ഹൈദരാബാദ്: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ പത്ത് കോടി വ്യാജ അക്കൗണ്ടുകള്‍. ലോകമൊട്ടുക്കു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ വ്യാജ അക്കൗണ്ടുകളില്‍ അധികവും ഇന്ത്യയിലാണെന്നും ഫേസ്ബുക്ക് പുറത്തിവിട്ടിരിക്കുന്ന കണക്കില്‍ പറയുന്നു. ഏതാണ്ട് അഞ്ചു ലക്ഷം മുതല്‍ പതിനഞ്ചു ലക്ഷം വരെ വ്യാജ അക്കൗണ്ടുകളാണ് ഇന്ത്യയിലുള്ളത്. സൈറ്റ് മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ പാലിക്കാതെ ഒരു വ്യക്തി തന്ന ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും ഫേസ്ബുക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യാജ അക്കൗണ്ടുകളുടെ ഉപയോഗത്തില്‍ ഇന്ത്യയും തുര്‍ക്കിയും ഏറെ മുന്നിലാണെന്ന് പറഞ്ഞിരുന്നു.
മാര്‍ച്ച് 31 വരെ മാസ ഉപയോക്താക്കളുടെ എണ്ണം 1.28 ബില്യണാണ്. മാര്‍ച്ച് വരെ ഫേസ്ബുക്ക് ഉപയോഗത്തില്‍ 15 ശതമാനം വരെ വര്‍ധനവും ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലേയും ബ്രസീലിലേയും ഉപയോക്താക്കളാണ് ഫേസ്ബുക്ക് വളര്‍ച്ചയുടെ പ്രധാനഘടകം. 2013-ലും 2014-ലും ഈ രാജ്യങ്ങളിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ കൃത്യമായതല്ലെന്നും, വ്യാജ അക്കൗണ്ടുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ത്ഥ കണക്ക് ഉടന്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
മൊബെയില്‍ വഴിയുള്ള ഫേസ്ബുക്ക് ഉപയോഗം വര്‍ധിച്ചത് ലോകത്തിലെ തന്നെ ഫേസ്ബുക്ക് വര്‍ധനയ്‌ക്ക് കാരണമായിട്ടുണ്ട്. ഇന്ത്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് മൊബെയില്‍വഴി ഫേസ്ബുക്ക് കൂടുതലായും ഉപയോഗിക്കുന്നത്.
നിത്യേനയുള്ള ഫേസ്ബുക്ക് ഉപയോഗത്തില്‍ 21 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. മാര്‍ച്ച് വരെ 802 മില്യണ്‍ ആയിരുന്നു ശരാശരി ഉപയോഗം. ഇന്ത്യയും, ബ്രസീലും, അമേരിക്കയുമാണ് ഇക്കാര്യത്തിലും മുന്നില്‍.
















