ആറന്മുള : കേരളത്തിന്റെ കാര്‍ഷിക സമൃദ്ധിയെ ഇല്ലാതാക്കി നെല്‍വയലുകളും തണ്ണീര്‍തടങ്ങളും മണ്ണിട്ടുമൂടി നടത്തുന്ന വികസനത്തിനെതിരെ അന്താരാഷ്ട്രാ വിത്ത് ദിനമായ ഏപ്രില്‍ 26 ന് ആറന്മുള വിമാനത്താവള വിരുദ്ധ അനിശ്ചിതകാല സത്യഗ്രഹപന്തലില്‍ കര്‍ഷകസംഗമം സംഘടിപ്പിച്ചു. സത്യഗ്രഹത്തിന്റെ 75-ാം ദിവസം സംഘടിപ്പിച്ച കര്‍ഷകസംഗമത്തില്‍ ആറന്മുളയിലെ പുഞ്ചപ്പാടത്തെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും പങ്കു ചേര്‍ന്നു. കേരള കര്‍ഷകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. രാമകൃഷ്ണന് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
ആറന്മുളയില് നടപ്പാക്കുവാനൊരുങ്ങുന്ന വികസനം കര്‍ഷകവിരുദ്ധമാണ്. ആറന്മുളയിലെ നെല്‍വയലുകള്‍ നികത്തുവാന്‍ അനുവദിച്ചാല്‍ കുട്ടനാടും പാലക്കാടും ഉള്‍പ്പെടെ കേരളത്തിലെ നെല്ലറകള്‍ എല്ലാംതന്നെ നികത്തപ്പെടുമെന്നും കെ.വി. രാമകൃഷ്ണന് പറഞ്ഞു. കേരളത്തിലെ നെല്‍വയലുകളില്‍ നെല്‍കൃഷി നിര്‍ത്തി, വയലുകള്‍ നികത്തി വ്യവസായങ്ങള്ക്കുപയോഗിക്കുകയും അതിനുപയോഗിക്കുന്ന ജലം കച്ചവടവസ്തുവാക്കുകയും വേണമെന്ന കേന്ദ്ര പ്ലാനിംങ്ങ് ഉപാദ്ധ്യക്ഷന്റെ കാഴ്ചപ്പാട് ഭയാനകമാണ്. കാര്‍ഷിക സംസ്കാരവും ക്ഷേത്രസംസ്കാരവും പരസ്പര പൂരകമാണ്. ആയതിനാല്‍ ആറന്മുള ചിന്തിക്കേണ്ടത് കൃഷിയെപ്പറ്റിയാണെന്നും കേരളത്തിന് ആവശ്യമുള്ള 40 ലക്ഷം ടണ്‍ അരിയില്‍ 8 ശതമാനം അരിമാത്രമാണ് നമ്മള് ഉല്‍പ്പാദിപ്പിക്കുന്നതെന്നും ബാക്കിയുള്ള നെല്‍പ്പാടങ്ങള്‍ കൂടി നശിപ്പിച്ചാല്‍ സര്‍വ്വനാശം സംഭവിക്കുമെന്നും കെ.വി. രാമകൃഷ്ണന് അഭിപ്രായപ്പെട്ടു.
കര്‍ഷകര്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ഒരു വികസന നയമാണ് നൂറു ശതമാനം കൃഷിയോഗ്യമായ കേരളത്തിനു ആവശ്യമെന്ന് മുഖ്യ പ്രഭാഷകന്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്. മുരളിധരന് അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രമുഖ ദീര്‍ഘദൂര ഓട്ടക്കാരന് എസ്. ബാഹുലേയന്, കെ. ശ്രീനിവാസന് എന്നിവര്‍ മണ്ണടിയില്‍ നിന്നും ആറന്മുളയിലെ സമരപന്തലിലേക്ക് ഓടിയെത്തി സത്യഗ്രഹത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഗായകന് പി.സി. ജോബി മാസ്റ്ററുടെ നേതൃത്വത്തില്‍ പത്മശ്രീ കെ.സി. വര്‍ഗീസ് മെമ്മോറിയല്‍ ഗാനമേള പന്തലില്‍ അരങ്ങേറി.
കേരളസംസ്ഥാന കര്‍ഷക സംഘടന സംസ്ഥാന സെക്രട്ടറി എം.കെ. ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ആറന്മുള കുറുന്താര്‍ പാടശേഖരസമിതി സെക്രട്ടറി ഉത്തമന് കുറുന്താര്‍ സ്വാഗതം പറഞ്ഞു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്. കുട്ടപ്പന് നായര്‍, ജില്ലാ പഞ്ചായത്ത് അംഗം കോമളം അനിരുദ്ധന്, ആര്‍എസ്എസ് ആറ്റുകാല്‍ ബൗദ്ധിക്ക് പ്രമുഖ് കെ.എസ്. രാധാകൃഷ്ണന്, ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്, കര്‍ഷകസംഘം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം വാസുപിള്ള, ഹരിഹരന്, പി. ഇന്ദുചൂഡന്, കെ.ഐ. ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: