മുംബൈ: ഐപിഎല്‍ ഏഴാം പതിപ്പില്‍ ആദ്യഘട്ടത്തിലെ പരാജയ പരമ്പരകള്‍ക്കുശേഷം നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം വിജയം. കഴിഞ്ഞ ദിവസം കിംഗ്സ് ഇലവന്‍ പഞ്ചാബിനെ കീഴടക്കിയ മുംബൈ ഇന്ത്യന്‍സ് ചൊവ്വാഴ്ച രാത്രി വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 19 റണ്‍സിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും കീഴടക്കി. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ ഏറ്റുവാങ്ങി പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലായിരുന്ന മുംബൈ ബാംഗ്ലൂരിനെതിരായ വിജയത്തോടെ ആറാം സ്ഥാനത്തേക്ക് കയറി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും പൊള്ളാര്‍ഡിന്റെയും തകര്‍പ്പന്‍ ബാറ്റിംഗും ബംറാഹിന്റെയും ഹര്‍ഭജന്റെയും മലിംഗയുടെയും മികച്ച ബൗളിംഗുമാണ് മുംബൈ ഇന്ത്യന്‍സിന് രണ്ടാം വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട മുംബൈ 35 പന്തില്‍ നിന്ന് മൂന്ന് ഫോറും നാല് സിക്സറുമടക്കം പുറത്താവാതെ 59 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും 31 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത പൊള്ളാര്‍ഡിന്റെയും 28 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ഗൗതമിന്റെയും കരുത്തിലാണ് 187 റണ്‍സ് അടിച്ചുകൂട്ടിയത്. ബാംഗ്ലൂര്‍ ബൗളര്‍മാര്‍ എക്സ്ട്രായായി നല്‍കിയ 25 റണ്‍സും മുംബൈക്ക് തുണയായി.
ഇതിനിടെ മുംബൈയുടെ പൊള്ളാര്‍ഡും റോയല്‍ ചലഞ്ചേഴ്സിന്റെ ബൗളര്‍ സ്റ്റാര്‍ക്കും തമ്മില്‍ കയ്യാങ്കളിയുടെ വക്കിലെത്തുകയും ചെയ്തു. മുംബൈയുടെ ബാറ്റിങ്ങിനിടയിലാണ് തര്‍ക്കമുണ്ടായത്. 16-ാത്തെ ഓവറില്‍ നാലാം ബൗളില്‍ പൊള്ളാര്‍ഡ് ക്രീസില്‍ നിന്ന് മാറിയിട്ടും സ്റ്റാര്‍ക്ക് ബൗള്‍ ചെയ്തതാണ് വിന്‍ഡീസ് താരത്തെ പ്രകോപിച്ചത്. തുടര്‍ന്ന് സ്റ്റാര്‍ക്കിന് എതിരെ പൊള്ളാര്‍ഡ് ബാറ്റ് വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും വക്കേറ്റം ഉണ്ടായെങ്കിലും ക്രിസ് ഗെയിലും അംപയര്‍മാരും ഇടപെട്ട് ഇരുവരെയും പിന്തിരിക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 12.3 ഓവറില്‍ രണ്ടിന് 117 എന്ന ശക്തമായ നിലയില്‍ നിന്ന് അവിശ്വസനീയമായ രീതിയില്‍ തകര്‍ന്നടിഞ്ഞതാണ് തിരിച്ചടിയായത്. ബാംഗ്ലൂരിന് വേണ്ടി ക്രിസ് ഗെയില്‍ (24 പന്തില്‍ 38), പാര്‍ത്ഥിവ് പട്ടേല്‍ (19 പന്തില്‍ 26), വിരാട് കോഹ്ലി (28 പന്തില്‍ 35), റിലീ റോസോവ് (14 പന്തില്‍ 24) എന്നിവര്‍ മികച്ച പ്രകടനം നടത്തിയതോടെ ബാംഗ്ലൂര്‍ അനായാസം വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ തുടര്‍ന്നെത്തിയവരെല്ലാം മുംബൈ ബൗളിംഗിന് മുന്നില്‍ വിറച്ചതോടെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ഡിവില്ലിയേഴ്സ് (9), യുവരാജ് (6) തുടങ്ങിയവര്‍ പരാജയപ്പെട്ടതും അവര്‍ക്ക് തിരിച്ചടിയായി. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ച്.
















