മുംബൈ: ഒടുവില്‍ പഞ്ചാബിന്റെ യാഗാശ്വത്തിന് മൂക്കുകയര്‍. ഇന്നലെ നടന്ന ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സാണ് തുടര്‍ച്ചയായ ആറാം വിജയം ലക്ഷ്യമിട്ടിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ കുതിപ്പിന് തടയിട്ടത്. ഏറെ ആവേശകരമായ പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്സ് ഇലവനെ പരാജയപ്പെടുത്തിയത്. ആറ് മത്സരങ്ങള്‍ കളിച്ച മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വൃദ്ധിമാന്‍ സാഹയാണ് ടോപ് സ്കോറര്‍. മാക്സ്‌വെല്‍ 45 റണ്‍സുമെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്താണ് ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. 39 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ടോപ് സ്കോറര്‍. ആന്‍ഡേഴ്സണ്‍ (35), ഗൗതം (33), പൊള്ളാര്‍ഡ് (28 നോട്ടൗട്ട്) എന്നിവരുടെ മികച്ച ബാറ്റിംഗാണ് വിജയം സമ്മാനിച്ചത്.
നേരത്തെ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സ്കോര്‍ 13 റണ്‍സിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഭേദപ്പെട്ട ബാറ്റിംഗ് നടത്തിയ സെവാഗാണ് ആദ്യം മടങ്ങിയത്. ഒരു റണ്‍സെടുത്ത സെവാഗിനെ രോഹിത് ശര്‍മ്മ റണ്ണൗട്ടാക്കുകയായിരുന്നു. അധികം വൈകാതെ മറ്റൊരു ഓപ്പണറായ ചേതേശ്വര്‍ പൂജാരയും മടങ്ങി. 19 റണ്‍സെടുത്ത പൂജാരയെ കോറി ആന്‍ഡേഴ്സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഗൗതം പിടികൂടി. മൂന്നാം വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹക്കൊപ്പം വെടിക്കെട്ട് താരം ഗ്ലെന്‍ മാക്സ്‌വെല്‍ ഒത്തുചേര്‍ന്നതോടെ കിംഗ്സ് ഇലവന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി. 11.5 ഓവറില്‍ സ്കോര്‍ 93-ല്‍ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പതിവു ശൈലിയില്‍ തകര്‍ത്തടിച്ച മാക്സ്‌വെല്‍ 27 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്സറുമടക്കം 45 റണ്‍സെടുത്ത് ഹര്‍ഭജന്റെ പന്തില്‍ ബെന്‍ ഡെന്‍കിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് സാഹയും ജോര്‍ജ് ബെയ്‌ലിയും ചേര്‍ന്ന് സ്കോര്‍ 130-ല്‍ എത്തിച്ചു. 14 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ബെയ്‌ലിയെ ഹര്‍ഭജന്‍ ആന്‍ഡേഴ്സന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. അഞ്ചാം വിക്കറ്റില്‍ സാഹയും മില്ലറും ചേര്‍ന്ന് 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന ഓവറിലെ മൂന്നാം പന്തില്‍ 12 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത മില്ലറെ മലിംഗ ഡെന്‍കിന്റെ കൈകളിലെത്തിച്ചു. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഹര്‍ഭജന്‍ രണ്ടും ആന്‍ഡേഴ്സണ്‍, മലിംഗ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.
169 റണ്‍സിന്റെ ലക്ഷ്യത്തെ പിന്തുടര്‍ന്ന മുംബൈക്ക് ആദ്യ വിക്കറ്റ് 6 റണ്‍സ് മാത്രമുള്ള നഷ്ടമായി. 5 റണ്‍സെടുത്ത ഡെന്‍കിനെ സന്ദീപ് ശര്‍മ്മയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സാഹ പിടികൂടി. പിന്നീട് സ്കോര്‍ 23ലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. എട്ട് റണ്‍സെടുത്ത അമ്പാട്ടി റായിഡുവിനെ സന്ദീപ് ശര്‍മ്മ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ഗൗതമും രോഹിത് ശര്‍മ്മയും ചേര്‍ന്ന് സ്കോര്‍ 70-ല്‍ എത്തിച്ചു. എന്നാല്‍ 33 റണ്‍സെടുത്ത ഗൗതമിനെ ധവാന്‍ വിക്കറ്റിന് മുന്നില കുടുക്കിയതോടെ മുംബൈ വീണ്ടും പ്രതിരോധത്തിലായി. രോഹിത് ശര്‍മ്മക്ക് കൂട്ടായി കോറി ആന്‍ഡേഴ്സണ്‍ എത്തിയതോടെ മുംബൈയുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ വെച്ചു. എന്നാല്‍ മൂന്ന് റണ്‍സ്ടക്കുന്നതിനിടെ 39 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെയും 35 റണ്‍സെടുത്ത കോറി ആന്‍ഡേഴ്സനെയും നഷ്ടപ്പെട്ടതോടെ മുംബൈ അഞ്ചിന് 126 എന്ന നിലയിലേക്ക് തകര്‍ന്നു. 17 ഓവര്‍ അവസാനിക്കുമ്പോള്‍ മുംബൈ 128ന് അഞ്ച് എന്ന നിലയിലായിരുന്നു. അവസാന മൂന്ന് ഓവറില്‍ 41 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഈ ഘട്ടത്തില്‍ നിന്നാണ് പൊള്ളാര്‍ഡും ആദിത്യ താരെയും കൂടി മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. ബാലാജി എറിഞ്ഞ പതിനെട്ടാം ഓവറില്‍ 16 റണ്‍സ് നേടിയതോടെ വിജയലക്ഷ്യം രണ്ട് ഓവറില്‍ 25 റണ്‍സായി. മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ 19-ാം ഒാവറാണ് കളിയുടെ ഗതി മാറ്റിമറിച്ചത്. പൊള്ളാര്‍ഡ് വിശ്വരൂപം പൂണ്ടതോടെ ഈ ഒാവറില്‍ 20 റണ്‍സ് പിറന്നു. അവസാന ഓവര്‍ എറിഞ്ഞ സന്ദീപ് ശര്‍മ്മയുടെ ആദ്യ പന്ത് ലോംഗ് ഓഫിന് മുകളിലൂടെ സിക്സറിന് പറത്തി പൊള്ളാര്‍ഡ് വിജയറണ്ണും നേടി.
പൊള്ളാര്‍ഡ് 12 പന്തില്‍ നിന്ന് രണ്ട് ഫോറും സിക്സറുമടക്കം 28 റണ്‍സെടുത്ത് പുറത്താതെ നിന്നപ്പോള്‍ ആദിത്യതാരെ ആറ് പന്തില്‍ നിന്ന് ഒരു സിക്സറും ഫോറുമടക്കം 16 റണ്‍സുമായി ക്രീസില്‍ നിന്നു. മുംബൈയുടെ കോറി ആന്‍ഡേഴ്സനാണ് മാന്‍ ഓഫ് ദി മാച്ച്.
















