മ്യൂണിക്ക്: ജര്‍മ്മ ടാങ്കുകളെ അഗ്നിക്കിരയാക്കി റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍ കടന്നു. തുടര്‍ച്ചയായി മൂന്നുതവണ സെമിഫൈനലില്‍ പുറത്തായശേഷമാണ് റയല്‍ കലാശപ്പോരാട്ടത്തിന് ടിക്കറ്റ് സ്വന്തമാക്കിയത്. സ്വന്തം ഗ്രൗണ്ടായ അലയന്‍സ് അരീനയില്‍ നടന്ന രണ്ടാം പാദ സെമിഫൈനലില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് മുന്‍ ചാമ്പ്യന്മാരായ റയലിനോട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പ്രതിരോധനിരയിലെ കരുത്തന്‍ സെര്‍ജിയോ റാമോസും നേടിയ ഇരട്ട ഗോളുകള്‍ക്കാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബയേണ്‍ തകര്‍ന്നുതരിപ്പണമായത്. ചാമ്പ്യന്‍സ് ലീഗിലെ ബയേണിന്റെ ഏറ്റവും നാണംകെട്ട തോല്‍വിയാണിത്. 2009-ല്‍ ബാഴ്സലോണയോടും ബയേണ്‍ 4-0ന് പരാജയപ്പെട്ടിരുന്നു. റയലാകട്ടെ മ്യൂണിക്കില്‍ കഴിഞ്ഞ ഒമ്പത് കളികളിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ ഈ പരാജയങ്ങള്‍ക്കെല്ലാം ആന്‍സലോട്ടിയുടെ കുട്ടികള്‍ പകരം വീട്ടി. 2012ന് ശേഷം ആദ്യമായാണ് റയല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.
ആദ്യ പാദത്തില്‍ 1-0 ത്തിന് തോറ്റതിനാല്‍ രണ്ടാം പാദത്തില്‍ മികച്ച വിജയം ലക്ഷ്യമിട്ടായിരുന്നു ബയറണിന്റെ നീക്കങ്ങള്‍. കൃത്യമായ അവസരങ്ങളില്‍ നടത്തിയ പ്രത്യാക്രമണത്തിലൂടെയാണ് റയല്‍ ഒന്നിന് പിറകെ ഒന്നായി നാല് തവണയും നിറയൊഴിച്ചത്. രണ്ട് പാദങ്ങളിലുമായി 5-0 വിജയവുമായാണ് റയല്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ഹാട്രിക്ക് ഫൈനല്‍ എന്ന ബയേണിന്റെ സ്വപ്നമാണ് കനത്ത പരാജയത്തിലൂടെ നഷ്ടമായത്.
മത്സരത്തില്‍ പന്ത് കൂടുതല്‍ സമയം കൈവശം വെച്ചിട്ടും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും പെപ്പെ ഗ്വാര്‍ഡിയോളയുടെ ബയേണ്‍ മ്യൂണിക്ക് ഗോളടിച്ചാലേ രക്ഷയുള്ളൂ എന്ന ബാലപാഠം മറന്നപോലെയാണ് കളിച്ചത്. ഗ്വാര്‍ഡിയോള ബാഴ്സലോണയില്‍ ഫലപ്രദമായി നടപ്പിലാക്കിയ ടിക്കി ടാക്ക ശൈലിയുമായി പന്ത് കാലുകളില്‍ വച്ച് അമ്മാനമാടിയിട്ടും റോബനും റിബറിയും മുള്ളറും ഉള്‍പ്പെട്ട താരനിരക്ക് ഒരിക്കല്‍ പോലും റയല്‍ പ്രതിരോധം കെട്ടിപ്പൊക്കിയ മതില്‍ തകര്‍ക്കാനോ പന്ത് വലയിലെത്തിക്കുവാനോ കഴിഞ്ഞില്ല. ഒപ്പം ബയേണിന്റെ പ്ലേമേക്കറായ ഫ്രാങ്ക് റിബറി നിറംമങ്ങിയതും അവര്‍ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ ഗാര്‍ഡിയോള റിബറിയെ പിന്‍വലിക്കുകയും ചെയ്തു.
മത്സരത്തിലുടനീളം 19 ഷോട്ടുകള്‍ ബയേണ്‍ താരങ്ങള്‍ പായിച്ചു. ഇതില്‍ നാലെണ്ണം മാത്രമാണ് പോസ്റ്റിന്‍ ലക്ഷ്യമാക്കി പാഞ്ഞത്. അതേസമയം റയല്‍ ഉതിര്‍ത്ത 13 ഷോട്ടുകളില്‍ അഞ്ചെണ്ണം വലയിലേക്കായിരുന്നു. ഇതില്‍ നാലെണ്ണം ഗോളാവുകയും ചെയ്തു. അതേസമയം മികച്ച പ്രത്യാക്രമണവുമായി ബയേണ്‍ ബോക്സിലേക്ക് പറന്നുകയറിയ റയല്‍ താരങ്ങള്‍ കിട്ടിയ അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ചതാണ് ബയേണിന് കനത്ത തിരിച്ചടിയായത്.
മത്സരം ആരംഭിച്ച് ഒമ്പതാം മിനിറ്റില്‍ ഗരെത്ത് ബെയ്‌ലും 12-ാം മിനിറ്റില്‍ ഡി മരിയയും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിന് ശേഷമാണ് റയല്‍ ആദ്യ ഗോള്‍ നേടിയത്. 16-ാം മിനിറ്റില്‍ റാമോസിന്റെ ബുള്ളറ്റ് ഹെഡ്ഡറിലൂടെയാണ് ആദ്യഗോള്‍ പിറന്നത്. ലൂക്കാ മോഡ്രിച്ച് എടുത്ത കോര്‍ണര്‍ കിക്കാണ് വെടിയുണ്ടകണക്കെയുള്ള ഹെഡ്ഡറിലൂടെ സെര്‍ജിയോ റാമോസ് ബയേണ്‍ വലയിലെത്തിച്ചത്. നാല് മിനിറ്റിനുശേഷം റാമോസിലൂടെ റയല്‍ ലീഡ് ഉയര്‍ത്തി.
അവര്‍ക്ക് അനുകൂലമായി കിട്ടിയ ഫ്രീകിക്കിനൊടുവിലാണ് ഗോള്‍. ഡി മരിയ എടുത്ത കിക്കിന് ഉയര്‍ന്നുചാടിയ പെപ്പെ പന്ത് ഹെഡ്ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും തലയില്‍ത്തട്ടി ഉയര്‍ന്നു. കാത്തുനിന്ന റാമോസ് വീണ്ടുമൊരുജ്ജ്വല ഹെഡ്ഡറിലൂടെ പന്ത് ബയേണ്‍ വലയിലെത്തിച്ചു. തൊട്ടുപിന്നാലെ ബയേണിന്റെ ഫ്രാങ്ക് റിബറിയും മരിയോ മാന്‍സുകിച്ചും ഗോള്‍നേടാനുള്ള അവസരങ്ങള്‍ നഷ്ടമാക്കി. 34-ാം മിനിറ്റില്‍ റയല്‍ മൂന്നാം ഗോളും നേടി. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ സ്വന്തം പകുതിയില്‍ നിന്ന് പന്ത് പിടിച്ചെടുത്ത ഡി മരിയ കരിം ബെന്‍സേമക്ക് പാസ് നല്‍കി. ബെന്‍സേമ ഒപ്പം ഓടിക്കയറിയ ബെയ്‌ലിനും ബെയ്‌ല് പന്ത് ബോക്സിനുള്ളിലേക്ക് ക്രിസ്റ്റ്യാനോക്കും കൈമാറി. പന്ത് കിട്ടിയ റൊണാള്‍ഡോ ബയേണ്‍ ഗോളി ന്യുയറിന്റെ കാലുകള്‍ക്കിടയിലൂടെ വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ ബയേണ്‍ ഗോള്‍ മടക്കുന്നതിന് വേണ്ടി കിണഞ്ഞു പരിശ്രമിച്ചെങ്കിലും അവര്‍ക്ക് മുന്നില്‍ റയല്‍ പ്രതിരോധവും ഗോളി ഇകര്‍ കസിയസും ബാലികേറാമലയായി നിലയുറപ്പിച്ചു. ഇതിനിടെ റയല്‍ മാഡ്രിഡും ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ മത്സരത്തിന്റെ 89-ാം മിനിറ്റില്‍ റയല്‍ പട്ടിക പൂര്‍ത്തിയാക്കി. ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. 24 മീറ്റര്‍ അകലെ നിന്ന് ക്രിസ്റ്റ്യാനോ എടുത്ത കിക്ക് ഉയര്‍ന്നുവരുമെന്ന് കാത്തിരുന്ന ബയേണ്‍ ഗോളിയെ അസ്ത്രപ്രജ്ഞനാക്കി മികച്ചൊരു ഗ്രൗണ്ട് ഷോട്ടിലൂടെ പന്ത് വലയില്‍ കയറുകയായിരുന്നു.
















