ന്യൂദല്‍ഹി: മഴ നിരന്തരം വിഘാതം സൃഷ്ടിച്ച മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ഹൈദരാബാദ് സണ്‍റൈസേഴ്സിന് ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം എട്ട് വിക്കറ്റിന്റെ ജയം.
ആദ്യം ബാറ്റ് ചെയ്ത ഡെയര്‍ ഡെവിള്‍സ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. മഴയെത്തിയ വേളകളില്‍ സണ്‍റൈസേഴ്സിന്റെ ലക്ഷ്യം ആദ്യം 15 ഓവറില്‍ 117ആയും പിന്നെ 12 ഓവറില്‍ 97ആയും ഒടുവില്‍ അഞ്ച് ഓവറില്‍ 43ആയുമൊക്കെ പുതുക്കി നിശ്ചയിച്ചു. അവസാന കണക്കായ 43 റണ്‍സ് 4.2 ഓവറില്‍ സണ്‍റൈസേഴ്സ് മറികടന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ ആദ്യ നാലിലെത്താനും ഹൈദരാബാദി സംഘത്തിനായി (8പോയിന്റ്). ഹോം ഗ്രൗണ്ടില്‍ ഇതു ഡെയര്‍ ഡെവിള്‍സിന്റെ നാലാം തോല്‍വിയും.
ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് (39) കെവിന്‍ പീറ്റേഴ്സന്‍ (35), മായാങ്ക് അഗര്‍വാള്‍ (25), ലക്ഷ്മി രത്തന്‍ ശുക്ല (21) എന്നിവരുടെ ബാറ്റിംഗാണ് ഡെയര്‍ ഡെവിള്‍സിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
അവസാന അഞ്ച് ഓവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങിയ സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ നല്ല സ്കോറെന്ന ഡെവിള്‍സിന്റെ മോഹം തകര്‍ത്തു. ഡെയ്‌ല് സ്റ്റെയ്നും മോയ്സസ് ഹെന്‍റിക്സും അമിത് മിശ്രയും രണ്ടു വിക്കറ്റുകള്‍ വീതം പോക്കറ്റലാക്കി. മിശ്ര ഐപിഎല്ലില്‍ 100 വിക്കറ്റും തികച്ചു. മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്സിന് ആരോണ്‍ ഫിഞ്ച് (4), നായകന്‍ ശിഖര്‍ ധവാന്‍ (4) എന്നിവരെ നഷ്ടമായി. എങ്കിലും ഡേവിഡ് വാര്‍ണറും (12 നോട്ടൗട്ട്), നമാന്‍ ഓജയും (13 നോട്ടൗട്ട്) ചേര്‍ന്ന് ടീമിനെ വിജയതീരമണച്ചു. സ്റ്റെയ്ന്‍ കളിയിലെ കേമന്‍.
















