ചിറ്റഗോംഗ്: ട്വന്റി 20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ ഇംഗ്ലണ്ട് ചാരമായി. ദുര്‍ബലരായ നെതര്‍ലന്റ്സാണ് കരുത്തരായ ഇംഗ്ലണ്ടിനെ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരത്തില്‍ 45 റണ്‍സിന് അട്ടിമറിച്ച തല ഉയര്‍ത്തിപ്പിടിച്ച് ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്റ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 133 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ വെറും 88 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് നെതര്‍ലന്റ്സ് അവസാന പോരാട്ടം അവിസ്മരണീയമാക്കിയത്. മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മുദസ്സര്‍ ബുഹാരിയും ലോഗന് വാന്‍ ബീക്കുമാണ് ഇംഗ്ലീഷ് നിരയെ തറപറ്റിച്ചത്. 3.4 ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ബുഹാരിയാണ് മാന്‍ ഓഫ് ദ മാച്ച്. തോല്‍വിയോടെ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി. ഹോളണ്ട് നേരത്തെ പുറത്തായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹോളണ്ടിന് ഓപ്പണര്‍മാരായ മൈക്കല്‍ സ്വാര്‍ട്ടും (13) സ്റ്റീഫന്‍ മൈബര്‍ഗും (39) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. 48 റണ്‍സെടുത്ത വെസ്ലി ബാരെസിയാണ് നെതര്‍ലന്റ്സ് നിരയിലെ ടോപ് സ്കോറര്‍. ഇവരുടെ കരുത്തിലാണ് നെതര്‍ലന്റ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
താരതമ്യേന ചെറിയ സ്കോര്‍ പിന്തുടര്ന്നു ജയിക്കാമെന്നു പ്രതീക്ഷിച്ച് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ പിഴച്ചു. സ്കോര്‍ 18-ല്‍ നില്‍ക്കെ ഓപ്പണര്‍ മൈക്കല്‍ ലമ്പ് പുറത്ത്. ആറ് റണ്‍സ് മാത്രമായിരുന്നു ലംപിന്റെ സമ്പാദ്യം. ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ വെടിക്കെട്ടുവീരന്‍ അലക്സ് ഹെയ്ല്‍സും (12) മടങ്ങി. പിന്നീട് ഇംഗ്ലീഷ് താരങ്ങള്‍ പവലിയനിലേക്ക് ഘോഷയാത്ര നടത്തുകയായിരുന്നു. 42 റണ്‍സെടുക്കുന്നതിനിടെ അഞ്ചു മുന്‍നിര ബാറ്റ്സ്മാന്മാരാണ് പുറത്തായത്. 18 റണ്‍സെടുത്ത രവി ബൊപാരയാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറര്‍. ഹെയ്ല്‍സിനും ബൊപാറക്കും പുറമെ 14 റണ്‍സെടുത്ത ജോര്‍ദാനുമാണ് രണ്ടക്കം കടന്നത്. എട്ട് ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെ പുറത്തായതും ഇംഗ്ലണ്ടിന് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: