പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതപദ്ധതി നിര്‍ത്തിവെയ്‌ക്കുന്നത് പമ്പാനദിയിലെ വ്യവസ്ഥയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പമ്പാപരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ.സുകുമാരന്‍ നായര്‍ . പെന്‍സ്റ്റോക്ക് പൈപ്പുകളുടെ അറ്റകുറ്റപണികള്‍ക്ക് മെയ് 20-ാം തീയതി മുതല്‍ 45 ദിവസത്തേക്ക് പദ്ധതിപ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കാനാണ് തീരുമാനം.പമ്പയിലെ ജലവ്യവസ്ഥയിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിച്ചശേഷമാകണം നടപടിസ്വീകരിക്കേണ്ടതെന്ന് അദ്ദേഹം കളക്ടര്‍ക്കു നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.
പമ്പയിലെ നീരൊഴുക്ക് ക്രമപ്പെടുത്തുന്നത് ശബരിഗിരി പദ്ധതിയിലെ അവശിഷ്ട ജലമാണ്. നദിയുടെ അടിത്തട്ട് കോഴഞ്ചേരി വരെയും സമുദ്രനിരപ്പില്‍ നിന്ന് താഴ്‌ന്നാണ്. വേനല്‍ക്കാലത്ത് ഒഴുക്കുനിലച്ച് വേമ്പനാടുകായലിന്റെ ജലവിതാനത്തിനു സമമാണ് പമ്പയിലെ ജലനിരപ്പ്. വേലിയേറ്റസമയത്ത് കായലില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയുന്നത് പമ്പയിലെ ശുദ്ധജല പ്രവാഹമാണ്. ദീര്‍ഘകാലം ശുദ്ധജല പ്രവാഹം ഇല്ലാതായില്‍ ഉപ്പുവെള്ളം തള്ളിക്കയറും.
കൂടാതെ ഭൂഗര്‍ഭജലം താഴുന്നതോടെ നദീതീരങ്ങളില്‍ അനുഭവിക്കുന്ന ജലക്ഷാമം രൂക്ഷമാകും. പത്തനംതിട്ട , ആലപ്പുഴ ജില്ലകളിലെ 40 ലക്ഷത്തോളം പേരുടെ ജലാവശ്യം നിറവേറ്റുന്നത് പമ്പയാണ്.
സ്വന്തം ലേഖകന്‍
















