മുംബൈ: ഊഹാപോഹങ്ങള്‍ക്കു വിരാമമിട്ട് ബോളിവുഡ് നടി റാണി മുഖര്‍ജിയും സംവിധായകന്‍ ആദിത്യ ചോപ്രയും വിവാഹിതരായി. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ വച്ചു നടന്ന രഹസ്യ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
യാഷ് രാജ് ഫിലിംസാണ് വിവാഹ വാര്‍ത്ത പുറത്തു വിട്ടത്. ഇരുവരും പ്രണയത്തിലാണെന്ന് ബോളിവുഡില്‍ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. വിവാഹത്തോടെ ഗോസിപ്പുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. ഇക്കാലമത്രയും തന്നെ പിന്തുണച്ച ആരാധകരുമായി വിവാഹ വാര്‍ത്ത സന്തോഷപൂര്‍വം പങ്കുവയ്‌ക്കുകയാണെന്ന് റാണി മുഖര്‍ജി പ്രസ്താവനയില്‍ വ്യക്തമാക്കി.
യാഷ് അങ്കിളിന്റെ അഭാവം തന്നെ വിഷമിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ സ്‌നേഹവും അനുഗ്രഹവും തനിക്കും ആദിക്കും ഒപ്പമുണ്ടെന്ന് വിശ്വസിക്കുകയാണെന്നും റാണി അറിയിച്ചു. ഫെബ്രുവരിയില്‍ ഉദയ്‌പൂരിലെ ഉമയിദ് ഭവനില്‍ വച്ച് വിവാഹിതരാകാന്‍ ഇരുവരും നേരത്തേ പദ്ധതിയിട്ടിരുന്നതായാണ് വിവരം. എന്നാല്‍ റാണിയുടെ തിരക്കുകാരണം വിവാഹം മാറ്റി വയ്‌ക്കുകയായിരുന്നു. യാഷ് ചോപ്രയുടെ മകനാണ് ആദിത്യ ചോപ്ര. ദില്‍വാലേ ദുല്‍ഹനിയേ ലേ ജായേംഗേ, മൊഹത്ത്, റബ്‌നേ ബനാദി ജോഡി എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ആദിത്യ ചോപ്ര.
















