കറാച്ചി: ഒരു ചെറിയ ഇടവേളയ്‌ക്കുശേഷം ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുന്നു. 2015നും 23നും ഇടയില്‍ ആറു പരമ്പരകള്‍ കളിക്കാന്‍ ബിസിസിഐയുമായി ധാരണാ പത്രം ഒപ്പിട്ടവിവരം പിസിബി (പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) പുറത്തുവിട്ടു. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ഇത്ര വിപുലമായ ക്രിക്കറ്റ് ബന്ധത്തിന് അവസരമൊരുങ്ങിയിട്ടില്ല.
ഇപ്പോഴത്തെ ധാരണയനുസരിച്ചുള്ള ആദ്യ പരമ്പരയ്‌ക്ക് അടുത്തവര്‍ഷം യുഎഇ വേദിയാകും. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി20 കളും അതില്‍ ഉള്‍പ്പെടും. അവയടക്കം 14 ടെസ്റ്റുകളും 30 ഏകദിനങ്ങളും 12 ട്വന്റി20 മത്സരങ്ങളും ആറു പരമ്പരകളുടെ ഭാഗമാകും.
2007നുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ടെസ്റ്റ് സീരിസ് അരങ്ങേറിയിട്ടില്ല. 2012ല്‍ മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി20കളും അടങ്ങുന്ന ഹ്രസ്വ പരമ്പരയില്‍ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയിരുന്നു.
















