ബാംഗ്ലൂര്‍: സ്വന്തം മൈതാനമായ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ജയം. ഒരു പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂരിന്റെ വിജയം.
ബാംഗ്ലൂരിനായി 41 പന്തില്‍ 89 റണ്‍സ് നേടിയ എബി ഡിവില്ലേഴ്‌സാണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണറുടെയും(49 പന്തില്‍ 61), നായകന്‍ ശിഖര്‍ ധവാന്റെയും(36 പന്തില്‍ 37) ബാറ്റിങ്ങാണ് അവര്‍ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിനിങ്ങിനിറങ്ങിയ ബാംഗ്ലൂരിനെ തോല്‍വിയുടെ വക്കില്‍ നിന്നും ഡിവില്ലേഴ്‌സിന്റെ തകര്‍പ്പന്‍ അടികള്‍ വിജയത്തിലെത്തിക്കുകയായിരുന്നു. എട്ട് കൂറ്റന്‍ സിക്‌സറുകളും ആറ് വെടിക്കെട്ട് ഫോറുകളും ഡിവില്ലേഴ്‌സിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
തുടക്കത്തില്‍ പാര്‍ത്ഥിവ് പട്ടേലിനെയും(മൂന്ന്) നായകന്‍ വിരാട് കോഹ് ലിയെയും (0) ആറ് റണ്‍സിനുള്ളില്‍ നഷ്ടമായ ബാംഗ്ലൂര്‍ ക്രിസ് ഗെയ്ല്‍(27) നടത്തിയ പോരാട്ടത്തില്‍ 37 റണ്‍സ് വരെയെത്തിയെങ്കിലും ഗെയ്ല്‍ കരണ്‍ ശര്‍മ്മയുടെ ബൗളില്‍ സമി പിടിച്ച് പുറത്തായതോടെ കളി കൈവിടുന്ന അവസ്ഥയിലെത്തി. പിന്നീടായിരുന്നു ഡിവില്ലേഴ്‌സിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങ് പ്രകടനം. ഹൈദരാബാദിനായി കരണ്‍ശര്‍മ്മ മൂന്നും ഭുവനേശ്വര്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി.
















