ജനങ്ങള്‍ കാത്തിരുന്ന വാഗ്ദാനങ്ങളാണ് ഇന്നലെ പുറത്തുവന്ന ബിജെപി പ്രകടനപത്രികയുടെ ഉള്ളടക്കം. വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇതോടെ അന്ത്യവുമായി. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പ്രകടനപത്രികയില്‍ തീര്‍ത്തും ഹിന്ദുത്വ അജണ്ടയടക്കം തീവ്രനിലപാടാണുണ്ടാവുക എന്ന് പ്രചരിച്ചവരുണ്ട്. എന്നാല്‍ തികച്ചും സുതാര്യവും സന്തുലിതവുമായ പ്രകടന പത്രിക മുന്നോട്ടുവച്ച ബിജെപി പ്രത്യയശാസ്ത്രപരമായ പ്രഖ്യാപിത നിലപാടുകളില്‍ വെള്ളം ചേര്‍ക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്തിട്ടുമില്ല. ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ്, എകീകൃത സിവില്‍ കോഡ്, അയോധ്യയില്‍ ശ്രീരാമക്ഷേത്രം എന്നിവ സംബന്ധിച്ച് അവ്യക്തതകളോ ആശങ്കകളോ ഉണ്ടാകാന്‍ സാദ്ധ്യത ഒട്ടും ഇല്ലാത്ത നിലപാടാണ് പത്രികയിലുള്ളത്. ഇവയ്ക്കായി ചര്‍ച്ചകളും സംവാദങ്ങളുമാണ് പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നത്. ജമ്മുകാശ്മീരില്‍നിന്നും പലായനം ചെയ്യേണ്ടിവന്ന ആയിരക്കണക്കിന് കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്ന വാഗ്ദാനവും ശ്രദ്ധേയമാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് തുല്യഅവസരവും തുല്യനീതിയും വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രിക സ്ത്രീശാക്തീകരണത്തിനും മുന്തിയ പരഗണനയാണ് നല്‍കിയിട്ടുള്ളത്. പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് മൂന്നിലൊന്ന് പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ച ബിജെപി, കൂടൂതല്‍ വനിതാ ഐടിഐകളും വനിതാ മൊബെയില്‍ ബാങ്കുകളും സ്ഥാപിക്കുമെന്നും പറയുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണത്തിനും സഹായത്തിനും പ്രത്യേക പദ്ധതിയും വാഗ്ദാനം ചെയ്യുന്നു.
തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി എന്നീ വിഷയങ്ങളെ ഗൗരവത്തോടെ വീക്ഷിച്ച പ്രകടനപത്രിക പരിഹാരനിര്‍ദ്ദേശങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി തടയാന്‍ ബഹുമുഖമായ പദ്ധതികള്‍ പ്രഖ്യാപിച്ചതിനൊപ്പം അന്വേഷണ ഏജന്‍സികളെ സ്വതന്ത്രവും ശക്തവുമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചിരിക്കുകയാണ്. സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതിന് ഇപ്പോള്‍ അനുഭവപ്പെടുന്ന തടസ്സങ്ങള്‍ നീക്കാന്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ പത്രികയിലുണ്ട്. നികുതിഘടനയുടെ കാതലായ മാറ്റമാണ് പത്രിക നിര്‍ദ്ദേശിക്കുന്നത്. നികുതിദായകരെ കുറ്റവാളികളായി കാണുന്ന സമീപനത്തിനുപകരം കുറ്റമറ്റരീതിയിലും പൊതുഖജനാവിലേക്ക് കിട്ടേണ്ടത് കിട്ടാനുള്ള ലളിതമായ മാര്‍ഗവുമാണ് ബിജെപി അവലംബിക്കാന്‍ പോകുന്നത്. കള്ളപ്പണമാണ് മറ്റൊരു മുഖ്യമായ വിഷയം. ലക്ഷക്കണക്കിന് കോടിരൂപയാണ് വിദേശബാങ്കുകളില്‍ ഇപ്പോള്‍ കുന്നുകൂടിയിട്ടുള്ളത്. ഇന്ത്യക്കാരുടെ ഈ നിക്ഷേപം രാജ്യത്തിന്റെ വികസനത്തിന് ഉപയോഗപ്രദമാംവണ്ണം വിനിയോഗിക്കാനുള്ള പരിപാടികളും പദ്ധതികളുമാണ് ആവിഷ്ക്കരിക്കുന്നത്.വിദ്യാഭ്യാസം, കാര്‍ഷികം, ആരോഗ്യം, വ്യവസായം, രാജ്യരക്ഷ എന്നീ മേഖലകളില്‍ ഊന്നല്‍ നല്‍കികൊണ്ടാണ് പ്രകടനപത്രിക തയ്യാറാക്കിയത്. വ്യവസായമേഖലയില്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഏകജാലകസംവിധാനം കൊണ്ടുവരും എന്നതാണ് പ്രത്യേകത. ഗുജറാത്തില്‍ വര്‍ഷങ്ങളായി വിജയകരമായി നടത്തിവരുന്ന സംവിധാനമാണിത്. അത് ദേശീയ തലത്തില്‍ വ്യാപിക്കുന്നതോടെ സര്‍ക്കാര്‍ ഓഫീസുകളിലെ ചുവപ്പുനാടയില്‍ നിന്ന് പരിപാടികള്‍ക്കും പദ്ധതികള്‍ക്കും മോചനം ലഭിക്കും. ഉല്‍പ്പാദനമേഖലകളിലെ വായ്പാനിരക്ക് ഏകീകരിക്കാനും പദ്ധതിയുണ്ട്.
ഭക്ഷ്യോല്പന്നങ്ങള് സൂക്ഷിക്കുന്നതിനുപുറമെ അവ സംഭരിക്കുന്നതിന്റെയും ചുമതലകൂടി എഫ്സിഐയ്ക്ക് കൈമാറാന്‍ പ്രകടനപത്രിക നിര്‍ദ്ദേശം ഉണ്ട്. ഗ്രാമീണ കാര്‍ഷിക വിപണികളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒറ്റ ദേശീയ കാര്‍ഷിക വിപണി ആരംഭിക്കും. കൃഷിക്കാര്‍ക്ക് ഉല്‍പ്പാദനത്തിന്റെ 50 ശതമാനം ലാഭം ലഭിക്കുമെന്ന് ഉറപ്പാക്കും. കാര്‍ഷിക ഭക്ഷ്യോല്പന്ന സംസ്കരണത്തിന് പ്രത്യേക ക്ലസ്റ്ററുകള്‍ രൂപീകരിക്കും. എല്ലാ ജില്ലകളിലും വിത്തു ഗവേഷണ ലാബുകളും സ്ഥാപിക്കാനും പദ്ധതിയുണ്ട്. വ്യവസായങ്ങള്‍ക്കും വീടുകള്‍ക്കും ഗ്യാസ് ഗ്രിഡുകളില്നിന്ന് ഗ്യാസ് ലഭ്യമാക്കും. വിദ്യാഭ്യാസവും ഭക്ഷണവും അവകാശമാക്കുന്നതാണ് പ്രകടനപത്രികയിലെ ശ്രദ്ധേയമായ മറ്റൊരു നിര്‍ദ്ദേശം. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ആറുശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കും. യുജിസി ഉന്നതവിദ്യാഭ്യാസ കമ്മീഷനായി പുനസംഘടിപ്പിക്കും. നിലവിലുള്ള തൊഴില്‍ നിയമത്തില്‍ കാതലായ പരിഷ്ക്കാരം പ്രകടനപത്രിക നിര്‍ദ്ദേശിക്കുന്നു. ഉറപ്പുള്ള വീടുകള്‍, അവയ്ക്ക് ജലലഭ്യത, കൂടുതല്‍ ചെറുകിടജലവൈദ്യുത പദ്ധതികള്‍, ദേശീയ സോളാര്‍ മിഷന് ശക്തിപ്പെടുത്തല്‍, കൂടുതല്‍ പ്രതിരോധ സര്‍വകലാശാലകള്‍, ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി. പ്രതിരോധ നയരൂപീകരണത്തില്‍ സൈന്യത്തിന്റെ പങ്കാളിത്തം എന്നിവയെല്ലാം പ്രകടനപത്രികയിലെ ശ്രദ്ധേയമായ ഇനങ്ങളാണ്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തം വേണമെന്നതില്‍ നിര്‍ബന്ധമുള്ള പ്രസ്ഥാനമെന്ന നിലയില്‍ പ്രകടനപത്രികയ്ക്ക് അതിന്റേതായ പ്രസക്തിയും പ്രാധാന്യവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: