പരമമായ അദ്വൈതസത്യമാകുന്ന ആത്മാവിനെ ഓങ്കാരം പ്രതിനിധീകരിക്കുന്നു. ഈ ആത്മാവ് ജാഗ്രത് സ്വപ്നസുഷുപ്തിതുരീയാവസ്ഥകളില് വര്‍ത്തിക്കുന്നു. ഈ നാലവസ്ഥകള്ക്കും ഓംകാരത്തിലെ മൂന്നു സ്വരങ്ങളും അവയെ തുടര്‍ന്നുള്ളതും അവയെത്തന്നെ ആഗരണം ചെയ്തുനില്ക്കുന്നതുമായ നിശബ്ദത (അര്‍ധമാത്ര)യും പ്രതിനിധീഭവിക്കുന്നു.
‘അ’കാരം ജാഗ്രദവസ്ഥയെയും ‘ഉ’ കാരം സ്വപ്നാവസ്ഥയെയും ‘മ’ കാരം സുഷുപ്ത്യവസ്ഥയെയും പ്രതിനിധീകരിക്കുന്നു. ‘അ’ കാരണമാണ് എല്ലാറ്റിനും മീതെയുള്ള ജാഗ്രദവസ്ഥ; കാരണം, ബോധത്തിന്റെ മൂന്ന് അവസ്ഥകളില്‍ അതാണ് ആദ്യത്തേത്. അതുകൊണ്ടുതന്നെയാണ് സകല ഭാഷകളിലുമുള്ള അക്ഷരമാലയുടെ ആദ്യാക്ഷരം അതായിരിക്കുന്നത്. ജാഗ്രദവസ്ഥയില്‍ മാനസതടാകത്തിന്റെ ഉപരിവശത്ത് പ്രതിബിംബിച്ച സംസ്കാരവിശേഷങ്ങളുടെ കാഴ്ചമാത്രമാണ് ‘സ്വപ്നം’ സ്വപ്നാവസ്ഥ ജാഗ്രദവസ്ഥയുടെയും സുഷുപ്ത്യവസ്ഥയുടെയും മധ്യത്തില്‍ ഉള്ളതും ബോധത്തിന്റെ മൂന്നവസ്ഥകളില്‍ രണ്ടാമത്തേതുമാണ്. അതുകൊണ്ട് ‘ഉ’ കാരം ശബ്ദക്രമത്തില് ‘അ’ കാരത്തിനുശേഷം വരുന്നതും ‘അ’ കാരത്തിനും ‘മ’കാരത്തിനും മധ്യത്തിലിരിക്കുന്നതും സ്വപ്നാവസ്ഥയെ പ്രതിനിധീകരിക്കുന്നതുമാണ്. ഓംകാരത്തിലെ ‘മ’ കാരത്തിലാണ് സുഷുപ്ത്യവസ്ഥ നിലകൊള്ളുന്നത്. സുഷുപ്തി മനസ്സിന്റെ ശാന്തമായ അന്തിമാവസ്ഥയാണെന്നതുപോലെ ‘മ’ കാരവും ഓംകാരത്തിലെ അന്തിമാക്ഷരമാണ്. തുടര്‍ച്ചയായി ഉച്ചരിക്കപ്പെടുന്ന രണ്ട് ഓംകാരങ്ങളുടെ മധ്യത്തില്‍ നിശബ്ദതാഗര്ഭമായ ഇടക്കാലം കൂടിയേ കഴിയൂ. ഈ നിശബ്ദതയിലാണ് ‘തുരീയം’ എന്നുപറയപ്പെടുന്ന നാലാമത്തെ അവസ്ഥയുടെ ആശയം ഉപവേശിക്കപ്പെട്ടിരിക്കുന്നത്. ഓംകാരത്തില്‍ ‘അ’കാരവും ‘ഉ’കാരവും ‘മ’ കാരവുമാകുന്ന ശബ്ദങ്ങള്‍ ‘മന്ത്രങ്ങള്‍’ അഥവാ ‘രൂപങ്ങള്‍’ എന്നുവിളിക്കപ്പെടുന്നു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: