കര്‍ത്തവ്യ വിഭജനമെന്ന നിയമത്തിന് വിധേയമാണ് നമ്മുടെ ഈ ലോകം. ഒരുവന്‍ സര്‍വ്വവും സ്വാധീനമാക്കുമെന്ന് കരുതുന്നതെല്ലാം വെറുതേ. എന്നിട്ടും എത്ര ബാലിശരാണ് നാം! ലോകത്തിലാകെക്കൂടി ലോഭനീയമായൊന്നു തന്റെ പാവമാത്രമാണെന്ന് അറിവില്ലാത്ത ബാലന്‍ കരുതുന്നു. അതേമാതിരി ഭൗതികഭൂമിയില്‍ മുതിര്‍ന്ന ഒരു ജനത, പ്രാര്‍ത്ഥനീയമായിട്ട് അതൊന്നേ ഉള്ളൂവെന്ന് വിചാരിക്കുന്നു. അതുമാത്രമാണ് പുരോഗമനമെന്ന് കരുതുന്നു, അതുതന്നെ പരിഷ്കാരമെന്ന് ഭ്രമിക്കുന്നു; ഈ വക ഭൗതിക സമ്പത്തുകളെ കൊതിക്കാത്ത ഒരു ജനതയുണ്ടെങ്കില്‍, അവര്‍ക്ക് തന്മൂലമായ ശക്തി കൈവശമില്ലെങ്കില്‍, അവര്‍ ജീവിക്കാന്‍ അര്‍ഹരല്ല; അവരുടെ ജീവിതമത്രയും വ്യര്‍ത്ഥം! പ്രത്യുത, കേവലം ഭൗതികപരിഷ്കാരം നിശ്ശേഷം നിഷ്പ്രയോജനമെന്ന് വേറൊരു സമുദായം ചിന്തിച്ചുവെന്നും വരാം. ‘സൂര്യന് കീഴെയുള്ളതെല്ലാം കയ്യടക്കിയാലും ആത്മബോധമില്ലെങ്കില്‍ എന്തുകാര്യം’ എന്ന് ഒരിക്കല്‍ ലോകത്തോട് ചോദിച്ച വാക്ക് കിഴക്കുനിന്നും പുറപ്പെട്ടും. ഇതാണ് പൗരസ്ത്യരീതി, മറ്റതു പാശ്ചാത്യവും.
– സ്വാമി വിവേകാനന്ദന്‍
















