ബംഗളൂരു: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് റോയല്‍ ചലഞ്ചേഴ്‌സിനെതിരെ 32 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. ഡേവിഡ് മില്ലറുടെ (29 പന്തില്‍ 66, എട്ട് ഫോര്‍, മൂന്ന് സിക്സ്) തകര്‍പ്പനടികളാണ് പഞ്ചാബിപ്പടയ്‌ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. വീരേണ്ടര്‍ സെവാഗ് (24 പന്തില്‍ 30), മന്‍ദീപ് സിംഗ് (15 പന്തില്‍ 21), ഗ്ലെന്‍ മാക്സ്‌വെല്‍ (11 പന്തില്‍ 25) എന്നിവരും തരക്കേടില്ലാത്ത സംഭാവനകള്‍ നല്‍കി. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 166 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
പതിവുപോലെ ബാറ്റിങ് വെടിക്കെട്ടുതന്നെ കിംഗ്സ് ഇലവന്‍ കാഴ്‌ച്ചവച്ചു. മിച്ചല്‍ സ്റ്റാര്‍ക്കിനെ അതിര്‍ത്തികടത്തി വീരു അതിനു തുടക്കമിട്ടു. ആദ്യ ഓവറില്‍ സ്റ്റാര്‍ക്കിനെ ഫൈന്‍ ലെഗിലൂടെ ബൗണ്ടറിയിലെത്തിക്കാനും സെവാഗിനായി. പിന്നാലെ ആല്‍ബി മോര്‍ക്കലിന്റെയും ഹര്‍ഷല്‍ പട്ടേലിന്റയും പന്തുകള്‍ സെവാഗിന്റെയും മന്‍ദീപിന്റെയും ബാറ്റിലൂടെ പരസ്യപ്പലകളില്‍ മുട്ടിനിന്നു. മന്‍ദീപിനെ മോര്‍ക്കലിന്റെ കൈകളിലെത്തിച്ച് പട്ടേലാണ് ഓപ്പണിങ് സഖ്യം പൊളിച്ചത്. മാക്സവെല്‍ വന്നപാടെ തല്ലു തുടങ്ങി, പട്ടേല്‍ ബൗണ്ടറി താണ്ടി. ഏഴാം ഓവറില്‍ സെവാഗിനെ ലെഗ് സ്പിന്നര്‍ യശ്വേന്ദ്ര ചഹല്‍ തിരിച്ചയച്ചു.
യുവരാജ് സിംഗ് എറിഞ്ഞ അടുത്ത ഓവറില്‍ രണ്ടു സിക്സറും ഫോറും കുറിച്ച മാക്സ്‌വെല്‍ പതിവു ശൈലിയിലേക്കുയര്‍ന്ന നിമിഷം റോയല്‍ ചലഞ്ചേഴ്സിന്റെ ചങ്കിടിപ്പുകൂടി. ആളിക്കത്തിയ മാക്സ്‌വെല്ലിന്റെ അന്തകവേഷമണിയാനും ചഹലിനായിരുന്നു നിയോഗം. തുടര്‍ന്ന് വരുണ്‍ ആരോണിനെ മില്ലര്‍ മൂന്നു തവണ ബൗണ്ടറിക്കു ശിക്ഷിച്ചു, പഞ്ചാബിന്റെ സ്കോര്‍: 107/3 . പതിനൊന്നാം ഓവറില്‍ ചഹലിനെ മില്ലര്‍ ഗ്യാലറി കാട്ടിക്കൊടുത്തു. ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിക്കു (1) കഴിഞ്ഞ കളിയിലെ പ്രകടനം ആവര്‍ത്തിക്കാനായില്ല. സ്റ്റാര്‍ക്കിനെ ഹാട്രിക്ക് ഫോറുകള്‍ക്ക് പറത്തിക്കൊണ്ടാണ് ക്യാപ്റ്റനെ വീഴ്‌ത്തിയതിനു മില്ലര്‍ കണക്കുതീര്‍ത്തത്.
അതിലും വലിയ ആപത്തു വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. പട്ടേലിന്റെ ഓവറില്‍ പന്ത് മൂന്നു തവണ കാണികള്‍ക്കിടയില്‍ വീണു.; ഒരുവട്ടം റോപ്പില്‍ സ്പര്‍ശിച്ചു. ഒടുവില്‍ വരുണ്‍ ആരോണിന്റെ പന്തില്‍ ചഹലിനു പിടി നല്‍കി മില്ലര്‍ തിരിച്ചുനടന്നു.
വൃദ്ധിമാന്‍ സാഹ (16) വേഗത്തില്‍ സ്കോര്‍ ചെയ്തില്ല. മിച്ചല്‍ ജോണ്‍സന്‍ (16) പുറത്താകാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി സ്റ്റാര്‍ക്കും ചഹലും പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
ബാംഗ്ലൂര്‍ നിരയില്‍ ഡി വില്ലേഴ്‌സ് (53) സ്റ്റാര്‍ക്ക് (29) എന്നിവര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനം വിജയം കണ്ടില്ല. ഗെയില്‍ (4), പാര്‍ഥിപ് പട്ടേല്‍ (14), കോഹ് ലി (0) യുവരാജ് (3) എന്നിവര്‍ എളുപ്പത്തില്‍ പവലിയനിലേക്ക് മടങ്ങിയതും ബാംഗ്ലൂരിന് തിരിച്ചടിയായി. പഞ്ചാബിന് വേണ്ടി സന്ദീപ് ശര്‍മ 3ഉം ബാലാജി ശിവം ശര്‍മ എന്നിവര്‍ 2 വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
















