ചും റോഡ്രിഗോയുടെ തകര്‍പ്പന്‍ ഡ്രൈവും ബെറ്റോ നിര്‍വീര്യമാക്കി.
രണ്ടാം പകുതിയുടെ ആരംഭത്തില്‍ ബെന്‍ഫിക്ക ആക്രമണങ്ങളുടെ നിരതീര്‍ത്തു. എന്നാല്‍ സെവിയന്‍ പ്രതിരോധത്തില്‍ അവയെല്ലാം തട്ടിച്ചിതറി.
ലിമയുടെ ഷോട്ട് ബെറ്റോയെ മറികടന്ന് ഗോളിലേക്ക് നീങ്ങിയെങ്കിലും നിക്കോളസ് പരേജ അവസാന നിമിഷം തട്ടിയകറ്റിയപ്പോള്‍ സെവിയ ശരിക്കും ആശ്വാസമെന്തന്നറിഞ്ഞു. പിന്നാലെ സെവിയന്‍ സ്ട്രൈക്കര്‍ റെയസിന്റെ രണ്ടു ശ്രമങ്ങളെ ഒബ്ലക് അതിജീവിച്ചു. അവസാന നിമിഷങ്ങളില്‍ ലിമയും മാക്സി പെരേരയും സെവിയയുടെ ഗോള്‍ മുഖത്ത് ഭീതിവിതച്ചെങ്കിലും ബെറ്റോയുടെ നെഞ്ചുറപ്പ് സ്പാനിഷ് പടയെ കാത്തുരക്ഷിച്ചു. അധികസമയത്ത് സെവിയയ്‌ക്ക് ലഭിച്ച നല്ലൊരു ചാന്‍സ് ബാക്ക തുലയ്‌ക്കുകയും ചെയ്തു.
















