കൊച്ചി: വ്യവസായ നഗരമായ കൊച്ചി സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിലെ ജനങ്ങള്‍ക്കു ഇറക്കുമതിയെന്ന വാക്ക് അപരിചിതമൊന്നുമല്ല. ജില്ലയുടെ വ്യവസായ മേഘലയില്നിന്നു അവര്‍ ദിവസേന കേള്‍ക്കുന്ന വാക്കു തന്നെയാണിത്. പക്ഷെ കഴിഞ്ഞ രണ്ടു മൂന്നു ആഴ്ചകള്‍ക്കു മുമ്പുതൊട്ട്് ഈ വാക്ക് ജില്ലയുടെ രാഷ്ട്രീയ മണ്ഡലത്തില്‍നിന്നും കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഭൂരിപക്ഷം പേരുടെയും മനസില്‍ ഒരു സന്ദേഹമുണ്ടായിരുന്നു. ഇറക്കുമതിയും രാഷ്ട്രീയവും തമ്മിലെന്തു ബന്ധം എന്ന്. എന്നാല്‍ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥനെ സിപിഎം എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായി പ്രഖ്യാപിച്ചപ്പോള്‍ എല്ലാവര്ക്കും ബോധ്യമായി രാഷ്ട്രീയത്തിലും ഇറക്കുമതിയാവാമെന്ന്. തെരഞ്ഞെടുപ്പിനു ഇനി ഇരുപതു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എറണാകുളം ചൂടോടെ ചര്‍ച്ച ചെയ്യുന്നതും ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന ഇറക്കുമതി സ്ഥാനാര്‍ത്ഥിയെക്കുറിച്ചു തന്നെ.
കേരളത്തില്‍ സിപിഎമ്മിനുവേണ്ടി ത്യാഗ പൂര്‍ണമായ ജീവിതം നയിച്ചതുകൊണ്ടല്ല സിപിഎം എറണാകുളത്തു ലത്തീന്‍ വിഭാഗത്തില്്പ്പെട്ട ക്രിസ്റ്റി ഫെര്‍ണാണ്ടസിനു സീറ്റു നല്‍കിയതെന്നു വ്യക്തം. പകരം എറണാകുളത്തെ നാല്പത്തിയഞ്ചു ശതമാനം വരുന്ന ലത്തീന്‍ കത്തോലിക്കരുടെ വോട്ടില്‍ കണ്ണുവച്ചെന്നു സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസിലാക്കാം. താന്‍ എറണാകുളത്തെ സ്ഥാനാര്‍ഥിയാകുമെന്നു ചെറിയൊരു സൂചന കിട്ടിയപ്പോള്‍ തന്നെ ക്രിസ്റ്റി ഫെര്‍ണാണ്ടസ് കര്‍ദിനാളിനെ സന്ദര്‍ശിച്ചതു ഇതു വ്യക്തമാക്കുകയും ചെയ്തു. ജാതി-മത സമവാക്യങ്ങള്‍ക്കു അപ്പുറമാണ് തങ്ങളെന്നു അവകാശപ്പെടുന്ന സിപിഎം ഇത്തരത്തിലൊരു തീരുമാനമെടുത്തതു അണികളെയും സിപിഎം ജില്ലാ നേതൃത്വത്തെയും ഒരു പോലെ ആശയക്കുഴപ്പത്തിലാക്കി. പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം അദ്ധ്വാനിച്ചവരെ തഴഞ്ഞുകൊണ്ടു എടുത്ത തീരുമാനത്തെ ജില്ലാ നേതൃത്വം എതിര്‍ത്തെങ്കിലും അതു അവഗണിച്ചുകൊണ്ടു സിപിഎം സംസ്ഥാന നേതൃത്വം ക്രിസ്റ്റി ഫെര്‍ണാണ്ടസെന്ന അപരിചിതനെ മണ്ഡലത്തിനുമേല്‍ കെട്ടിയേല്‍പ്പിച്ചു.
ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചു ഒരുപാടു ആക്ഷേപങ്ങള്‍ മണ്ഡലത്തില്‍ ഉയരുന്നുണ്ട്. എറണാകുളത്തെ ഒരു പ്രമുഖ വ്യവസായി ക്രസ്റ്റിക്കുവേണ്ടി സീറ്റ് വിലക്കുവാങ്ങിയെന്നതാണു അതില്‍ പ്രധാനം. മത്സരിക്കാന്‍ താത്പര്യമുണ്ടെന്നു ഈ വ്യവസായി വഴി ക്രസ്റ്റി ഫെര്‍ണാണ്ടസ് സിപിഎമ്മിനെ അറിയിക്കുകയായിരുന്നുവെന്നാണു സൂചനകള്‍. ലാവ്ലിന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ രക്ഷിക്കാന്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ് എംപിക്കും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതനും പുറമേ ക്രിസ്റ്റി ഫെര്‍ണാണ്ടസും ചരടുവലികള്‍ നടത്തിയിരുന്നതായി ആരോപണങ്ങളുണ്ട്. ഇതിന്റെ പ്രത്യുപകാരമാണു സീറ്റെന്നും പറയപ്പെടുന്നു. മണ്ഡലത്തില്‍ സുപരിചിതനായ കെ. ചന്ദ്രന്പിള്ളയായിരുന്നു സ്ഥാനാര്‍ഥിയുടെ സ്ഥാനത്തു ജില്ലാ നേതൃത്വത്തിന്റെ മനസില്‍.
ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ ഉന്നത ബന്ധങ്ങളെക്കുറിച്ചു ഒരു വശത്തു ആക്ഷേപങ്ങളുയരുമ്പോള്‍ അദ്ദേഹത്തിന്റെ ഔദ്യേഗിക ജീവിതവും കളങ്കിതമായിരുന്നുവെന്നു ചില കോണുകളില്‍നിന്നു വിമര്‍ശനങ്ങള്‍ ഉയരുന്നു. 2012ലാണു ക്രസ്റ്റി ഫെര്‍ണാണ്ടസ് വിരമിക്കുന്നത്. ഇതിനു തൊട്ടുമുമ്പുള്ള അഞ്ചുവര്ഷക്കാലമായിരുന്നു അദ്ദേഹം രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ഇക്കാലത്തു 205 കോടി രുപ സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവഴിച്ചു പ്രതിഭാ പാട്ടീല്‍ പല വിദേശയാത്രകള്‍ നടത്തിയത് വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. ഈ വിദേശയാത്രകള്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ താത്പര്യപ്രകാരമായിരുന്നുവെന്ന ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. 1997 മുതല്‍ 2002 വരെ ക്രിസ്റ്റി ഫെര്‍ണാണ്ടസ് കേരളത്തിലെ കയര്‍ ബോര്‍ഡ് ചെയര്‍മാനായിരുന്ന സമയം ബോര്‍ഡിന്റെ സുവര്‍ണ കാലഘട്ടമെന്നാണു സിപിഎം ഇപ്പോള്‍ കൊട്ടിഘോഷിക്കുന്നത്. എന്നാല്‍ ഈ സമയത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഉത്പാദനം നടത്തുന്ന ആലപ്പുഴ ജില്ലയിലേക്കു ക്രസ്റ്റി ഫെര്‍ണാണ്ടസ് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന ഒരു വാദവും ഉണ്ട്. കെ.വി. തോമസിന്റെ മസനസാക്ഷി സൂക്ഷിപ്പുകാരനായ ക്രിസ്റ്റിക്കു കോണ്‍ഗ്രസ് നേതൃത്വവുമായും അടുത്ത ബന്ധമുള്ളതായി പറയപ്പെടുന്നു. ഈ അടുപ്പം മുതലാക്കി കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ശ്രമം നടത്തിയതായും രാഷ്ട്രീയ പ്രവര്‍ത്തകര്‍ അടക്കം പറയുന്നുണ്ട്.
ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ സിപിഎം പരിചയപ്പെടുത്തിയപ്പോള്‍ തന്നെ അതാരാണെന്ന ചോദ്യമായിരുന്നു എറണാകുളത്തെ സാധാരണ വോട്ടര്‍മാരുടെ മനസില്‍. ജനത്തിന്റെ ഈയൊരു ചോദ്യം ജില്ലയിലെ എല്‍ഡിഎഫിലെ നേതാക്കന്മാരുടെയും അണികളുടെയും മനസില്‍ ഒരുപാടു സംശയങ്ങള്‍ക്കു ഇടനല്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും പതിനായിരം വോട്ടുകള്‍ക്കാണു എല്‍ഡിഎഫിലെ കെ.വി. തോമസ് വിജയിക്കുന്നത്. പക്ഷേ അന്നു ഇടതു പക്ഷ രാഷ്ട്രീയത്തില്‍ സിന്ധുജോയി അന്നു സജീവമായിരുന്ന സിന്ധുജോയിയാരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 1984 മുതല്‍ പാര്‍ലമെന്റ് പരിചയമുള്ള കെ.വി. തോമസിനെ എതിരിടാന്‍ സുപരിചിതനല്ലാത്ത ക്രിസ്റ്റി ഫെര്‍ണാണ്ടസ് മതിയോയെന്നു ആശങ്കയുണ്ട്. പ്രത്യേകിച്ചും വിഎസ്-പിണറായി പക്ഷങ്ങള്‍ തമ്മിലുള്ള വിഭാഗീയത കൊടുകുത്തി വാഴുന്ന എറണാകുളത്ത്. വിഎസ് പക്ഷക്കാരായ എസ്. ശര്‍മയും കെ. ചന്ദ്രന്‍പിള്ളയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമല്ലാത്തതു ഇതു ശരിവയ്ക്കുന്നു. സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്താന്‍ സിപിഎം അമേരിക്കന്‍ മോഡലില്‍ മീറ്റ് ദി ക്രിസ്റ്റിയെന്ന മുഖുമുഖം പരിപാടി സംഘടിപ്പിച്ചതും ജനങ്ങളിന്നുവരെ കേട്ടിട്ടില്ലാത്തയാളെന്ന വിമര്‍ശനത്തെ മറികടക്കാനായിരുന്നു. എല്‍ഡിഎഫ് പാര്‍ലമെന്‍് മണ്ഡലം കണ്‍വന്‍ഷനു മുമ്പുതന്നെ ഇത്തരമൊന്നു സംഘടിപ്പിച്ചതു എല്‍ഡിഎഫിന്റെ പരാജയഭീതി മൂലമായിരുന്നു. മുഖാമുഖം പാര്‍ലമെന്റ് മുതല്‍ താഴേത്തട്ടിലോട്ട് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ ജനപങ്കാളിത്തം കുറഞ്ഞതും എല്‍ഡിഎഫിന്റെ ഹൃദയമിടിപ്പ് കൂട്ടുന്നു. ക്രിസ്റ്റിയോടു ജനങ്ങള്‍ കാര്യമായി പ്രതികരിക്കുന്നില്ലെന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തുറന്ന വെബ്സൈറ്റിലെ ചിത്രങ്ങളും പറയുന്നു. എന്തായാലും ഇല്ലാത്ത വലിപ്പം പറഞ്ഞ് ക്രിസ്റ്റിയെ മത്സരിപ്പിച്ചത് വേലിയേലിരുന്ന പാമ്പിനെ എടുത്ത് തോളത്തു വച്ചതിനു തുല്യമായിയെന്നു സിപിഎം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
അനീഷ് ചെറുവള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: