ഹൈദരാബാദ്: ഉപ്പലിലെ കളത്തില്‍ ഇന്നലെ റണ്‍ മഴയായിരുന്നു. ഹൈദരാബാദ് സണ്‍റൈസേഴ്സും കിംഗ്സ് ഇലവന് പഞ്ചാബും വാശിയോടെ പൊരുതി. സിക്സിന് സിക്സും ബൗണ്ടറിക്കും ബൗണ്ടറിയുംവച്ചുള്ള അങ്കത്തിനൊടുവില്‍ ജയം കിംഗ്സ് ഇലവനൊപ്പം നിന്നു, ആറ് വിക്കറ്റിന്. അങ്ങനെ പോയിന്റ് ടേബിളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പിന്തള്ളി പഞ്ചാബ് വീണ്ടും ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 5 വിക്കറ്റുകള്‍ കളഞ്ഞ് 205 റണ്‍സ് കുറിച്ചു. കിംഗ്സ് ഇലവന് നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18.4 ഓവറില്‍ ലക്ഷ്യംതാണ്ടി. സ്കോര്‍: ഹൈദരാബാദ്- 5ന് 205 (20 ഓവര്‍). പഞ്ചാബ് 4ന് 211 (18.4).
വമ്പന്‍ അടികള്‍ക്ക് തങ്ങളും മോശമല്ലെന്ന് കിംഗ്സ് ഇലവനെ ബോധ്യപ്പെടുത്തുന്നതായിരുന്നു സണ്‍റൈസേഴ്സിന്റെ ഇന്നിങ്ങ്സ്. നായകന് ശിഖര്‍ ധവാന് (37 പന്തില്‍ 45, അഞ്ച് ഫോര്‍, രണ്ട് സിക്സ്) നല്ല തുടക്കം ടീമിന് നല്കി. എങ്കിലും 36 പന്തില്‍ നാലു ഫോറുകളും ഏഴു സിക്സറും പറത്തി 79 റണ്‍സോടെ പുറത്താകാതെ നിന്ന് നമാന്‍ ഓജയായിരുന്നു സണ്‍റൈസേഴ്സിന്റെ അപ്രതീക്ഷിത ഹീറോ. ഡേവിഡ് വാര്‍ണറും (23 പന്തില്‍ 44) കൈക്കരുത്തുകാട്ടിയപ്പോള് ഹൈദരബാദി സംഘം എളുപ്പം എത്തിപ്പിടിക്കാനാവാത്ത സ്കോറില്‍ ചെന്നുനിന്നു. ഋഷി ധവാന് രണ്ടിരകളെ കണ്ടെത്തി.
കിംഗ്സ് ഇലവനു വീരേണ്ടര്‍ സെവാഗിനെ (4) ആദ്യമേ നഷ്ടപ്പെട്ടു. വീരു മാത്രമെ നിറംമങ്ങിയുള്ളു. മനന്‍ വോഹ്റ (20 പന്തില്‍ 47), വൃദ്ധിമാന്‍ സാഹ (26 പന്തില്‍ 54) എന്നിവര്‍ നിറഞ്ഞാടിയ നിമിഷങ്ങളില്‍ സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ വിറകൊണ്ടു. പേസ് ബാറ്ററി ഡെയ്ല്‍ സ്റ്റെയ്നുപോലും ഈ സഖ്യത്തെ തടയാനായില്ല. 22 പന്തില്‍ 43മായി ഗ്ലെന്‍ മാക്സ്വെല്ലും റണ്‍മഴ തോരാതെ കാത്തു. ഡേവിഡ് മില്ലറും (24) ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലിയും (19 പന്തില്‍ 35) ബാറ്റണ്‍ വീറോടെ ഏറ്റുവാങ്ങുകകൂടി ചെയ്തപ്പോള്‍ സൂപ്പര്‍ കിംഗ്സ് ഉശിരന്‍ ജയത്തിലേക്ക് കുതിച്ചു. 18-ാം ഓവറില്‍ സ്റ്റെയ്നെ രണ്ടുതവണ ഗ്യാലറിയിലെത്തിച്ചും അതിര്‍ത്തി കടത്തിയും കൈത്തരിപ്പുതീര്ത്ത ബെയ്ലിയാണ് സൂപ്പര്‍ കിംഗ്സിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. സാഹ കളിയിലെ കേമന്‍.
















