ശ്രീകൃഷ്ണനെ ഭീരു എന്നും അര്‍ജുനനെ ബാലനെന്നും പറഞ്ഞു തിരസ്‌കരിച്ചിട്ട് ഭീമനെ ദ്വന്ദ്വയുദ്ധത്തിന് എതിരാളിയായി ജരാസന്ധന്‍ സ്വീകരിച്ചു. ഭീമനും ജരാസന്ധനുമായുള്ള യുദ്ധം ഇരുപത്തേഴുദിവസം തുടര്‍ന്നു. ആര്‍ക്കും ജയം ഉണ്ടായില്ല. ഒടുവില്‍ യുദ്ധമവസാനിപ്പിക്കാനുള്ള ഉപായം തന്ത്രപൂര്‍വം കൃഷ്ണന്‍ ഭീമനെ അറിയിച്ചു. ഒരു മരച്ചില്ല രണ്ടായി പിളര്‍ന്ന് പിളര്‍പ്പുകള്‍ വിപരീത രീതിയിലാക്കി ഭഗവാന്‍ നിലത്തിട്ടു. ഭഗവാന്റെ നിര്‍ദ്ദേശം മനസ്സിലാക്കിയ ഭീമന്‍ ജരാസന്ധനെ നിലത്തുവീഴ്‌ത്തി. ഒരു കാലില്‍ ചവിട്ടികൊണ്ട് മറ്റേകാല്‍ പിടിച്ച് ശക്തിയായി വലിച്ച് ജരാസന്ധനെ രണ്ടായി പിളര്‍ന്നു. തിരിയെ കൂടിച്ചേരാത്തവിധം രണ്ടുപിളര്‍പ്പുകളെ വിപരീത രീതിയിലിട്ടു. ഇങ്ങനെ ഭീമനെക്കൊണ്ട് ഭഗവാന്‍ ജരാസന്ധനെ വധിപ്പിച്ചു. (നാരായണീയം 85-ാം ദശകത്തില്‍ ഭീമനും ജരാസന്ധനുമായുള്ള യുദ്ധം വായിക്കാം.)
347. ശിശുപാലഗതിപ്രദഃ – ശിശുപാലനുമോക്ഷം കൊടുത്തവന്‍.
രാജസൂയത്തില്‍ പങ്കെടുക്കുന്നവരില്‍ ഏറ്റവും ശ്രേഷ്ഠനായ ആളിനെ അഗ്രാസനത്തിലിരുത്തി പൂജിക്കുന്ന ചടങ്ങുണ്ട്. അഗ്രപൂജ ആഗ്രഹിക്കുന്ന പലരും സദസ്സില്‍ ഉണ്ടായിരുന്നു. ഏറ്റവും ശ്രേഷ്ഠന്‍ ശ്രീകൃഷ്ണനായതുകൊണ്ട് അഗ്രപൂജയര്‍ഹിക്കുന്നത് ഭഗവാന്‍ തന്നെയാണെന്ന് സഹദേവന്‍ അഭിപ്രായപ്പെട്ടത് എല്ലാവര്‍ക്കും സമ്മതമായി. ചേദിരാജാവായ ശിശുപാലന്‍ ഈ തീരുമാനത്തെ ആക്ഷേപിച്ചു. ”മഹര്‍ഷിമാരും ശ്രേഷ്ഠരായ രാജാക്കളും ഉള്ള ഈ സദസ്സില്‍ നിന്ദ്യനായ ഒരു കാലിച്ചെറുക്കനാണോ അന്യപൂജ” എന്നിങ്ങനെ പലതരത്തില്‍ ഭഗവാനെ നിന്ദിച്ചുകൊണ്ട് ആയുധം ഉയര്‍ത്തി പൂജ തടയാനായി ആസനത്തില്‍ നിന്നു ശിശുപാലന്‍ ചാടിയെണീറ്റു. ശിശുപാലനെതിരായി പാണ്ഡവരും പാഞ്ഞെത്തി. ഭഗവാന്‍ പാണ്ഡവരെ തടഞ്ഞിട്ട് ചക്രം കൊണ്ട് ശിശുപാലന്റെ കഴുത്തുമുറിച്ചു. ശിശുപാലന്റെ ദേഹി ഭഗവാനില്‍ ലയിച്ചു.
സനകാദികളുടെ ശാപം മൂലം അസുരരായി ജനിക്കേണ്ടിവന്ന ജയവിജയന്മാരില്‍ ഒരാളുടെ പുനര്‍ജന്മമായിരുന്നു ശിശുപാലന്‍. ഹിരണ്യകശിപു ആയും രാവണനായും രണ്ടു ജന്മങ്ങള്‍ കഴിഞ്ഞ് ശിശുപാലനായി ജനിച്ചു. മൂന്നു ജന്മങ്ങളില്‍ തുടര്‍ച്ചയായി ശത്രുരൂപത്തില്‍ നിരന്തരമായി ഭഗവാനെ ധ്യാനിച്ചതിനാല്‍ ഭഗവാനില്‍ ലയിക്കാന്‍ ഭാഗ്യമുണ്ടായി. (നാരായണീയം 85-ാം ദശകത്തില്‍ ശിശുപാലവധം വായിക്കാം.)
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















