രൂപേഷ് അടൂര്‍
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലെ കൊട്ടിക്കലാശം സമാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇതോടെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ആവേശതിമിര്‍പ്പിലാണ്. മുന്നണികള്‍ എല്ലാംതന്നെ വീറും വാശിയോടെയുമുള്ള വിമര്‍ശനങ്ങളുമായിട്ടാണ് കൊട്ടിക്കലാശത്തിന് എത്തുന്നത്. പാര്ട്ടിക്കാര് തമ്മിലുള്ള വിമര്‍ശനങ്ങള്‍ ഉച്ചഭാഷിണിയിലൂടെ ‘പച്ച’യായി വിളിച്ചുപറയുന്നതിന് പ്രത്യേകം വ്യക്തികളെ തന്നെ ഓരോ പാര്‍ട്ടിയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വ്യക്തിഹത്യ പാടില്ലെന്നും വിമര്‍ശനങ്ങള്‍ അതിരുകടന്നാല്‍ നിയമ നടപടികള്‍ എടുക്കുമെന്നും പോലീസ് മുന്‍കൂട്ടി ധരിപ്പിച്ചിട്ടുണ്ട്. മത്സര രംഗത്തുള്ള പല സ്ഥാനാര്‍ത്ഥികളും ഇവരെ പിന്താങ്ങുന്ന പാര്‍ട്ടി അണികളുമെല്ലാം വൈകുന്നേരത്തോടുകൂടി നഗരത്തില്‍ എത്തിയാല്‍ ഗതാഗത തടസ്സത്തിനുപരി സംഘര്‍ഷത്തില്‍ കലാശിക്കാനും സാദ്ധ്യത കൂടുതലാണ്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി നോബിള്‍ മാത്യുവിന്റെ പ്രചാരണ പരിപാടി ഇന്ന് രാവിലെ 8.30ന് പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. തെരഞ്ഞെടുപ്പു പ്രചാരണം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നഗരത്തിലെ അമ്പത് കേന്ദ്രങ്ങളിലെ പര്യടനം നടത്തിയശേഷം വൈകിട്ട് 3ന് തിരുനക്കരയില്‍ സമാപിക്കും. സമാപന സമ്മേളനം ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
അഞ്ചുമണി കഴിഞ്ഞാല്‍ നിശ്ശബ്ദ പ്രചാരണമായിരിക്കും. വോട്ടര്‍മാരുടെ ഒരു വോട്ട് പോലും നഷ്ടപ്പെടാതിരിക്കാന്‍ വീടുവീടാന്തരം കയറി വോട്ടുപിടിക്കാന്‍ ബൂത്തുതലങ്ങളില്‍ പ്രത്യേക സ്ക്വാഡുകള്‍ തന്നെയുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടുതലും നിഷ്പക്ഷമതികളായിട്ടുള്ളവരുടെ വോട്ടുകള്‍ക്കാണ് കൂടുതല്‍ ഉറപ്പിക്കാന്‍ ശ്രമം നടത്തുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി നോബിള്‍ മാത്യുവിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മറ്റ് മുന്നണികളെക്കാള്‍ മുന്‍പന്തിയില്‍ തന്നെയാണ്. ഇടതു വലതു മുന്നണികള്‍ കേരളത്തില്‍ എതിര്‍ക്കുകയും കേന്ദ്രത്തില്‍ ഒന്നിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയത്തിനെതിരെ ഇവരുടെ അണികള്‍ തന്നെ എതിര്‍പ്പിലാണ്. ഇവരുടെ വോട്ടുകള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്ന എന്‍ഡിഎയ്ക്കു തന്നെ ലഭിക്കും. മതസ്പര്‍ദ്ധ വളര്‍ത്തി ഇടതു- വലതു മുന്നണികള്‍ വോട്ടുപിടിക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ മതേതരപരമായ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ബിജെപിയുടെ പ്രകടന പത്രികയിലെ ഏകീകൃത സിവില്‍ കോഡും മതേതര ജനാധിപത്യത്തിന്റെ സംരക്ഷണത്തെയാണ് കാണിക്കുന്നത്. മതേതര പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന ഇടതു- വലതു മുന്നണികള്‍ക്ക് ഇതുവരെ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ന്യൂനപക്ഷ സെല്‍, വിശ്വകര്‍മ്മസഭ, കെപിഎംഎസ്, ഹിന്ദു പരവര്‍ തുടങ്ങി വിവിധ സാമുദായിക സംഘടനകളുടെ സഹായവും ഇതും ഇക്കുറി നോബിള്‍ മാത്യുവിന് അനുകൂലമാകും.
ദേശീയ സുരക്ഷയെ അടിസ്ഥാനപ്പെടുത്തി രാജ്യത്തിന്റെ സര്‍വ്വതോമുഖമായ ഉയര്‍ച്ചയെ അടിസ്ഥാനപ്പെടുത്തിയുള്ള ബിജെപിയുടെ പ്രകടന പത്രികയും വോട്ടര്‍മാരില്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഇക്കുറി ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്നതിന് വ്യക്തമായ തെളിവുകളായിരുന്നു നോബിള്‍ മാത്യുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ആദ്യന്തം കാണപ്പെട്ടത്. വികസനങ്ങളുടെ പൂര്‍ണ്ണ രൂപരേഖ, കേന്ദ്ര പദ്ധതി വിശകലനങ്ങള്‍, സമയബന്ധിതമായി നടപ്പാക്കുന്ന പദ്ധതികള്‍ തുടങ്ങി അടിസ്ഥാന കാര്യങ്ങളെക്കുറിച്ചുള്ള നോബിള്‍ മാത്യുവിന്റെ കാഴ്ചപ്പാട് മറ്റ് സ്ഥാനാര്‍ത്ഥിമാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എല്ലാം തന്നെ ജനങ്ങളുടെ നീറുന്ന പരാതിപ്രളയങ്ങളായിരുന്നു നോബിള്‍ മാത്യുവിന്റെ മുന്നിലെത്തിയത്. എല്ലാത്തിനും സൗമ്യമായ രീതിയിലുള്ള മറുപടിയും ഓരോന്നിനുമുള്ള പരിഹാരങ്ങളും അക്കമിട്ട് പറഞ്ഞ് നോബിള്‍ മാത്യു ജനഹൃദയങ്ങളില്‍ ഇടം നേടിക്കഴിഞ്ഞു. ഇതോടെ കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ എന്‍ഡിഎ നിര്‍ണായശക്തിയായി മാറുകയാണ്.
ഇടതുമുന്നണിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള വിഭാഗീയതയും പി.സി. ജോര്‍ജിനെ കോട്ടയത്ത് മൂക്കുകയര്‍ ഇട്ടതും മണ്ഡലത്തില്‍ കയറ്റാത്തതും തുടങ്ങി അനവധി പ്രശ്നങ്ങള്‍ ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്ന് വൈകിട്ട് മുതലുള്ള നിശ്ശബ്ദ പ്രചാരണങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി നോബിള്‍ മാത്യു മുന്നില്‍ തന്നെയാണ്. രാവിലെ മുതല്‍ തന്നെ എല്ലാ ബൂത്ത്, വാര്‍ഡു തലങ്ങളിലും വീടു വീടാന്തരം കയറിയുള്ള പ്രചാരണം ആരംഭിക്കും. ഇതിനായി ഹിന്ദു ഐക്യവേദി അഭിഭാഷക പരിഷത്ത്, വിമുക്തഭടന്മാര്, എന്‍ജിഒ, പൂര്‍വ്വിക സൈനിക പരിഷത്ത്, എന്‍ജിഒ സംഘ്, മാതൃമണ്ഡലം, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് തുടങ്ങി വിവിധസംഘപരിവാര് സംഘടനകളും അരയും തലയും മുറുക്കി പ്രചാരണങ്ങള്‍ക്ക് മുമ്പന്തിയില്‍ തന്നെയുണ്ട്. ഇത് വികസനനായകനും ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി അവരോധിക്കാന്‍ പോകുന്ന നരേന്ദ്രമോദിക്കും ഏറെ തിളക്കമാകും ഒപ്പം ”കോട്ടയം” രാജ്യനെറുകയിലേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: