നിത്യപാരായണം 408-ാം ദിവസം
ഏഷാ ഗുണമയീ മായാ ദുര്‍ബോധേന ദുരത്യയാ
നിത്യം സത്യാവബോധേന സുഖേനൈവാതിവാഹ്യതേ
ദശരഥരാജാവ് ചോദിച്ചു: മഹര്‍ഷേ, പറഞ്ഞാലും, ആ സന്ന്യാസി എവിടെയാണ് ധ്യാനത്തില്‍ ഇരിക്കുന്നത്? ഞാനിപ്പോള്‍ത്തന്നെ നമ്മുടെ സൈന്യത്തെ വിട്ട് അദ്ദേഹത്തെ ഇങ്ങോട്ട് വിളിച്ചുകൊണ്ടുവരാം.
വസിഷ്ഠന് പറഞ്ഞു: രാജാവേ, ആ സന്ന്യാസിയുടെ ശരീരം ചേതനയറ്റ് നിശ്ചലമായിക്കഴിഞ്ഞു. അതിനെ ഇനി ഉണര്‍ത്താന്‍ ആകില്ല. അദ്ദേഹത്തിന്റെ ജീവന് പ്രബുദ്ധതയെ പ്രാപിച്ച് മുക്തിപദം പൂകിക്കഴിഞ്ഞു.
അതിനെ ഇനി ഇഹലോകാനുഭവങ്ങളിലൂടെ വലിച്ചിഴയ്ക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാര് ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം വാതിലിനു പുറത്ത് വാതില്‍ തുറക്കാന്‍ മാസാവസാനമാകുന്നത് കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരാളെ അവരോധിച്ചതായും സ്വശരീരം ഉപേക്ഷിച്ചതായും അവര്‍ കാണും.
‘ഈ മായയെന്നത് ഭ്രമാത്മകമായ ലോകക്കാഴ്ചയാണ്. അത് പരിമിതങ്ങളായ ഗുണഗണങ്ങളോടു കൂടിയതാണ്. അജ്ഞാനത്തിന്റെ മാര്‍ഗത്തില്‍ (അവിദ്യാമാര്ഗത്തില്) ഈ മായയെ തരണം ചെയ്യുക അസാധ്യം. എന്നാല്‍ സത്യജ്ഞാനമാര്ഗേണ ഇത് സുസാധ്യമാണ് താനും’.
സ്വര്‍ണത്തില്‍ കൈവളയെക്കാണുന്നതാണ് തെറ്റിദ്ധാരണ. അത്തരം ധാരണകള്‍ ഉണ്ടാകുന്നത് വെറും കാഴ്ച്ചകളാലാണ്. മായ എന്നുപറയുന്നതെല്ലാം വെറും വാക്കുകളുടെ കസര്‍ത്താണ്. കടലലകള്‍ക്ക് കടലിനോടുള്ള ബന്ധമാണ് കാണപ്പെടുന്ന ലോകത്തിന് സത്യവുമായി ഉള്ളത്. സത്യദര്‍ശനം ഉണ്ടാകുമ്പോള്‍ അതുവരെ ഭ്രമാത്മകമായിരുന്ന പുറംകാഴ്ചയിലെ ‘ഭ്രമം’ ഇല്ലാതാകുന്നു. അജ്ഞാനം ഒന്നുകൊണ്ട് മാത്രമാണ് നീണ്ടൊരു സ്വപ്നദൃശ്യം മാത്രമായ ഈ ലോകം യാഥാര്‍ഥ്യമായി തോന്നുന്നത്. അതാണ് ജീവന്റെ ഉത്ഭവത്തിനു നിദാനം. ഈ സത്യം സാക്ഷാത്കരിക്കുമ്പോള്‍ എല്ലാമെല്ലാം ആത്മാവ് മാത്രമെന്ന് കാണാകുന്നു.
എന്തെല്ലാം ധാരണകള്‍ ആര് വച്ചുപുലര്‍ത്തിയാലും അതെല്ലാമായി പ്രകടമാകുന്നത് ആത്മാവ് തന്നെയാണ്. ഈ വിശ്വം എണ്ണമറ്റ വ്യക്തികളുടെ അത്തരത്തിലുള്ള ധാരണകളുടെ ഫലമായാണ് ഉണ്ടായിട്ടുള്ളത്. അതാണ് ഈ ലോകത്തെ നിലനിര്‍ത്തുന്നതും. ബ്രഹ്മാവിന്റെ സങ്കല്‍പ്പത്തില്‍ ആദ്യമായുണ്ടായ ധാരണയെ ജീവനുകള്‍ സത്യവസ്തുവായി അനുഭവിക്കാന്‍ തുടങ്ങി. എന്നാല്‍ ഈ ജീവന്മാരും ബോധനൈര്‍മ്മല്യം നേടി പ്രബുദ്ധരാവുമ്പോള്‍ ബ്രഹ്മബോധത്തില്‍ ഈ ദീര്‍ഘസ്വപ്നത്തിന്റെ യാഥാര്‍ഥ്യം തിരിച്ചറിയും.
വസ്തുധാരണകളാലാണ് മനസ്സുണ്ടാകുന്നതും അത് അനന്താവബോധത്തില്‍ നിന്നും താഴോട്ടു നിപതിക്കുന്നതും. പിന്നീടത് വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ കടന്നുപോകുന്നു.
എന്നാല്‍ ഈ മനസ്സ് പരമാത്മാവില്‍ നിന്നും വിഭിന്നമാണോ? പരമാത്മാവ് എന്ന് പറയുന്നതും മനസ്സ് തന്നെയല്ലേ? ജീവന്, ശരീരം, എന്നുവേണ്ട മറ്റുള്ളതെല്ലാം പരമാത്മാവിന്റെ പ്രതിഫലനങ്ങളോ കാഴ്ച്ചകളോ മാത്രമാണ്. എല്ലാ ചലനങ്ങളും അനന്താവബോധത്തിലാണ് നടക്കുന്നത്. അതെന്നും ‘അനന്തവും’ ‘ബോധവു’മാണ്. ചലനങ്ങളോ, സാങ്കല്പ്പികമായ വെറും ആവിഷ്കാരങ്ങള്‍ മാത്രം. അനന്താവബോധത്തില്‍ ചലനമോ ചലനരാഹിത്യമോ വാസ്തവത്തില്‍ ഇല്ല. അത് ഏകമോ അനേകമോ അല്ല. മാറ്റങ്ങള്‍ക്കു വിധേയമല്ലാതെ, അതെങ്ങനെയാണോ അതങ്ങനെത്തന്നെ നിലകൊള്ളുന്നു.
ഇനിയും ‘ഉണര്‍ച്ച’യെത്തിയിട്ടില്ലാത്ത ഒരു തലത്തില്‍ മാത്രമേ നാനാത്വമുള്ളു. അത് ആത്മാന്വേഷണത്തില്‍ ഇല്ലാതാകുന്നതുമാണ്. സംശയലേശമെന്യേ സാധകന് നിലകൊള്ളുന്ന അവസ്ഥ പരമമായ ഒന്നാണ്. ശാന്തിയാണ് ലോകമെന്നറിയപ്പെടുന്നത്. അതാണ് ലോകമെന്ന ഈ കാഴ്ച. അജ്ഞാനം എന്നത് അയാഥാര്‍ഥ്യമാണ്. ‘കാഴ്ചക്കാരനും, കാഴ്ചയും കാണലും’ എന്നീ ത്രിപുടികള്‍ ഇല്ലാത്തവയാണ്. മനസ്സ് ചന്ദ്രനില്‍ ഒരു കളങ്കം ആരോപിക്കുന്നു. എന്നാല്‍ അത് യഥാര്‍ഥത്തില്‍ ഇല്ലാത്തതാണ്. അനന്താവബോധത്തില്‍ ബോധം മാത്രമാണതിന്റെ ശരീരം, അല്ലെങ്കില്‍ മൂര്‍ത്തിമദ്ഭാവം.
വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ
വിവ: ഡോ. എ.പി.സുകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: