349. ദന്തവക്ത്രാഭിഘാതകഃ – ദന്തവക്ത്രനെ വധിച്ചവന്‍. ശിശുപാലന്റെയും സാല്യന്റെയും സ്നേഹിതനായ ഒരു രാജാവാണ് ദന്തവക്ത്രന്‍. സാല്വനെ ശ്രീകൃഷ്ണന്‍ വധിച്ചപ്പോള്‍ നേരിട്ടുപാഞ്ഞടുത്ത ദന്തവക്ത്രന്‍ ഗദാപാണിയായി ഭഗവാനെ ആക്രമിച്ചു. ശ്രീകൃഷ്ണന്റെ ഗദാപ്രഹരമേറ്റ് ദന്തവക്ത്രനും മരിച്ചു.
സനകാദികളുടെ ശാപമേറ്റ് അസുരരായി ജനിച്ച ജയവിജയന്മാരുടെ മൂന്നാം ജന്മമായിരുന്നു ശിശുപാലനും ദന്തവക്ത്രനും. ശത്രുഭാവത്തിലാണെങ്കിലും ഭഗവാനെ നിരന്തരമായി സ്മരിച്ചിരുന്നതിനാല്‍ അവര്‍മുക്തരായി. (നാരയണീയം 86-ാം ദശകത്തില്‍ ബാലന്റെയും ദന്തവക്ത്രന്റെയും അന്ത്യം പ്രതിപാദിച്ചിട്ടുണ്ട്.
350. യുധിഷ്ഠിരോപദേഷ്ടാ – യുധിഷ്ഠിരന്റെ ഉപദേഷ്ടാവ് ഇതു തൊട്ടുള്ള ഏതാനും നാമങ്ങള്‍ ശ്രീകൃഷ്ണന് പാണ്ഡവകുടുംബത്തോടുള്ളബന്ധം കുറിക്കുന്നു. ഈ ബന്ധങ്ങളുടെ വിശദാംശങ്ങള്‍ നാരായണീയത്തിലെ പല ദശകങ്ങളിലായി കാണാം.
യുധിഷ്ഠിരന്‍ പാണ്ഡുപുത്രരില്‍ മൂത്തവനാണ്. ധര്‍മപുത്രരെന്ന് പ്രസിദ്ധനായ ഇദ്ദേഹം ധര്‍മിഷ്ഠനാണ്. എങ്കിലും ഇദ്ദേഹത്തിന്റെ ശുദ്ധഗതിയും ദൗര്‍ബല്യവും കാരണം പാണ്ഡവര്‍ക്ക് ക്ലേശിക്കേണ്ടിവന്നു. ശ്രീകൃഷ്ണന്‍ അദ്ദേഹത്തെ സന്ദര്‍ഭാനുസരണം ഉപദേശിച്ചിരുന്നു. ഉപദേശങ്ങളുടെ ലക്ഷ്യം ഭഗവാന്റെ അവതാരോദ്ദേശ്യമായ ഭൂമിഭാരം കുറയ്‌ക്കലായിരുന്നുവെന്നത് മറക്കാനാവില്ല.
351. ഭീമസേനപ്രിയംകരഃ – ഭീമസേനന് പ്രിയം ചെയ്യുന്നവന്‍. പാണ്ഡവരില്‍ രണ്ടാമനാണ് ഭീമന്‍. അസാധാരണമായ ശരീരവലിപ്പവും ശക്തിയുമുള്ള ഭീമന് സഹോദരന്മാരോട് സ്നേഹവും ശ്രീകൃഷ്ണനില്‍ ഭക്തിയും ഉണ്ടായിരുന്നു. ഭീമനുസന്തോഷമുണ്ടാകുന്ന രീതിയില്‍ അനുജനെപ്പോലെ പെരുമാറാന്‍ ഭഗവാന്‍ ശ്രദ്ധിച്ചിരുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















