കളമശ്ശേരി: കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ഏലൂക്കരയിലെ എംഎന്‍ ലക്ഷംവീട് കോളനിയെക്കുറിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് അറിയില്ലെന്ന് സെക്രട്ടറി. ഈ പദ്ധതിയിന്‍ കീഴില്‍ 45 കൊല്ലം മുമ്പ് പത്ത് വീടുകള്‍ പണിത് നല്‍കിയിരുന്നു. പത്ത് വീട്ടുകാര്‍ താമസവും തുടങ്ങി. എന്നാല്‍ അതില്‍ നബീസാ-ഇസ്മയില്‍ എന്നീ വൃദ്ധദമ്പതികളുടെ വീട് കഴിഞ്ഞദിവസം തകര്‍ന്നു. ഭിത്തികള്‍ തമ്മില്‍ ബന്ധം വിട്ടു. മേല്‍ക്കൂര ചരിഞ്ഞു. ഏതുനിമിഷവും നിലം പൊത്താറായ അവസ്ഥയിലാണ് വീട്. 65 വയസുള്ള നബീസയും 70 വയസ് കഴിഞ്ഞ ഇസ്മയിലുമാണ് ഇവിടെ താമസം.
കടങ്ങല്ലൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലാണ് കോളനി. ഇവിടം എസ്സി/എസ്ടി സംവരണ വാര്‍ഡാണ്. ഗ്രാമസഭയില്‍ വീട് നവീകരണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് സെക്രട്ടറി പറഞ്ഞത് ഇങ്ങനെ ഒരു കോളനിയെക്കുറിച്ച് ഞങ്ങള്‍ അറിവില്ലയെന്നത്. സഹായപദ്ധതി അനുവദിക്കാനാവില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്. ഈ കോളനിക്കാര്‍ സ്വന്തം ചെലവിലാണ് വീട് മെയിന്റനന്‍സ് ചെയ്യുന്നത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പറവൂര്‍ തഹസില്‍ദാര്‍ സിദ്ധാര്‍ത്ഥനും കടുങ്ങല്ലൂര്‍ വില്ലേജ് ഓഫീസറും സംഭവസ്ഥലം സന്ദര്‍ശിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്, പരിസ്ഥിതി സെല്‍ ജില്ലാ കണ്‍വീനര്‍ ഏലൂര്‍ ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് കെ.എസ്.ഉദയകുമാര്‍ എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: