മുംബൈ: ലോകകപ്പ് ഫുട്ബോളിന് ആഴ്ച്ചകള്‍ മാത്രം അവശേഷിക്കെ ആരാധക ഹൃദയങ്ങള്‍ കാല്പ്പന്താട്ടത്തിനൊപ്പം താളംപിടിക്കാന്‍ കാത്തിരിക്കുകയാണ്. ജൂണ്‍ 12ന് ആരംഭിക്കുന്ന ഫുട്ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ കളിപ്രേമികള്‍ ഒരുങ്ങിക്കഴിഞ്ഞു. ബോളിവുഡ് താരം ജോണ്‍ എബ്രഹാമും ലോകകപ്പ് ആവേശത്തില്‍ അലിയാന്‍ കാത്തിരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. സ്പെയിനാണ് ജോണിന്റെ ഇഷ്ട ടീം.
ടിവിയില്‍ ലൈവായി കളി വീക്ഷിക്കാമെങ്കിലും, ഇത്തവണ ബ്രസീലില്‍ പോയി കുറച്ചു മത്സരങ്ങളെങ്കിലും നേരിട്ടു കാണണമെന്നാണ് ജോണിന്റെ ആഗ്രഹം. തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകളാണ് മുഴുവന്‍ സമയവും ബ്രസീലില്‍ ചെലവിടുന്നതില്‍ നിന്നും ജോണിനെ പിന്തിരിപ്പിക്കുന്നത്. ഏതൊക്കെ കളികള്‍ കാണുമെന്ന വിവരം ജോണ്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഭാര്യ പ്രിയയോ സുഹൃത്തുക്കളോ ജോണിനെ അനുഗമിക്കുമോയെന്നതും വ്യക്തമല്ല. ഒരു തരത്തിലും ജോലിയെ ബാധിക്കാത്ത വിധത്തിലാവും ബ്രസീല്‍ യാത്രയെന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
















