ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും പരാജയത്തിന്റെ കുഴിയില്‍. കഴിഞ്ഞയാഴ്ച പുതിയ പരിശീലകന്‍ റയാന്‍ ഗിഗ്സിന്റെ കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ യുണൈറ്റഡ് 4-0ന് നോര്‍വിച്ച് സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നലെ സ്വന്തം സ്റ്റേഡിയമായ ഒാള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ 1-0ന് ലീഗിലെ 17-ാം സ്ഥാനക്കാരായ സണ്ടര്‍ലാന്റാണ് യുണൈറ്റഡിനെ അട്ടിമറിച്ചത്. 30-ാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ ലാര്‍സനാണ് സണ്ടര്‍ലാന്റിന്റെ വിജയഗോള്‍ നേടിയത്. മത്സരത്തില്‍ മേധാവിത്വം പുലര്‍ത്തിയിട്ടും മികച്ചൊരു സ്ട്രൈക്കറുടെ അഭാവമാണ് യുണൈറ്റഡിന് തിരിച്ചടിയായത്. പരിക്കേറ്റ റൂണി കളിക്കാതിരുന്നതും അവര്‍ക്ക് തിരിച്ചടിയായി. മത്സരത്തിലുടനീളം 17 ഷോട്ടുകള്‍ എതിര്‍ ഗോള്‍മുഖത്തേക്ക് യുണൈറ്റഡ് താരങ്ങള്‍ പായിച്ചെങ്കിലും കാര്യമുണ്ടായില്ല. 66-ാം മിനിറ്റില്‍ ജുവാന്‍ മാട്ടക്ക് പകരം സൂപ്പര്‍ താരം റോബിന്‍ വാന്‍പെഴ്സി കളത്തിലിറങ്ങിയിട്ടും ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. 36 മത്സരങ്ങളില്‍ നിന്ന് 60 പോയിന്റുമായി യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ടോട്ടനം തോല്‍വി ഏറ്റുവാങ്ങി. വെസ്റ്റ് ഹാം യുണൈറ്റഡാണ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടോട്ടനത്തെ കീഴടക്കിയത്. വിജയത്തോടെ വെസ്റ്റ് ഹാം ഒരു സ്ഥാനം കയറി 12-ാമതെത്തി. 24-ാം മിനിറ്റില്‍ ടോട്ടനത്തിന്റെ യൂനസ്കാബോള്‍ ചുവപ്പുകാര്‍ഡ് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. 27-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെയാണ് വെസ്താം മുന്നിലെത്തിയത്. വെസ്റ്റ് ഹാമിന്റെ ആന്‍ഡി കാരളിന്റെ ഹെഡ്ഡര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഹാരി കീന്റെ ദേഹത്ത് തട്ടിയാണ് പന്ത് സ്വന്തം വലയില്‍ കയറിയത്. പിന്നീട് 44-ാം മിനിറ്റില്‍ സ്റ്റുവര്‍ട്ട് ഡൗണിംഗ് രണ്ടാം ഗോള്‍ നേടി. ബോക്സിന് പുറത്തുവച്ച് ലഭിച്ച ഫ്രീകിക്കാണ് ടോട്ടനം വലയില്‍ കയറിയത്. 37 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റുള്ള ടോട്ടനം പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് തുടരുകയാണ്.
മറ്റ് മത്സരങ്ങളില്‍ ആസ്റ്റണ്‍ വില്ല ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഹള്‍സിറ്റിയെയും ന്യൂകാസില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കാര്‍ഡിഫിനെയും സ്റ്റോക്ക് സിറ്റി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെയും പരാജയപ്പെടുത്തി. അതേസമയം എട്ടാം സ്ഥാനത്തുള്ള സതാമ്പ്ടണ്‍ ഇഞ്ച്വറി സമയത്ത് ലാംബര്‍ട്ട് നേടിയ ഏകഗോളിന് സ്വാന്‍സീ സിറ്റിയെ കീഴടക്കി.
















