പള്ളുരുത്തി: കെ.വി.തോമസിന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ വിളിച്ചുചേര്‍ത്ത യുഡിഎഫ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.ബാബു പരിപാടിയില്‍ പങ്കെടുത്തിരുന്ന സ്ത്രീകള്‍ക്ക് നേരെ അപമര്യാദയായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസം പള്ളുരുത്തി കച്ചേരിപ്പടിയില്‍ നടന്ന യുഡിഎഫ് കണ്വെന്ഷനിടയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. പള്ളുരുത്തി നാല്പ്പതടി റോഡിനുവേണ്ടി വീടു നഷ്ടപ്പെടുന്നവര്‍ കഴിഞ്ഞ ഒന്നാം തീയതി മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ നിവേദനം നല്കാന് എത്തിയപ്പോള്‍ മന്ത്രി ഇവരെ ആക്ഷേപിച്ച് ഇറക്കിവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ പത്രസമ്മേളനം നടത്തുകയും വനിതാ കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.
സംഭവം ഒത്തുതീര്‍പ്പാക്കുവാന്‍ മന്ത്രിയുടെ അനുയായികള്‍ അന്നുമുതല്‍ ശ്രമം തുടങ്ങിയിരുന്നു. മന്ത്രി യുഡിഎഫ് കണ്വെന്ഷന് എത്തുമ്പോള്‍ ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന ഉറപ്പില്‍ യോഗത്തിന് എത്തിക്കുകയായിരുന്നു. യോഗം ഉദ്ഘാടനം ചെയ്തു തുടങ്ങുന്നതിനിടയില്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഇവരെ വ്യക്തിപരമായി അവഹേളിച്ചുകൊണ്ടാണ് മന്ത്രി പ്രസംഗം തുടങ്ങിയത്. അല്‍പ്പസമയത്തിനുശേഷം സ്ത്രീകള്‍ പ്രതിഷേധവും മറുപടിയുമായി എഴുന്നേറ്റപ്പോള്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ മന്ത്രിയുടെ കയ്യില്‍നിന്നും മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. യോഗം സംഘര്‍ഷത്തിന്റെ വക്കിലെത്തിയപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ യോഗം ബഹിഷ്ക്കരിക്കുകയും ചെയ്തു. ഇതിനിടയില്‍ കെ.വി.തോമസിന്റെ അനുയായികള്‍ മന്ത്രി നടത്തിയ പെരുമാറ്റത്തെക്കുറിച്ച് അദ്ദേഹത്തെ ഫോണില്‍ വിവരം ധരിപ്പിച്ചു. ചിലര്‍ പരസ്യമായി മന്ത്രി ബാബു കെ.വി.തോമസിനെ തോല്‍പ്പിക്കുന്നതിന് ശ്രമം നടത്തുകയാണെന്നും ആക്ഷേപം ഉന്നയിച്ചു.
മന്ത്രിയും സ്ത്രീകളുമായി നടന്ന വാക്കുതര്‍ക്കം അസഭ്യവര്ഷത്തിലെത്തിയത് ചിലരെ ചൊടിപ്പിച്ചു. ഇവര്ക്കുനേരെയും മന്ത്രി തട്ടിക്കയറിയതായും പറയുന്നു. കെ.വി.തോമസ് സ്ത്രീകളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇവര്‍ തങ്ങളുടെ പ്രതിഷേധത്തില്‍ ഉറച്ചുനില്‍ക്കുന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: