കൊച്ചി: കൊച്ചി മെഡി. കോളേജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നിലപാടാണ് കാരണമെന്നാണ് ആക്ഷേപം. 2013 ഡിസംബര്‍ 17ന് സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് ഉത്തരവിറക്കുമ്പോള്‍ ആദ്യ 5അംഗസമിതി കേപ്പിന് നല്കിയ പ്രധാന നിര്‍ദ്ദേശങ്ങള്‍ അവഗണിക്കപ്പെട്ടതാണ് പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
എന്‍ആര്‍ഐ കോട്ടയില്‍ അഡ്മിഷന് വാങ്ങിയ കുട്ടികളില്‍ നിന്നും ഫീസ് കൃത്യമായി വാങ്ങുക, മാര്‍ച്ച് 31 വരെയുള്ള ശമ്പളം ഉള്‍പ്പെടെയുള്ള സാമ്പത്തീക ആവശ്യങ്ങള്‍ കേപ്പ് ഏറ്റെടുക്കുക, ആ തുക ആരോഗ്യ വകുപ്പ് മടക്കി നല്‍കണം, ഉദ്യോഗസ്ഥരെ സര്‍ക്കാരിലേക്ക് ലയിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുക ഇവയായിരുന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍. വരും വര്‍ഷങ്ങളില്‍ കോളേജിന്റെ പ്രധാന വരുമാനമായി കല്പിച്ചിരുന്നത് എന്‍ആര്‍ഐ കുട്ടികളുടെ ഫീസിനത്തില്‍ കിട്ടാനുള്ള 40കോടിയോളം രൂപയാണ്. എന്നാല്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ കുട്ടികള്‍ ഫീസടയ്ക്കുന്നില്ല. കേപ്പിനുള്ള പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നായ ഫീസ് കുടിശ്ശിക വാങ്ങുക എന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ കേപ്പിന് കഴിയാതെ വരുന്നു. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഫീസ് അടയ്ക്കാത്തത് എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ മുതലുളള ശമ്പളം കേപ്പ് ആണ് നല്കി വരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ കേപ്പിന് വീണ്ടും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളം കൂടി കേപ്പ് നല്‍കണമെന്നാണ്. എന്നാല്‍ ഡിസംബര്‍ മുതലുള്ള കുടിശ്ശിക ആരോഗ്യ വകുപ്പില്‍ നിന്നും കിട്ടാനുള്ളതിനാല്‍ കേപ്പ് സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. അതിനാല്‍ 800ല്‍ ആധികം വരുന്ന ഡോക്ടര്‍മാര്‍ ആടക്കമുള്ള ജീവനക്കാരുടെ മാര്‍ച്ചു മാസത്തെ ശമ്പളം ഇനിയും കൊടുത്തിട്ടില്ല. ഏകദേശം രണ്ട് കോടിയ്ക്ക് മുകളിലാണ് ഈ ഇനത്തില്‍ കേപ്പിന്റെ ചെലവ്. കോളേജിന്റെ നടത്തിപ്പിനായി 70കോടി രൂപയുടെ ബാങ്ക് ഓഡി കളമശ്ശേരിയിലുള്ള ഒരു പൊതുമേഖലാ ബാങ്ക് അനുവദിച്ചിട്ടുള്ളതാണ്.
ഇതുവരെ ഉള്ള ചെലവിനുശേഷം 17കോടി രൂപ ഇനിയും ലഭ്യവുമാണ്. എന്നാല്‍ സര്‍ക്കാര്‍ ഇലക്ഷന് പ്രോട്ടോക്കോളിന്റെ മറവില്‍ കേപ്പിന് യാതൊരു ഉറപ്പും നല്‍കാത്തതിനാലാണ് ലഭ്യമായ ബാങ്ക് ഓഡിയില്‍ നിന്നും ജീവനക്കാരുടെ ശമ്പളം നല്‍കാത്തത് എന്നും സശയം ഉയര്‍ന്നു കഴിഞ്ഞു. എന്‍ആര്‍ഐ കുട്ടികളുടെ ഫീസിനത്തില്‍ ഇളവു നല്‍കുന്നതിനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമായിരിക്കെ ഈ തുക വേണ്ടന്നു വയ്ക്കാന്‍ സര്‍ക്കാരിനു കഴിയും. അങ്ങനെ വന്നാല്‍ ആ വരുമാനവും നിലയ്ക്കും എന്ന ആശങ്കയിലാണ് ജീവനക്കാരും കേപ്പും. മെഡിക്കല്‍ കോളേജുകള്‍ക്ക് പിജി കോഴ്സ് നടത്താനുള്ള യോഗ്യതകളെ കുറിച്ച് പരിശോധന നടക്കുമ്പോഴാണ് പിജി അനുവദിച്ചതായി മന്ത്രി വി.എസ്.ശിവകുമാര്‍ പ്രഖ്യാപിച്ചത്. കോളേജ് തുടങ്ങുന്നതിനുളള യോഗ്യത ഉണ്ട് എന്ന് കാണിക്കുന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് കേരളത്തില്‍ നിന്നുള്ള കടമ്പകള്‍ കടന്ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തു കിടക്കുന്നതേയുള്ളു. ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫയര്‍ വകുപ്പില്‍ നിന്നുള്ള അനുമതി ലഭിച്ചാല്‍ മാത്രമെ പിജി അനുവദിച്ചതായി പ്രഖ്യാപിയ്ക്കാന്‍ കഴിയു. ഒരു കോടി രൂപവരെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പിജി സീറ്റിന് വിലയുള്ളപ്പോഴാണ് സര്‍ക്കാരിന്റെ ഉദാസീനതമൂലം കൊച്ചി മെഡിക്കല്‍ കോളേജിന് പിജി കിട്ടാന്‍ വൈകുന്നത്.
രാഷ്ട്രീയ നേട്ടങ്ങള്‍ മുന്നില്‍ കണ്ടുള്ള ഒരു പ്രഖ്യാപനം മാത്രമായിരുന്നു പിജി കോഴ്സ് എന്നും ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ശമ്പളം കൂടുതല്‍ വൈകുകയാണെങ്കില്‍ കടുത്ത പ്രക്ഷോഭ പരിപാടികളുമായി നീങ്ങാനാണ് ജീവനക്കാരുടെ ശ്രമം എന്നാണ് വിവരം.
കെ.എം. കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: