കൊച്ചി: വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ പദ്ധതിക്കുവേണ്ടി കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങള്‍ ഇന്നും ദുരിതത്തില്‍. കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളില്‍ 28 കുടുംബങ്ങള്‍ മാത്രമാണ് പുനരധിവസിപ്പിക്കപ്പെട്ടത്. മിക്ക കുടുംബങ്ങളും താത്കാലിക ഷെഡുകളിലും, വാടക വീടുകളിലുമായാണ് ഇപ്പോഴും കഴിഞ്ഞു വരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് മുന്നോട്ട് വെച്ച പ്രധാന വാഗ്ദാനം അധികാരത്തില്‍ വന്നാല്‍ മൂലമ്പിള്ളി പാക്കേജ് സമയബന്ധിതമായി നടപ്പാക്കും എന്നായിരുന്നു. 2008 മാര്‍ച്ച് 19ന് അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി.ഹരന് കേരളാ ഗവര്‍ണര്‍ക്കുവേണ്ടി ഒപ്പുവച്ച വിഞ്ജാപനം കടലാസില്‍ മാത്രം ഒതുങ്ങുകയായിരുന്നു. പുനരധിവാസ പാക്കേജുകള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായി രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വന്നതോടെ കിടപ്പാടം നഷ്ടപ്പെട്ട ജനങ്ങള്‍ ഇരുമുന്നണികളെയും ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ്.
സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ.വി.തോമസ് മൂലമ്പിള്ളിയിലെ വീട് നഷ്ടപ്പെട്ടവര്‍ താത്കാലികമായി കുടിലു കെട്ടി താമസിക്കുന്ന പ്രദേശം സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരാണ് വേണ്ട നടപടി എടുക്കേണ്ടതെന്നും കേന്ദ്ര ഗവണ്മെന്റിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എംപി എന്ന നിലയില്‍ ഇവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കെ.വി.തോമസ് തയ്യാറായില്ല എന്നാണ് ഉയര്‍ന്നിരിക്കുന്ന പരാതി. കെപിസിസി അദ്ധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് മൂലമ്പിള്ളി പ്രദേശം സന്ദര്‍ശിച്ച വി.എം.സൂധീരന് പറഞ്ഞ വാക്കുകളും അദ്ദേഹം ഇപ്പോള്‍ മറന്ന മട്ടാണ് എന്നും പ്രദേശ വാസികള്‍ പറയുന്നു. മൂലമ്പിള്ളി പുനരധിവാസം വൈകുന്നത് സര്‍ക്കാരിന്റെ പൂര്‍ണ്ണ പരാജയമാണ്.
ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ പദ്ധതിയോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസവും എന്നാണ് സ്ഥലം സന്ദര്‍ശിച്ച് വി.എം.സുധീരന് പ്രസ്താവിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകളും സാധാരണ നേതാക്കളുടെ വാക്കുകള്‍ പോലെ പാലിയ്ക്കപ്പെടാത്തതായി എന്നും ആക്ഷേപം ഉയരുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിയ്ക്കാമെന്ന് സിപിഎമ്മും വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ അവരും ഇത് മറന്ന മട്ടാണ്.
സേവ് ഫാക്ട് സമരപ്പന്തല്‍ ഇന്നേ ദിവസം വരെ സന്ദര്‍ശിക്കാത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി.തോമസ് മൂലമ്പിള്ളി പ്രദേശവും സന്ദര്‍ശിക്കാത്തതും ശ്രദ്ധേയമാണ്. ജനരോഷം എങ്ങനെ നേരിടുമെന്നും മൂലമ്പള്ളി പ്രശ്നം തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സാരമായി ബാധിക്കും എന്നൂമുള്ള ഭയത്താലാണ് പ്രദേശം സന്ദര്‍ശിക്കാന്‍ നേതാക്കള്‍ തയ്യാറാകാത്തത് എന്നാണ് ആക്ഷേപം. കഴിഞ്ഞ രണ്ട് ദിവസമായി പറവൂര്‍ നിയോജക മണ്ഡലത്തിലാണ് കെ.വി.തോമസ് പര്യടനം നടത്തിയിരുന്നത്. വളരെ പ്രതികൂലമായ സാഹചര്യത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ മുന്‍ കരുതലോടെയാണ് ഇക്കുറി പറവൂരില്‍ എത്തിയിരിക്കുന്നത് എന്നാണ് ഇന്നലെ പറവൂരില്‍ തോമസ് പ്രസംഗിച്ചത്.
എംപി എന്ന നിലയില്‍ കെ.വി.തോമസ്സിന്റെ യാതൊരു സഹായവും ലഭിക്കാത്ത മണ്ഡലമാണ് കളമശ്ശേരി. രണ്ട് ഹൈമാസ്ക് ലൈറ്റുകള്‍ നല്കിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല എന്ന ആക്ഷേപം നേരത്തേ തന്നെ ഉയര്‍ന്നു കഴിഞ്ഞതാണ്. കൂടാതെ കൊച്ചി മെഡിക്കല്‍ കോളേജിന് കെ.വി.തോമസ് വാഗ്ദാനം ചെയ്ത രണ്ട് ബസ്സുകള്‍ നല്‍കാത്തതിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: