ധര്‍മ്മപുരി: മന്ത്രി പളനിയപ്പന് ഇതൊന്നും പുത്തരിയല്ല. നാട്ടുകാര്‍ക്ക് നോട്ടുകെട്ടുകള്‍ കൊടുത്തും കണ്ണുരുട്ടിക്കാട്ടിയും വിരട്ടിയുമൊക്കെ തന്നെയാണ് പണ്ടും വോട്ടുപിടിച്ചിരുന്നത്. പക്ഷേ, ഇക്കുറി അതല്‍പ്പം കടന്നുപോയി. പരസ്യമായി പണക്കെട്ടുകള്‍വച്ചു നീട്ടിയത് പത്രക്കാര്‍ക്ക് നേരെ. സംഭവം വിവാദമായപ്പോള്‍ പളനിയപ്പന്‍ വിളറിവെളുത്തുപോയി.
തമിഴ്‌നാട്ടിലെ ലോക്സഭാ മണ്ഡലങ്ങളിലൊന്നായ ധര്‍മ്മപുരിയിലാണ് സംഭവം. സ്വന്തം പാര്‍ട്ടിയും ഭരണ കക്ഷിയുമായ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി പി.എസ്. മോഹനന് ഊര്‍ജ്ജം പകരാന്‍ ഇലക്ഷന്‍ ഓഫീസില്‍ എത്തിയതായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. പളനിയപ്പന്‍. അണികളോടു കുശലംപറഞ്ഞശേഷം പളനിയപ്പന്‍ പത്ര സമ്മേളനം വിളിച്ചുകൂട്ടി. ജയലളിത സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വാതോരാതെ വിളമ്പി. പിന്നെ മാധ്യമ റിപ്പോര്‍ട്ടര്‍ക്ക് ഓരോരുത്തര്‍ക്കും ആയിരം രൂപ വീതവും പാരിതോഷികവും നല്‍കി. പളനിയപ്പന്റെ പേഴ്സണല്‍ സ്റ്റാഫുകളില്‍ ഒരാളാണ് പണം വിതരണം ചെയ്തത്.
മന്ത്രി നല്‍കിയത് കൈക്കൂലിയാണ്. ഗുരുതരമായ ഈ ചട്ടലംഘനത്തിനെതിരെ നടപടിയെടുക്കുമെന്നും തമിഴ്‌നാട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.
















