ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് പോസ്റ്റര്‍ യുദ്ധം ചൂടുപിടിക്കുന്നു. സ്വന്തം നേട്ടങ്ങളും എതിരാളികളുടെ കോട്ടങ്ങളും പിഴവുകളും വിളിച്ചോതുന്ന കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളും നെടുനീളന്‍ ബാനറുകളും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ നഗരത്തിന്റെ പലയിടങ്ങളിലും ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. ബിജെപിയും കോണ്‍ഗ്രസും പുത്തന്‍കൂറ്റുകാരായ ആംആദ്മി പാര്‍ട്ടിയെ വിമര്‍ശിക്കുന്നതിനുള്ള നല്ല വഴിയായി പോസ്റ്ററുകളെ തെരഞ്ഞെടുത്തിരിക്കുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഭരണനേട്ടം ഏറെയുണ്ടാക്കിയെന്നാണ് പരസ്യബോര്‍ഡുകളിലൂടെ എഎപി അവകാശപ്പെടുന്നത്. യഥാര്‍ത്ഥ മത്സരം തങ്ങള്‍ തമ്മിലാണെന്ന തിരിച്ചറിവ് പരസ്പരം പോസ്റ്റര്‍ അങ്കത്തിലേര്പ്പെടാന് ബിജെപിയെയും കോണ്‍ഗ്രസിനെയും പ്രേരിപ്പിച്ചിട്ടുണ്ട്. ദേശീയ പ്രധാന്യമുള്ള വിഷയങ്ങളിലൂന്നിയാണ് ഇരുവരുടെയും മല്ലിടല്‍.
മുഖ്യമന്ത്രിസ്ഥാനത്തിരിക്കെ അരവിന്ദ് കെജ്രിവാള് നടത്തിയ അരാജകവാദാനുകൂല പ്രസ്താവനകള്‍ എഎപിക്കെതിരെ പ്രയോഗിക്കാന്‍ മൂര്‍ച്ചയുള്ള ആയുധങ്ങളാണ് ബിജെപിക്കും കോണ്‍ഗ്രസിനും നല്‍കിയിരിക്കുന്നത്. ഇരുപാര്‍ട്ടികളും അതു നല്ല രീതിയില്‍ പ്രയോഗിക്കുന്നുമുണ്ട്. ദല്‍ഹിക്ക് പരിചയ സമ്പത്താണ് ആവശ്യം പരീക്ഷണമല്ലെന്ന് എഴുതിയ ഫ്ലക്സുകളിലൂടെ ആംആദ്മി പാര്‍ട്ടിയെ ബിജെപി കുത്തിനോവിക്കുന്നു. ‘അരജാകത്വമല്ല സദ്ഭരണം’ എന്ന കോണ്‍ഗ്രസിന്റെ വാക്യവും ലക്ഷ്യമിടുന്നത് മറ്റാരെയുമല്ല. എഎപിയെ നുണയന്മാരുടെ തട്ടകമായി ചിത്രീകരിക്കുന്ന ബാനറുകളും ഹോര്‍ഡിങ്ങ്സുകളും ഏറെയുണ്ട്.
ഷീലാ ദീക്ഷിത്തിന്റെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യംകുറിച്ച് അധികാരംകൈയാളിയ ചെറിയ കാലയളവിനുള്ളില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ എടുത്തെന്നാണ് എഎപിയുടെ വാദം.കിഴക്കന്‍ ദല്‍ഹിയില്‍ എഎപി കെട്ടിയിട്ടുള്ള ബാനറുകള്‍ ബാരാപുള്ള ഫ്ലൈ ഓവറിനെപ്പറ്റി പറയുന്നു.മധ്യവര്‍ഗത്തിന്റെ താവളമായ കിഴക്കന്‍ ദല്‍ഹിയെ തെക്കന്‍ ദല്‍ഹിയുമായി ബന്ധിപ്പിക്കാന്‍ സഹായകമായ രീതിയില്‍ യമുനാ നദിയുടെ കുറുകെയുള്ള പാലത്തിന്റെ നീളം വര്‍ധിപ്പിച്ചതിന്റെ ക്രഡിറ്റ് എഎപി അവയിലൂടെ അടിവരയിടുന്നു. ചില്ലറവ്യാപാര രംഗത്തെ വിദേശനിക്ഷേപം അവസാനിപ്പിച്ചതിലൂടെ വ്യാപാരികളെ സഹായിച്ചെന്ന കാര്യവും എഎപിയുടെ ഫ്ലെക്സുള് വിളിച്ചുപറയുന്നുണ്ട്.
സിഖ് വിരുദ്ധ കലാപം സംബന്ധിച്ച വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിനു നേരെ ചെരിപ്പെറിഞ്ഞ ജര്ണെയ്ല് സിങ്ങിന് വോട്ടുചോദിക്കുന്ന പ്രചാരണ ബോര്‍ഡുകളും എഎപി സ്ഥാപിച്ചവയില്പ്പെടുന്നു. കോണ്ഗ്രസിനിട്ടുള്ള തട്ടാണതെന്നതില് സംശയമില്ല. ‘എഎപിയുടെ കളവുകള്‍’ എന്നെഴുതിയ പോസ്റ്ററുകള്‍ നഗരത്തില്‍ പലയിടത്തും കാണാം. ബിജെപിയും കോണ്‍ഗ്രസും അവയുടെ അവകാശികളാണ്. പിന്തിരിഞ്ഞോടുന്നവരും അസത്യം പ്രചരിപ്പിക്കുന്നവരുമാണ് എഎപിക്കാര് എന്നു ചില പ്രചരണ ബോര്‍ഡുകളിലെ വാചകങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: