പെരുമ്പാവൂര്‍: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ വന്നാല്‍ ചാലക്കുടി മണ്ഡലത്തില്‍ പ്രത്യേക പാക്കേജുകള്‍ നടപ്പിലാക്കുമെന്ന് ചാലക്കുടി നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. ബി. ഗോപാലകൃഷ്ണന് പറഞ്ഞു. പെരുമ്പാവൂര്‍ മേഖലയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടെ ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ എറണാകുളം ജില്ലകളുടെ സംഗമ കേന്ദ്രമായ ചാലക്കുടി ഒരു സാമ്പത്തിക തലസ്ഥാനമാകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചാലക്കുടി ലോകസഭ മണ്ഡലത്തില്‍ നിരവധി ടൂറിസം പദ്ധതികള്‍ക്കാണ് സാധ്യതയുള്ളത്. തീര്‍ത്ഥാടന കേന്ദ്രങ്ങളായ കൊടുങ്ങല്ലൂര്‍, ചേരമന്പള്ളി, മലയാറ്റൂര്‍, കാലടി ശങ്കരസ്തൂപം എന്നിവയെ കോര്‍ത്തിണക്കികൊണ്ട് തീര്‍ത്ഥാടന ടൂറിസം പദ്ധതി ഇവിടെ നടപ്പാക്കാവുന്നതാണ്. ഇതിനായി ഒരു മികച്ച വിമാനതാവളം ഉണ്ടെങ്കിലും ഇതിന്റെയൊന്നും പ്രയോജനം ചാലക്കുടി ലോകസഭ മണ്ഡലത്തിന് ഇതുവരെയും ലഭ്യമായിട്ടില്ലെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
പെരുമ്പാവൂര്‍ കുഴിപ്പിള്ളിക്കാവില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പര്യടനം ആരംഭിച്ചത്. ബിജെപി സംസ്ഥാന സമിതിയംഗം കെ. ചന്ദ്രമോഹന്, എസ്.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി രേണുക സുരേഷ്, ജില്ല സമിതി അംഗം കെ.സി. ശിവന്, തെരഞ്ഞെടുപ്പ് സമിതി ഭാരവാഹികളായ പ്രകാശ് കെ. റാം, അഡ്വ. സതീഷ് എം. കുമാര്‍, വര്‍ഗ്ഗീസ് പി. ചെറിയാന്, യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് എന്‍.എം. അഭിലാഷ്, പ്രവീണ്‍ കാളംകുളങ്ങര തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: