ഒരിക്കല്‍ ദുര്യോധനന്റെ പ്രേരണയാല്‍ ദുര്‍വ്വാസാവു മഹര്‍ഷിയും ശിഷ്യരും പാണ്ഡവരെ സന്ദര്‍ശിക്കാനെത്തി. ധര്‍മപുത്രര്‍ മുനിയെയും ശിഷ്യരെയും ഭക്ഷണത്തിന് ക്ഷണിച്ചു. കുളികഴിഞ്ഞ് ഭക്ഷണം കഴിക്കാമെന്നുകരുതി മുനിമാര്‍ കുളിക്കാന്‍ പോയി. ഈ വിവരമറിഞ്ഞ പാഞ്ചാലി പരിഭ്രമിച്ചു. ഭക്ഷണത്തിന് ക്ഷണിച്ചുകഴിഞ്ഞു. കുളികഴിഞ്ഞുവരുമ്പോള്‍ ഭക്ഷണമില്ലെന്നുപറഞ്ഞാല്‍ ക്ഷിപ്രകോപിയായ മുനി ശപിക്കും. പതിവുപോലെ ദ്രൗപദി തന്റെ രക്ഷകനായ കൃഷ്ണനില്‍ അഭയം തേടി. സ്മരിച്ച ഉടന്‍ ഭഗവാന്‍ പാഞ്ചാലിയുടെ മുന്നിലെത്തി. വന്നയുടന്‍ ‘വിശക്കുന്നു, ആഹാരം തരൂ’ എന്ന് ഭഗവാന്‍ പാഞ്ചാലിയോട് ആവശ്യപ്പെട്ടു. തന്റെ ആഹാരം കഴിഞ്ഞു എന്ന സത്യം പാഞ്ചാലി പറഞ്ഞെങ്കിലും ഭഗവാന്‍ അക്ഷയപാത്രം കാണണമെന്ന് നിര്‍ബന്ധിച്ചു. പാഞ്ചാലി ഒഴിഞ്ഞ പാത്രം കൊണ്ടുകൊടുത്തു. അതിനുള്ളില്‍ ചീരയിലയുടെ ഒരു ചെറിയ അംശം പറ്റിപ്പിടിച്ചിരുന്നു. അതു ചുരണ്ടിയെടുത്തു ഭക്ഷിച്ച് ‘വിശപ്പടങ്ങി’ എന്നുപറഞ്ഞ് പാഞ്ചാലിയെ അനുഗ്രഹിച്ച് ഭഗവാന്‍ യാത്രയായി. ഭഗവാന്‍ ചീരയില തിന്നതോടെ ദുര്‍വ്വാസാവിന്റെയും ശിഷ്യരുടെയും വയര്‍ നിറഞ്ഞു. ഒരു നല്ല സദ്യ ഉണ്ട നിറവ് അനുഭവപ്പെട്ട അവര്‍ ‘ഇതെന്ത്?’ എന്ന് അദ്ഭുതപ്പെട്ടു. സര്‍വജ്ഞനായ ദുര്‍വാസാവ് ഭഗവാന്റെ ലീലയാണെന്നറിഞ്ഞ് സംതൃപ്തനായി മടങ്ങി. പാഞ്ചാലിക്ക് ദുഃഖങ്ങള്‍ നിരവധിയായിരുന്നുവെങ്കിലും ഭഗവാന്റെ രക്ഷാഹസ്തം എപ്പോഴും ആലംബമായി ഉണ്ടായിരുന്നു (354, 356 നാമങ്ങളുടെ വ്യാഖ്യാനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നാരായണീയം 86-ാം ദശകത്തിലെ നാലാം ശ്ലോകത്തില്‍ സംഗ്രഹിച്ചിട്ടുണ്ട്.)
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















