പെരുമ്പാവൂര്‍: പാണിയേലി പോരിലേക്ക് സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിപ്പിച്ചു. ചൊവ്വാഴ്ച മുതല്‍ ഇവിടേക്ക് പഴയതുപോലെ വിനോദ സഞ്ചാരികള്‍ എത്തിതുടങ്ങി. എന്നാല്‍ ഇനി മുതല്‍ ഇവിടയെത്തുന്ന സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച നടന്ന അടിയന്തര യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
കഴിഞ്ഞ 13-ന് പാണിയേലി പോരില്‍ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടേക്കുള്ള സഞ്ചാരികളുടെ വരവിന് വിലക്കേര്‍പ്പെടുത്തിയത്. മലയാറ്റൂര്‍ ഡിഎഫ്ഒ ആണ് ഉത്തരവിട്ടത്. ഈ തീരുമാനത്തിനെതിരെ ജനപ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ചൊവ്വാഴ്ച അടിയന്തര യോഗം ചേര്‍ന്നത്.
സാജുപോള്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും, എക്സൈസ്, പോലീസ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരും, വനസംരക്ഷണസമതി, നാട്ടുകാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. എല്ല ദിവസവും വൈകുന്നേരം 5-ന് ശേഷം സന്ദര്‍ശകര്‍ക്ക് പ്രവേശനം കര്‍ശനമായി നിരോധിക്കും. ഗൈഡുമാരും വനംവകുപ്പ് അധികൃതരും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ സഞ്ചാരികള്‍ കര്‍ശനമായി പാലിക്കണം.
പാണിയേലി പോരിലേക്ക് എത്തുന്ന യുവാക്കളില്‍ ഭൂരിഭാഗവും പേര് മദ്യവുമായാണ് വരുന്നത്. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും ഇത്തരക്കാര്‍ അടിവസ്ത്രത്തിന് ഉള്ളില്‍ വച്ചും ചോറു പൊതികളില്‍ ഒളിപ്പിച്ചും ഇവിടേക്ക് മദ്യമായെത്തുന്നവര് നിരവധിയാണ്. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിനാണ് എംഎല്‍എ അടക്കമുള്ളവര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഇനി മുതല്‍ പാണിയേലി പുഴയില്‍ നിയന്ത്രിത മേഖലകള്‍ പ്രത്യേകം അടയാളപ്പെടുത്തും. ഇത് ലംഘിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഉദ്യോഗസ്ഥരും, ഗൈഡുമാരും സഞ്ചാരികള്‍ക്കൊപ്പം ചേര്‍ന്ന് മദ്യപിക്കുന്നതായും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങള്‍ കര്‍ശനമായി പരിശോധിക്കുമെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്.
ചൊവ്വാഴ്ച രാവിലെ പാണിയേലി പോരിന് ചേര്‍ന്നുള്ള വനം വകുപ്പ് ഓഫീസില്‍ നടന്ന പ്രത്യേക യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി വാസു, റെയ്ഞ്ച് ഓഫീസര്‍ ഉണ്ണികൃഷ്ണന്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അജയകുമാര്‍, വനസംരക്ഷണസമിതി പ്രസിഡന്റ് ബെന്നി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: