കൊച്ചി: പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളുമായി ഇക്കുറിയും എത്തുന്ന കെ.വി.തോമസ്സിന്റെ മുന്നിലേക്ക് പ്രതിഷേധവുമായി് എത്തുന്നത് എന്‍എച്ച്17ന് വേണ്ടി സ്ഥലം വിട്ടുകൊടുത്ത് കെണിയിലായവരാണ്. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി സ്ഥലം വിട്ടു കൊടുത്ത് ബാക്കി സ്ഥലത്ത് കൂരകൂട്ടി കഴിയുന്നവര്‍ക്ക് വളരെ തുച്ഛമായ തുകയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. ഇതില്‍ ഏറെയും മൂന്നും നാലും സെന്റ് സ്ഥലം വീതമുള്ളവരാണ്.
ഏകദേശം 3000ത്തിലധികം കുടുംബങ്ങളാണ് ഇത്തരത്തില്‍ എറണാകുളത്ത് മാത്രം ഭൂമി വിട്ടു നല്‍കിയിട്ടുള്ളത്. 30 മീറ്റര്‍ വീതിയില്‍ ദേശീയപാത17 വികസിപ്പിക്കുന്നതിന്റെ ഭാഗമായി മൂത്തകുന്നം മുതല്‍ ഇടപ്പള്ളിവരെയുള്ള 25കിലോമീറ്റര്‍ ദൂരത്ത് അനേകം കുടുംബങ്ങളുടെ സ്ഥലമാണ് ഏറ്റെടുത്തത്.
ചേരാനല്ലൂര്‍, കൂനമ്മാവ്, ചെറിയപ്പിള്ളി, നോര്‍ത്ത് പറവൂര്‍, ചിറ്റാറ്റുകര തൂടങ്ങി ജില്ലയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഇതിന്റെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. ദേശീയപാത വികസനം 45മീറ്ററാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. 30മീറ്റര്‍ വീതിയില്‍ നാലുവരിപാത എന്ന കേരള സര്‍ക്കാര്‍ നിര്‍ദ്ദേശം ദേശീയ ദേശീയപാത അതോറിറ്റി(എന്‍എച്ച്എഐ) നിരസിച്ചു. ഇതോടെ കൂടുതല്‍ ഭൂമി നഷ്ടമാകുന്ന അവസ്ഥയായി. എന്‍എച്ച് 17 വികസനത്തിന്റെ പേരില്‍ ഭൂമി നഷ്ടപ്പെടുന്നവരെ സംരക്ഷിക്കുമെന്ന കെ.വി.തോമസിന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദനം പാഴ്മൊഴിയായി.
കേന്ദ്രനിയമം 45 മീറ്ററില്‍ ദേശീയപാത നിര്‍മിക്കാനാണെന്നും അത് ഇവിടെയും വേണ്ടിവരുമെന്നും ഉള്ള കെ വി തോമസിന്റെ പ്രസ്താവന ജനങ്ങളെ കൂടുതല്‍ രോഷാകുലരാക്കുകയാണ് ചെയ്തത്്. ഇതോടെ ഉള്ള കിടപ്പാടം കൂടി നഷ്ടമാകും എന്ന ഭയത്തിലാണ് ഇവിടുത്തെ ജനങ്ങള്‍. പല പ്രക്ഷോഭങ്ങളും നടത്തിയിട്ടും പ്രയോജനം കാണുന്നില്ല. എന്‍എച്ച്17 കടന്നു പോകുന്ന മറ്റു പല സ്ഥലങ്ങളിലും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളിലൂടെ ദേശീയ പാതയുടെ വീതി 30മീറ്ററായി ചുരുക്കിയിട്ടും എറണാകുളത്ത് മാത്രം എന്തൂകൊണ്ട് അവഗണന എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനെതിരെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിഷേധ വോട്ടിലൂടെയും ബഹിഷ്കരണത്തിലൂടെ പ്രതികരിക്കുമെന്നാണ് ദേശീയ പാത വികസനത്തിന് ഇരയായവരുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: