കൊച്ചി: ഓരോ മൂന്നുമാസം കൂടുമ്പോഴും വാര്‍ഡ്സഭ വിളിക്കണമെന്ന ചട്ടം കൊച്ചി നഗരസഭയിലെ പല കൗണ്‍സിലര്‍മാരും ലംഘിച്ചതായി വിവരം. ഓരോ കൗണ്‍സിലറും 12 തവണ വാര്‍ഡു സഭ ചെരേണ്ട സ്ഥാനത്ത് പകുതിയിലേറെ പേരും അതില്‍ താഴെ മാത്രമാണ് സഭ വിളിച്ചിരിക്കുന്നത്. അഡ്വ. ഡി.ബി. ബിനു സമര്‍പ്പിച്ച അപേക്ഷയിലാണ് ഈ വിവരങ്ങള്‍ നഗരസഭ അധികൃതര്‍ നല്‍കിയത്. മേയര്‍ ടോണി ചമ്മണി തന്റെ ഡിവിഷനില്‍ 11 വാര്ഡ്സഭകളാണ് ആകെ വിളിച്ചിട്ടുള്ളത്. 74 കൗണ്‍സിലര്‍മാരില്‍ 44 പേര് 12 ല്‍ താഴെമാത്രമാണ് വാര്‍ഡ്സഭ വിളിച്ചിട്ടുള്ളത്. വാര്‍ഡ്സഭ വിളിച്ചുകൂട്ടിയില്ലെങ്കില് കൗണ്‍സിലര്‍ക്കെതിരേ ഡിവിഷനിലെ വോട്ടര്‍ക്കോ മറ്റേതെങ്കിലും കൗണ്‍സിലര്‍ക്കോ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കാം. തുടര്‍ച്ചയായി രണ്ടുതവണ വീഴ്ച വരുത്തിയ കൗണ്‍സിലറെ അയോഗ്യരാക്കാന്‍ കമ്മിഷന് അധികാരമുണ്ട്. വിവരാവകാശ നിയമപ്രകാരം ആദ്യം നല്കിയ അപേക്ഷയില്‍ നഗരസഭ മറുപടി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് സേവനത്തില്‍ ന്യൂനത ചുണ്ടിക്കാട്ടി ഉപഭോക്തൃ ഫോറത്തില്‍ അഡ്വ. ബിനു പരാതി നല്‍കിയിരുന്നു. ഇതില്‍ പരാതിക്കാരന് 6000 രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ പകര്‍പ്പു സഹിതം വീണ്ടും അപേക്ഷ നല്‍കിയപ്പോഴാണ് മറുപടി ലഭിച്ചത്. നഗരസഭ നല്കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതായി അഡ്വ. ബിനു പറഞ്ഞു.
16 പ്രാവശ്യം സഭകള്‍ വിളിച്ചു ചേര്‍ത്ത് ഏഴാം ഡിവിഷനിലെ ബിജെപി കൗണ്‍സിലര്‍ ശ്യാമള എസ്. പ്രഭുവാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും കുറവ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും മുന്‍ മേയറുമായ കെ.ജെ. സോഹനും. ഏഴു പ്രാവശ്യമാണ് അദ്ദേഹം സഭ വിളിച്ചു ചേര്‍ത്തത്. പതിനാല് കൗണ്‍സിലര്‍മാര്‍ എത്ര വാര്‍ഡ് സഭ വിളിച്ചു ചേര്‍ത്തു എന്നതിന് നഗര സഭയുടെ പക്കല്‍ യാതൊരു കണക്കുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: